'സമീറ റെഡ്ഡി സിനിമാരംഗത്ത് ഒരുപാട് അനുഭവിച്ചു; വെളിപ്പെടുത്തരുതെന്ന് പലരും ഫോൺ വിളിച്ച് കെഞ്ചി'
ശ്രദ്ധേയമായ ഒരുപിടി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സമീറ റെഡ്ഡി. തമിഴ്, തെലുങ്ക് സിനിമാ രംഗത്തും ബോളിവുഡിലും നടിക്ക് ഒരുപോലെ സാന്നിധ്യം അറിയിക്കാനായി. 2008 ൽ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയിലൂടെയാണ് സമീറ റെഡ്ഡിയെ ഇന്നും തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഓർക്കുന്നത്. സിനിമയിൽ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. സൂര്യയുടെ നായികയായി സമീറ മികച്ച പ്രകടനം സിനിമയിൽ കാഴ്ച വെച്ചു.
ബോളിവുഡിൽ റേസ്, വൺ ടൂ ത്രീ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ അഭിനയിച്ച സമീറയ്ക്ക് കരിയറിൽ എന്നും ഓർക്കാൻ പറ്റുന്ന സിനിമ വാരണ ആയിരം തന്നെയാണ്. ഇന്നും സമീറയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ വാരണം ആയിരം സിനിമയുടെ ആരാധകർ കമന്റുകളുമായെത്താറുണ്ട്. ബിസിനസുകാരനായ അക്ഷയ് വർദെയെയാണ് സമീറ വിവാഹം ചെയ്തത്. വിവാഹശേഷം നടി അഭിനയ രംഗത്ത് നിന്നും പിൻമാറി.
സമീറ റെഡ്ഡിയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. അരം നാട് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ ലോകത്ത് തുടക്കകാലത്ത് സമീറയ്ക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നെന്ന് ചെയ്യാറു ബാലു പറയുന്നു.

വിവാഹശേഷം അഭിനയിക്കാൻ സമീറ റെഡ്ഡിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. സിനിമാ ലോകത്ത് പല ബുദ്ധിമുട്ടുകളും സമീറയ്ക്ക് ഉണ്ടായിരുന്നു. ചില നടിമാർ ഇത് കാര്യമാക്കില്ല. എന്നാൽ സമീറയെ അത് ബാധിച്ചു. ഇതിനിടെയാണ് മീടു ചർച്ച നടക്കുന്നത്. അതോടെ നടി തുറന്ന് പറച്ചിലുകൾ നടത്തി. ആരൊക്കെ തന്നോട് മോശമായി പെരുമാറി, അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു തുടങ്ങി പല വെളിപ്പെടുത്തലുകളും സമീറ നടത്തി. അന്ന് പലരും സമീറയെ ഫോൺ ചെയ്ത് തങ്ങളെക്കുറിച്ച് പറയരുതെന്ന് കെഞ്ചിയെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.
അവരെ പേടിപ്പിക്കാൻ പറ്റില്ല. വളരെ ബോൾഡായ സ്ത്രീയാണ്. സിനിമാ രംഗം വിട്ടില്ലേ, ഇനിയും ഇത്തരം കാര്യങ്ങൾ തുറന്ന് പറയണോ എന്ന് വീട്ടുകാർ വരെ ചോദിച്ചു. എനിക്ക് സഹിക്കാൻ പറ്റുന്നില്ല, തുറന്ന് പറയണമെന്നാണ് അന്ന് സമീറ നൽകിയ മറുപടി. ഒരു നടൻ അവരെ വലിയ തോതിൽ ശല്യപ്പെടുത്തി. പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഇതേക്കുറിച്ചും സമീറ തുറന്ന് പറഞ്ഞിരുന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇതിനകം ചർച്ചയായിട്ടുണ്ട്.

മീടൂ മൂവ്മെന്റിനെ വലിയ തോതിൽ പിന്തുണച്ച നടിയാണ് സമീറ റെഡ്ഡി. സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പുറംലോകമറിയണമെന്ന് അഭിപ്രായപ്പെട്ട സമീറ തനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണമെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സമീറ റെഡ്ഡി അന്ന് അഭിപ്രായപ്പെട്ടു. 2002 ൽ മേനേ ദിൽ തുജ്കോ ദിയാ എന്ന സിനിമയിലൂടെയാണ് സമീറ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ബോളിവുഡിൽ നിലനിൽക്കാൻ താനേറെ ബുദ്ധിമുട്ടിയെന്ന് സമീറ നേരത്തെ തുറന്ന് പറഞ്ഞിരുന്നു.
നടിമാരെക്കുറിച്ചുള്ള സൗന്ദര്യ സങ്കൽപ്പങ്ങളുമായി ഒത്ത് പോവാൻ കഴിഞ്ഞില്ല. മിക്ക നടിമാരും പ്ലാസ്റ്റിക് സർജറികൾ ചെയ്തു. ഇത്തരം പ്രവണതകളോട് തനിക്ക് താൽപര്യം ഇല്ലായിരുന്നെന്നും സമീറ വ്യക്തമാക്കി. സിനിമകളിൽ നിന്ന് അകന്നെങ്കിലും സോഷ്യൽ മീഡിയയിൽ സമീറ റെഡ്ഡി ഇന്ന് താരമാണ്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സംസാരിച്ചാണ് സോഷ്യൽ മീഡിയയിൽ സമീറ ശ്രദ്ധ നേടുന്നത്.


Click it and Unblock the Notifications











