വിജയുടെ രാഷ്ട്രീയ പ്രവേശനം! സൂചന നല്‍കി പിതാവ് എസ് എ ചന്ദ്രശേഖര്‍
തമിഴകത്ത് എറ്റവും കൂടുതല്‍ ആരാധകരുളള സൂപ്പര്‍ താരമാണ് ദളപതി വിജയ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വിജയ് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. ആരാധകരുടെയും കൂടി പിന്തുണ കൊണ്ടാണ് തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടാണ് അടുത്തിടെ വിജയ് വാര്‍ത്തകളില്‍ നിറഞ്ഞത്. ദളപതിയുടെ എറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു സംഭവം.
ചോദ്യം ചെയ്യലിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയ താരത്തെ ഹര്‍ഷാരവങ്ങളോടയാണ് ആരാധകര്‍ സ്വീകരിച്ചത്. വിജയ്ക്ക് എതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട് എന്ന ആരോപണം ശക്തമായിരുന്നു. മുന്‍പ് വിജയ് ചിത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുളള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

സര്‍ക്കാര്‍, മെര്‍സല്‍ തുടങ്ങിയ സിനിമകളിലായിരുന്നു നടന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നത്. സാമുഹിക വിഷയങ്ങളിലുളള തന്റെ നിലപാട് സിനിമകളിലൂടെ അറിയിക്കുന്ന താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്താറുണ്ട്. കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങിയവര്‍ക്ക് പിന്നാലെ വിജയുടെ രാഷ്ട്രീയ പ്രവേശനവും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്.

വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകള്‍ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍ നല്‍കിയിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. വിജയ് ആര്‍ക്കും എതിരല്ല എന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ചില കാര്യങ്ങളെക്കുറിച്ചുളള സംശയങ്ങളും വിമര്‍ശനങ്ങളുമാണ് തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്നതെന്നും എസ് എ ചന്ദ്രശേഖര്‍ പറയുന്നു.

വിജയ് ദിനംപ്രതി വളരുകയാണ്. രാഷ്ട്രീയത്തി ലേക്ക് വരുന്നതും നേതാവാകുന്നതും തനിക്ക് സന്തോഷമുളള കാര്യമാണ്. എന്നാല്‍ എപ്പോള്‍ വരുമെന്നുളളതൊക്കെ വിജയ് ആണ് തീരുമാനിക്കേണ്ടത്. വിജയ് രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിച്ചാല്‍ അവന് വേണ്ടി താന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും ഒരച്ഛന്‍ എന്ന നിലയില്‍ അത് തന്റെ കടമായെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

ഒരാള്‍ തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നത് ജീവിതമല്ല എന്നും മറ്റുളളവര്‍ക്ക് കൂടി വേണ്ടി ജീവിക്കണമെന്നും അദ്ദേഹം പറയുന്നു. ഒരു സിനിമ നടന്‍ എന്ന നിലയില്‍ ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവര്‍ അതിന് ശ്രമിക്കണമെന്നും അത് രാഷ്ട്രീയക്കാരനായോ അല്ലാതെയോ ആവാമെന്നും അദ്ദേഹം പറഞ്ഞു. സിനിമാജീവിതം അവസാനിപ്പിച്ച ശേഷമാവാം വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്ന സൂചനയും പിതാവ് നല്‍കുന്നു.


Click it and Unblock the Notifications