'ശാലിനി അഭിനയിച്ചാൽ ലഭിക്കുന്ന പണം എത്രയെന്ന് പറ; അച്ഛനോട് അജിത്ത്; എതിർപ്പ് മറികടന്നതിങ്ങനെ'
ആരാധകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. മലയാളത്തിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയായിരുന്നു ശാലിനി. അതിനാൽ തന്നെ ശാലിനിയുടെ വിവാഹം മലയാളികളുടെ ശ്രദ്ധയും പിടിച്ച് പറ്റി. തിരക്കേറിയ നടിയായി തെന്നിന്തയിൽ സജീവമായിരിക്കെയാണ് നടി വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ അഭിനയ രംഗത്തേക്ക് നിന്ന് പിൻമാറുകയും ചെയ്തു. സമകാലീനയായിരുന്ന മിക്ക നടിമാരിൽ ചിലർ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയപ്പോഴും ശാലിനി തിരിച്ചു വരവിന് തയ്യാറായില്ല.
വിവാഹ ശേഷം പൊതുവേദികളിൽ പോലും അധികം ശാലിനിയെ കണ്ടിട്ടില്ല. സോഷ്യൽ മീഡിയ അക്കൗണ്ട് പോലും അടുത്തിടെയാണ് നടി തുടങ്ങിയത്. അനൗഷ്ക ആദ്വിക് എന്നീ രണ്ട് മക്കളാണ് അജിത്തിനും ശാലിനുമുള്ളത്.

ശാലിനിയെ പോലെ തന്നെ പൊതുവേദികളിൽ നിന്ന് മാറി നിൽക്കുന്ന വ്യക്തിയാണ് അജിത്തും. സ്വന്തം സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പോലും അജിത്തിനെ കാണാറില്ല. സിനിമ കഴിഞ്ഞാൽ കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് അജിത്ത് പ്രാധാന്യം നൽകുന്നത്. ബൈക്ക് റേസിംഗിൽ താൽപരനായ അജിത്ത് ഇത്തരം ഹോബികൾക്കായും സമയം മാറ്റി വെക്കുന്നു.
അമർക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ശാലിനും പ്രണയത്തിലാവുന്നത്. ഇവരുടെ പ്രണയ കഥ അന്നേ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് അജിത്തും ശാലിനിയും. അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ നിർമാതാവ് ആർഎസ് അന്തനൻ.
'സിനിമാ താരങ്ങൾ ദമ്പതികളായി 25 വർഷം ഒരുമിച്ച് ജീവിക്കുന്നത് തന്നെ അത്ഭുതമാണ്. അജിത്തിന് ശാലിനിയോട് അത്രയും സ്നേഹമാണ്. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് ശാലിനിയെ അജിത്ത് കല്യാണം കഴിക്കുന്നത്. ശാലിനിയുടെ മാർക്കറ്റ് പോയ ശേഷമല്ല വിവാഹം നടന്നത്'
'ടോപ്പിൽ നിന്ന സമയത്താണ്. ശാലിനിയുടെ അച്ഛനായിരുന്നു ഡേറ്റുകളൊക്കെ നോക്കിയിരുന്നത്. പ്രണയത്തിൽ അച്ഛൻ തടസ്സം പറഞ്ഞിരുന്നു. ഇപ്പോൾ കല്യാണം വേണ്ട കരിയറിലെ മികച്ച സമയത്താണെന്ന് പറഞ്ഞു. അജിത്ത് എന്ത് ചെയ്തെന്നാൽ എത്ര വർഷം ശാലിനി മാർക്കറ്റിൽ നിൽക്കുമെന്നും എത്ര ശമ്പളം വാങ്ങുമെന്നും കണക്ക് കൂട്ടാൻ പറഞ്ഞു'

'വലിയ തുക കൊടുത്തിട്ടാണ് അവരെ കല്യാണം കഴിച്ചത്. അത്ര മാത്രം സ്നേഹം അജിത്തിനുണ്ട്. ശാലിനി അജിത്തിന്റെ ജീവിതത്തിൽ വന്ന ശേഷം അജിത്ത് ഒരുപാട് മാറി. പക്വതയുള്ള മനുഷ്യനായി' പല താര ദമ്പതികളെക്കുറിച്ച് എന്തെങ്കിലും ഒരു പ്രശ്നം വാർത്തകളിൽ വരും. എന്നാൽ 24 വർഷം നോക്കിയാൽ അജിത്തിനും ശാലിനിക്കുമിടയിൽ പ്രശ്നമുണ്ടെന്ന് ഒരിക്കൽ പോലും വാർത്ത വന്നിട്ടില്ലെന്നും അന്തനൻ പറഞ്ഞു. യെല്ലോ ബെഞ്ച് തമിഴ ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
2000 ത്തിലാണ് അജിത്തും ശാലിനിയും വിവാഹിതരാവുന്നത്. സോഷ്യൽ മീഡിയയിൽ അജിത്തിനൊപ്പമുള്ള ഫോട്ടോ ശാലിനി പങ്കുവെക്കാറുണ്ട്. തുനിവാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ വൻ ഹിറ്റായി. മഞ്ജു വാര്യരാണ് സിനിമയിൽ നായികയായി അഭിനയിച്ചത്. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് സിനിമയായിരുന്നു ഇത്. ശാലിനുമായി മുമ്പേ സൗഹൃദമുണ്ടെന്നും ഇടയ്ക്ക് സംസാരിക്കാറുണ്ടെന്നും മഞ്ജു അടുത്തിടെ പറഞ്ഞിരുന്നു.
മുൻ നടിമാർ അഭിമുഖങ്ങളിലോ റിയാലിറ്റി ഷോയ ജഡ്ജായോ എത്തുന്ന പതിവുണ്ടെങ്കിലും ശാലിനി ഇതിൽ നിന്നെല്ലാം മാറി നിൽക്കുകയാണ്. നിറം, അനിയത്തി പ്രാവ് തുടങ്ങിയവയാണ് മലയാളത്തിൽ വൻ ഹിറ്റായ ശാലിനിയുടെ സിനിമകൾ. ചെറുപ്പ കാലം മുതൽ സിനിമകളിൽ അഭിനയിക്കുന്നതിനാൽ ശാലിനിയോട് പ്രത്യേക മമത മലയാളി പ്രേക്ഷകർക്കുണ്ട്.


Click it and Unblock the Notifications