വാരണം ആയിരത്തെക്കുറിച്ച് പറഞ്ഞ് സമീറ റെഡ്ഡി! മേഘ്നയെന്നാണ് പലരും ഇന്നും വിളിക്കാറുള്ളത്!
സമീറ റെഡ്ഡിയെന്ന താരത്തെ ഓര്‍ക്കുമ്പോള്‍ വാരണം ആയിരമെന്ന ചിത്രവും ഓര്‍മ്മയിലെത്തും. 2008 ലായിരുന്നു ഈ റൊമാന്റിക് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യ നായകനായപ്പോള്‍ നായികമാരായി മൂന്നുപേരാണ് എത്തിയത്. സിമ്രാന്‍, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന എന്നിവരായിരുന്നു നായികമാരായത്. ഇരട്ട വേഷത്തിലായിരുന്നു സൂര്യ പ്രത്യക്ഷപ്പെട്ടത്. വേറിട്ട മേക്കോവറുമായി സൂര്യ എത്തിയപ്പോള്‍ ഗംഭീര പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. മേഘ്‌ന എന്ന കഥാപാത്രത്തെയായിരുന്നു സമീറ റെഡ്ഡി അവതരിപ്പിച്ചത്.
സൂര്യയുടെ കഥാപാത്രത്തിന് ആദ്യകാഴ്ചയില്‍ത്തന്നെ മേഘ്‌നയോട് പ്രണയം തോന്നുകയായിരുന്നു. നെഞ്ചുക്കുള്‍ പെയ്തിടും മാമഴയെന്ന ഗാനവും ഇരുവരും ഒരുമിച്ചിരുന്ന പ്രണയരംഗങ്ങളുമൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വാരണം ആയിരത്തെക്കുറിച്ച് വാചാലയായെത്തിയിരുന്നു. നെഞ്ചുക്കുള്‍ പെയ്തിടും എന്ന ഗാനരംഗം പങ്കുവെച്ചായിരുന്നു താരമെത്തിയത്.
ഇന്നും മേഘ്‌നയായാണ് പലരും തന്നെ തിരിച്ചറിയുന്നത്. തന്റെ കരിയറിലെ തന്നെ മാജിക്കല്‍ കഥാപാത്രമായിരുന്നു മേഘ്‌ന. ഇന്നും അത് താനോര്‍ത്തിരിക്കുന്നുണ്ട്. ആരാധകരും ഇതേക്കുറിച്ച് പറയാറുണ്ട്. ഈ കഥാപാത്രത്തെ ആരാധകര്‍ സ്വീകരിക്കുമെന്ന് അന്നേ അറിയാമായിരുന്നുവെന്ന് താരം പറയുന്നു. മേഘ്‌നയുടെ അപ്രതീക്ഷിത മരണവും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമൊക്കെയായിരുന്നു സിനിമയുടെ ഇതിവൃത്തം. ഇതിനകം തന്നെ സമീറ റെഡ്ഡിയുടെ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച വ്യക്തിത്വമാണ് സമീറ റെഡ്ഡിയുടേത്. മേക്കപ്പ് ഉപയോഗിക്കാതെയുള്ള തന്റെ ചിത്രം പങ്കുവെച്ചെത്തിയ താരത്തിനെ അഭിനന്ദിച്ച് നിരവധി പേരായിരുന്നു എത്തിയത്. ഉറക്കച്ചടവുള്ള മുഖവും തലമുടിയിലെ നരയുമൊക്കെ കണ്ടപ്പോള്‍ ആരാധകരും ആശ്ചര്യപ്പെട്ടിരുന്നു. രണ്ടാമത്തെ കുഞ്ഞ് വന്നതിനെക്കുറിച്ചും മാതൃത്വം ആസ്വദിക്കുന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞാണ് സമീറ എത്താറുള്ളത്. പ്രസവ ശേഷമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ചും വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞും സമീറ റെഡ്ഡി നേരത്തെ എത്തിയിരുന്നു.
മുന്‍പ് ശരീരഭാരം കുറക്കാനായി പട്ടിണി കിടക്കാറുണ്ടായിരുന്നു. എന്നാല്‍ പ്രസവ ശേഷം തനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. ഗര്‍ഭവും പ്രസവവും ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ആരും പറഞ്ഞ് തന്നിരുന്നില്ല. എപ്പോഴും ചിന്തിച്ച് കൊണ്ടിരുന്നത് സിനിമയിലും പരസ്യത്തിലുമൊക്കെ കാണുന്ന ആകാരവടിവുള്ള കൂള്‍ മോം ആകുമെന്നായിരുന്നു. പ്രസവ ശേഷമുള്ള വിഷാദത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയ താരത്തിന്‍റെ പോസ്റ്റ് മുന്‍പ് വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











