അവനെ വിട്, നിന്നെ ഞാൻ നോക്കാം; ഭർത്താവിന്റെ സഹോദരന്റെ ശല്യം; വിവാഹ ജീവിതത്തെക്കുറിച്ച് ദീപ ബാബു
ഭർത്താവിന്റെ സഹോദരനെതിരെ പരാതി നൽകി തമിഴ് സീരിയൽ നടി ദീപ ബാബു. ഭർത്താവിന്റെ സഹോദരൻ തന്നോട് മോശമായി പെരുമാറുന്നെന്നാണ് പരാതി. അൻപേ ശിവം, അത്തിപൂക്കും തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ദീപ ബാബു സീരിയലുകളിൽ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിക്കുന്ന സായ് ഗണേശിനെയാണ് വിവാഹം ചെയ്തത്. രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകനും നടിക്കുണ്ട്.
സായ് ഗണേശിന്റെ വീട്ടിൽ താൻ ജാതി വിവേചനം നേരിടുന്നെന്നും ഭർത്താവിന്റെ സഹോദരൻ ലൈംഗികപരമായി സമീപിക്കുന്നെന്നുമാണ് ദീപ ബാബുവിന്റെ പരാതി. കഴിഞ്ഞ വർഷമാണ് സായ് ഗണേശിനെ വിവാഹം ചെയ്തത്. ഭർത്താവിന്റെ അമ്മയും സഹോദരും എന്നോട് മോശമായാണ് പെരുമാറുന്നത്. കാരണം താൻ വ്യത്യസ്ത ജാതിയിൽ നിന്നാണ്. എന്റെ ആഭരണങ്ങളും പണം കൈക്കലാക്കി. തന്നെക്കുറിച്ച് മോശമായി ഇവർ സംസാരിക്കുന്നെന്നും ദീപ ബാബു ആരോപിച്ചു.

ഭർത്താവിന്റെ സഹോദരൻ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നു. സഹോദരനെ വിട്ടേക്ക് എനിക്കൊപ്പം വാ, നിന്നെ ഞാൻ നോക്കാമെന്നാണ് പറയുന്നത്. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ദീപ വ്യക്തമാക്കി. ഭർത്താവുമായി അകന്ന് കഴിയുകയാണ് ഇന്ന് ദീപ. ഭർത്താവുമായി തനിക്ക് വീണ്ടും ഒരുമിക്കണമെന്നും സഹോദരന്റെ ശല്യം അവസാനിപ്പിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
തന്നെ പിന്തുണയ്ക്കാൻ ഇപ്പോൾ അച്ഛൻ മാത്രമേയുള്ളൂ. ഈ പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുമോയെന്ന് താൻ ഭയക്കുന്നതായും ദീപ ബാബു തുറന്ന് പറഞ്ഞു. ഭർത്താവിന്റെ സഹോദരനെതിരെ ഒന്നിലേറെ തവണ പരാതി നൽകിയെങ്കിലും ഇയാൾ പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീർത്തെന്നും ദീപ ബാബു വെളിപ്പെടുത്തി.

അടുത്തിടെ ഒരു തമിഴ് മീഡിയയിൽ നൽകിയ അഭിമുഖത്തിൽ ആദ്യ വിവാഹ ബന്ധത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ദീപ തുറന്ന് സംസാരിക്കുകയുണ്ടായി. 16 വയസിൽ നടന്ന ആദ്യ വിവാഹം തന്റെ ജീവിതത്തെ ഏറെ ബാധിച്ചെന്ന് ദീപ ബാബു തുറന്ന് പറഞ്ഞു. മകനിപ്പോൾ പതിനഞ്ച് വയസാകാറായി. എങ്ങനെ അവനെ വയറ്റിൽ ചുമന്നെന്നോ വളർത്തിയെന്നോ തനിക്ക് ഇപ്പോൾ ഓർമയില്ല.
കുഞ്ഞിനെ പ്രസവിച്ച നാളുകൾ പ്രയാസകരമായിരുന്നു. പ്രസവിച്ചപ്പോൾ കുഞ്ഞിനെ ഏറ്റുവാങ്ങാൻ പോലും ഞങ്ങൾക്ക് ആരുമില്ലായിരുന്നു. അന്ന് തന്റെ വീട്ടുകാരുടെ പിന്തുണയില്ല. അന്ന് തനിക്ക് വൈരാഗ്യം തോന്നിയെങ്കിലും അച്ഛന്റെയും അമ്മയുടെയും ദേഷ്യം തനിക്കിന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്.
വിവാഹം ചെയ്തത് തെറ്റായിപ്പോയെന്ന് വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം മനസിലായി. ആ പ്രായത്തിൽ വിവാഹം ചെയ്തതിനാൽ പൊലീസ് പ്രശ്നങ്ങളുണ്ടായി. എന്നെ അടിച്ച് താലിയെല്ലാം അറുത്ത് പോടീയെന്ന് ഭർത്താവ് പറഞ്ഞിരുന്നെന്നും ദീപ ബാബു തുറന്ന് പറഞ്ഞു. മകനാണ് തനിക്കെല്ലാമെന്നും ദീപ ബാബു അന്ന് വ്യക്തമാക്കി. രണ്ടാം ഭർത്താവിന്റെ സഹോദരനെതിരായ ദീപയുടെ പരാതി ഇതിനകം വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്.


Click it and Unblock the Notifications