വിശാല്‍ ആരാധകര്‍ക്ക് ആടിത്തിമിര്‍ക്കാന്‍ ശണ്ടക്കോഴിയിലെ ആദ്യ ഗാനമെത്തി!
2005ല്‍ തിയറ്ററില്‍ തരംഗമായി മാറിയ വിശാല്‍ ചിത്രം ശണ്ടക്കോഴി പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ വീണ്ടുമെത്തുകയാണ്. ആദ്യ ഭാഗം ഒരുക്കിയ ലിംഗുസ്വാമി തന്നെയാണ് ശണ്ടക്കോഴി 2 എന്ന പേരില്‍ രണ്ടാം ഭാഗം ഒരുക്കുന്നത്. വിശാലിന്റെ നായികയായി കീര്‍ത്തി സുരേഷ് എത്തുമ്പോള്‍ വരലക്ഷ്മി ശരത്കുമാറും സൂരിയും അങ്കമാലി ഡയറീസ് താരം അപ്പാനി ശരത്കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആരാധകര്‍ക്ക് ആടിത്തിമിര്‍ക്കാന്‍ ശണ്ടക്കോഴി 2വിലെ ആദ്യ ഗാനം തിങ്കളാഴ്ച വൈകുന്നേരത്തോടെ പുറത്ത് വന്നിരിക്കുകയാണ്. യൂടൂബില്‍ റിലീസ് ചെയ്ത ലിറിക്‌സ് വീഡിയോയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

സെങ്കരട്ട പാറയിസലെ എന്നാരംഭിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവന്‍ശങ്കര്‍ രാജയാണ്. അറിവുമതി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് രമണി അമ്മാളും സെന്തില്‍ ദാസും ചേര്‍ന്നാണ്. തുപ്പറിവാലന്‍, ഇരുമ്പുതിരൈ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് വിജയം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തുന്ന ശണ്ടക്കോഴി 2 വിശാലിനും ആരാധകര്‍ക്കും ഏറെ പ്രതീക്ഷയുള്ള ചിത്രം. ശണ്ടക്കോഴിയുടെ സംപ്രേക്ഷണാവകാശം വാങ്ങിയ സണ്‍ ടിവി തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും ചാനല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഇരുട്ട് അറയില്‍ മുരുട്ട് കുത്ത്, ജയം രവി ചിത്രം ടിക് ടിക് ടിക് എന്നിവ വിതരണം ചെയ്ത സ്‌ക്രീന്‍ സീന്‍ ആണ് റിവഞ്ച് ഡ്രാമ ജോണറിലുള്ള ശണ്ടക്കോഴി 2 തമിഴ്‌നാട്ടില്‍ വിതരണത്തിന് എത്തിക്കുന്നത്. ഒക്ടോബര്‍ 19ന് സ്‌ക്രീന്‍ സീന്‍ തിയറ്ററിലെത്തിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിശാലിന്റെ പിറന്നാള്‍ ദിനമായ ഓഗസ്റ്റ് 29ന് നടക്കും. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ശണ്ടക്കോഴി 2 നിര്‍മിക്കുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന മധ ഗജ രാജയാണ് വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.


Click it and Unblock the Notifications











