ജയലളിത ബയോപിക്കില്‍ ശശികലയാകാന്‍ ഷംന കാസിം! സന്തോഷം പങ്കുവെച്ച് നടി
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി അണിയറയില്‍ ഒരുങ്ങുകയാണ്. കങ്കണ റാവത്ത് ജയലളിതയായി വേഷമിടുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു. സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയതു വരെയുളള ജയലളിതയുടെ ജീവിതമാണ് തലൈവിയില്‍ കാണിക്കുന്നത്. തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ ഏഎല്‍ വിജയ് ആണ് ചിത്രമൊരുക്കുന്നത്. തലൈവിയില്‍ ജയലളിതയുടെ തോഴി ശശികലയായി അഭിനയിക്കുന്നത് മലയാളി താരം ഷംന കാസിമാണ്.

ജയലളിതയുടെ കൂട്ടുകാരിയായി പിന്നീട് രാഷ്ട്രീയ നേതാവായി ഉയര്‍ന്ന ആളാണ് ശശികല. തലൈവിയില്‍ അഭിനയിക്കുന്ന വിവരം ഷംന തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. "ഏ എല്‍ വിജയ് ഒരുക്കുന്ന തലൈവി എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ താനുമുണ്ടെന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഉരുക്കു വനിത ആയിരുന്ന ജയലളിതയുടെ ജീവിത കഥ പറയുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ മികച്ചൊരു അവസരമാണ്.
കങ്കണ റാവത്ത്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതും വിലപ്പെട്ട ഒരു അവസരമായി കരുതുന്നു". ഷംന കാസിം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എംജി ആറായിട്ടാണ് അരവിന്ദ് സാമി തലൈവിയില്‍ എത്തുന്നത്. ബാഹുബലിക്ക് വേണ്ടി തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദിന്റെതാണ് സ്‌ക്രിപ്റ്റ്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിങ്ങ് തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ജിവി പ്രകാശ് കുമാര്‍ സംഗീതവും നീരവ് ഷാ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.



Click it and Unblock the Notifications