ആരാധകരെ ആവേശത്തിലാഴ്ത്തി പിറന്നാള്‍ ദിനത്തില്‍ രജനിയുടെ കിടിലന്‍ സര്‍പ്രൈസ്!
താരങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വേണ്ടി അവരെന്നും ഓരോ സര്‍പ്രൈസുകള്‍ ഒരുക്കാറുണ്ട്. തമിഴകത്തിന്റെ ദളപതി സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും അക്കാര്യത്തില്‍ മാറ്റം വരുത്തിയില്ല. ആരാധകര്‍ക്ക് വേണ്ടി കിടിലന്‍ സര്‍പ്രൈസാണ് താരം ഒരുക്കിയത്.
കബാലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാല കരികാലന്‍ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് താരം തന്റെ ആരാധകരെ ഞെട്ടിച്ചത്. മുംബൈയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു റിയലിസ്റ്റിക് ഗ്യാങ്‌സ്റ്റര്‍ ചിത്രമാണ് കാല കരികാലന്‍.

രജനികാന്തിന്റെ പിറന്നാള്‍
ഡിസംബര്‍ 12 എന്ന തിയതിക്ക് തമിഴകത്തുള്ള പ്രാധാന്യം അത് രജനികാന്തിന്റെ പിറന്നാളാണെന്നുള്ളതാണ്. 67ാം വയസിലേക്ക് കടന്ന രജനികാന്തിനുള്ള പിറന്നാള്‍ ആശംസകളാല്‍ നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

പുതിയ പോസ്റ്റര്‍
കാല കരികാലന്റെ അണിയറ പ്രവര്‍ത്തകരാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. പുലര്‍ച്ചെ 12 മണിയോടെയായിരുന്നു പോസ്റ്റര്‍ പുറത്ത് വിട്ടത്. പുതിയ പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

പുറത്ത് വിട്ടത് ധനുഷ്
രജനികാന്തിന്റെ മകളുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായി ധനുഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാല കരികാലന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്.

മുംബൈ അധോലോകം
കബാലി പോലെ തന്നെ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമാണ് കാല കരികാലന്‍. ചെറുപ്പത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മുംബൈയിലെത്തിയ ബാലന്‍ പിന്നീട് അവിടുത്തെ ശക്തനായ ഡോണ്‍ ആയി മാറുന്നതാണ് ചിത്രം. ധാരാവിയിലെ തമിഴ് വംശജരുടെ തലവനാണ് രജനികാന്ത് അവതരിപ്പിക്കുന്ന കാല എന്ന കഥാപാത്രം.

വന്‍ താരനിര
തമിഴ് താരങ്ങളെ കൂടാതെ ഉത്തരേന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ബോളിവുഡ് നായിക ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. നിരവധി തവണ ദേശീയ പുരസ്‌കാരം നേടിയ നാനാ പടേക്കറും ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷറോഫ്, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീല്‍, സയാജി ഷിന്‍ഡേ, സാക്ഷി അഗര്‍വാള്‍, സമുദ്രക്കനി, സുകന്യ, രമേഷ് തിലക്, സമ്പത്ത് രാജ് തുടങ്ങി ഒരുപിടി ശ്രദ്ധേയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

കബാലി ടീം വീണ്ടും
കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തിയ കബാലിയിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് കാല കരികാലനിലും പ്രവര്‍ത്തിക്കുന്നത്. ആകെയുള്ള ഒരുമാറ്റം എഡിറ്റര്‍ പ്രവീണ്‍ കെഎല്ലിന് പകരം മുതിര്‍ന്ന എഡിറ്റര്‍ ശ്രീകര്‍ പ്രസാദിനെ കൊണ്ടുവന്നു എന്നതാണ്. പാ രഞ്ജിത്തിന്റെ സ്ഥിരം സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ തന്നെയാണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്.

എന്തിരന് പിന്നാലെ
തമിഴ് പതിപ്പിനൊപ്പം തെലുങ്കിലും ഹിന്ദിയിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കാനാണ് അണയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. എന്തിന്റെ രണ്ടാം ഭാഗമായ 2.0ക്ക് പിന്നാലെ കാല കരികാലന്‍ തിയറ്ററിലേക്ക് എത്തും. ഏപ്രില്‍ 14നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നതെങ്കിലും 2.0 ഏപ്രില്‍ 13ന് റിലീസ് ചെയ്യുന്നതിനാല്‍ റിലീസ് മാറ്റിവയ്ക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.


Click it and Unblock the Notifications











