'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് വർണാഭമായി നടന്നത്. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ തരുൺ കാർത്തിക്കാണ് ഐശ്വര്യയെ വിവാഹം ചെയ്തത്. സിനിമയിലെ സഹതാരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജിനികാന്ത്, കമൽഹാസൻ, വിക്രം, സൂര്യ, കാർത്തി, നയൻതാര, സംവിധായകൻ മണിരത്നം, വിഘ്നേശ് ശിവൻ, മോഹൻലാൽ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.
സംവിധായകൻ അറ്റ്ലീയാണ് അതിഥി സൽക്കാരങ്ങൾക്ക് നേതൃത്വം നൽകിയത്. സിനിമ താരങ്ങൾക്ക് പുറമെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവാഹത്തിനെത്തിയിരുന്നു. ഐശ്വര്യ, അതിഥി, അർജിത്ത് എന്നീ മൂന്ന് മക്കളാണ് ശങ്കറിന്. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്.

2021ൽ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതിന് പിന്നാലെ ഇവർ വിവാഹമോചിതരായി. ചെന്നൈയിലായിരുന്നു ഐശ്വര്യയുടെ വിവാഹ ആഘോഷം നടന്നത്. നടൻ വിജയുടെ ഭാര്യ സംഗീതയും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
പക്ഷെ വിജയ് ഒപ്പമുണ്ടായിരുന്നില്ല. സംഗീതയ്ക്കൊപ്പം മകൻ ജെയ്സൺ സഞ്ജയ് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയിയുടെ ചില സിനിമകളുടെ ഓഡിയോ ലോഞ്ച് ഫങ്ഷനുകൾക്ക് അല്ലാതെ സിനിമയും സിനിമാക്കാരുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുക്കാതിരുന്ന സംഗീത നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശങ്കറിൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തത്.
ഏറ്റവും അവസാനം നടന്ന ലിയോയുടെ സക്സസ് മീറ്റിലും സംഗീത പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ ശങ്കറിന്റെ മകളുടെ വിവാഹ ചടങ്ങിൽ സംഗീത പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ആരാധകർക്കും അത്ഭുതമായിരുന്നു. സംഗീത സംവിധായകൻ ഹാരിസ് ജയരാജിന്റെ ഭാര്യ സുമ ഹാരിസാണ് സംഗീത ശങ്കറിന്റെ മകളുടെ വിവാഹത്തിന് എത്തിയ ചിത്രങ്ങൾ പങ്കിട്ടത്. പേസ്റ്റൽ നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായാണ് സംഗീത എത്തിയത്.
വിജയ് ആഘോഷത്തിൽ പങ്കെടുക്കാത്തത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. അതേസമയം വിജയ് ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഷൂട്ടിങ് തിരക്കുകൾ മൂലമാണെന്നാണ് റിപ്പോർട്ട്. അണിയറയിൽ ഒരുങ്ങുന്ന ഗോട്ടിൻ്റെ അവസാന ഷെഡ്യൂളിനായി അദ്ദേഹം റഷ്യയിലായതിനാൽ അദ്ദേഹത്തിൻ്റെ സ്ഥാനത്താണ് ഭാര്യ സംഗീത പങ്കെടുത്തതത്രെ. അതുപോലെ വിജയും സംഗീതയും തമ്മിൽ വേർപിരിഞ്ഞതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

അതിനെല്ലാം വിരാമമിട്ടിരിക്കുകയാണ് സംഗീതയുടെ പുതിയ ഫോട്ടോ. വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി ഗോട്ട്'. സയൻസ് ഫിക്ഷൻ എന്റർടെയ്നർ ജോണറിൽ കഥ പറയുന്ന സിനിമയുടെ റിലീസിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ് പുത്താണ്ടിനോട് അനുബന്ധിച്ച് സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടിരുന്നു അണിയറപ്രവർത്തകർ.
വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications