ഒടുവില്‍ ഇന്ത്യന്‍ 2വിനുള്ള ലൊക്കേഷന്‍ ശങ്കര്‍ കണ്ടെത്തി; ചിത്രീകരണം ഡിസംബറില്‍ തുടങ്ങും!
1993ലാണ് തമിഴ് സിനിമയില്‍ ശങ്കര്‍ എന്ന സംവിധായകന്റെ ഉദയം. ആക്ഷന്‍ കിംഗ് അര്‍ജ്ജുന്‍ നായകനായി എത്തിയ ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെ. ജെന്റില്‍മാന്‍ മുതല്‍ ഐ വരെയുള്ള ശങ്കര്‍ ചിത്രങ്ങള്‍ കേരളത്തിലും തരംഗം സൃഷ്ടിച്ചിരുന്നു. പക്ഷെ, കേരളത്തില്‍ ഏറ്റവും വലിയ വിജയമായി തീര്‍ന്ന ശങ്കര്‍ ചിത്രമായിരുന്നു ഇന്ത്യന്‍. കമല്‍ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിലെ സേനാപതി എന്ന രാജ്യസ്‌നേഹിയായ വൃദ്ധന്‍ കമല്‍ഹാസന്റെ അഭിനയ ജീവതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.
പതിനഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ താത്ത എന്ന് ജനങ്ങള്‍ ആവേശത്തോടെയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ പേടിയോടെയും വിളിച്ചിരുന്ന സേനാപതിയുടെ കഥയ്ക്ക് തുടര്‍ച്ച ഒരുക്കുകയാണ് ശങ്കര്‍-കമല്‍ഹാസന്‍ ടീം. ഇന്ത്യന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. രജനികാന്ത് ചിത്രം എന്തിരന്റെ തുടര്‍ച്ചയായി ഒരുങ്ങുന്ന 2.0 നവംബറില്‍ തിയറ്ററിലെത്തിയതിന് പിന്നാലെയായിരിക്കും ഇന്ത്യന്‍ 2 ആരംഭിക്കുക.

സംവിധായകന്‍ ശങ്കറും ക്യാമറാമാന്‍ രവിവര്‍മ്മനും ലൊക്കേഷന്‍ തേടിയുള്ള യാത്രയിലായിരുന്നു. ഇരുവരും ഹെലികോപ്ടറില്‍ ലൊക്കേഷന്‍ കാണാന്‍ പോകുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി കണ്ടെത്തിയിരിക്കുന്നത് ആന്ധ്രാപ്രദേശിലെ കടപ്പയാണ്. ചിത്രത്തിന്റെ കഥ നടക്കുന്നത് കടപ്പയിലാണോ അതോ ഇവിടം ഒരു തമിഴ് ഗ്രാമമായി ചിത്രീകരിക്കുകയാണോ എന്നത് കാത്തിരുന്ന് കാണാണാം. ഇന്ത്യന്‍ 2വിന് ലൊക്കേഷന്‍ തേടി ശങ്കറും രവിവര്‍മ്മനും തായ്‌ലന്റില്‍ യാത്ര നടത്തിയിരുന്നു.
ഇന്ത്യന്‍ 2വില്‍ കമല്‍ഹാസന്റെ വില്ലനായി എത്തുന്നത് അക്ഷയ് കുമാറായിരിക്കുമെന്ന സൂചന നേരത്തെ കമല്‍ഹാസന്‍ നല്‍കിയിരുന്നു. ശങ്കര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ഇന്ത്യന്‍ 2വിന് സംഭാഷണമെഴുതുന്നത് ജയമോഹന്‍, കാബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. നാനൂറ് കോടി രൂപ മുതല്‍ മുടക്കിലൊരുങ്ങുന്ന 2.0യുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ തന്നെയാണ് ഇന്ത്യന്‍ 2 നിര്‍മിക്കുന്നതും. ചിത്രത്തിന്റെ ബജറ്റ്, മറ്റ് അഭിനേതാക്കള്‍ എന്നിവയേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications











