'10500 സാരികൾ, 1250 കിലോ വെള്ളി, 28 കിലോ സ്വർണം, കണക്കില്ലാത്ത സ്വത്തുക്കൾ'; ഏറ്റവും ധനികയായ നടി ഇവരായിരുന്നു!
ഒരു സാധാരണ അഭിഭാഷകന്റെ മകളായി ജനിച്ച് തമിഴകത്തിന്റെ അമ്മയായി മാറുകയായിരുന്നു ജയലളിത. സ്ത്രീകൾ അബലകളാണ്, അടിമകളാണ്, പാർശ്വവൽക്കരിക്കപെട്ടവരാണെന്ന് പറയുന്നവർ മനപാഠമാക്കേണ്ട ജീവചരിത്രമാണ് ജയലളിതയുടെത്. കഴിവും കാര്യ പ്രാപ്തിയുമുള്ള സ്ത്രീകൾ ഒരുടത്തും പുറകോട്ട് പോകില്ല എന്നുള്ളതിന് ഉത്തമ ഉദാഹരണം തന്നെയായിരുന്നു ജയലളിതയുടെജീവിതം.
തമിഴ് സിനിമയും രാഷ്ട്രീയവും എന്നും ഇഴപിരിയാതെയാണ് ജനങ്ങൾ കാണുന്നത്. അതിനാൽ തന്നെ തമിഴ് രാഷ്ട്രീയത്തിൽ കാമരാജ്, കുമാരസ്വാമി തുടങ്ങി ചുരുക്കം ചിലരെ മാറ്റി നിർത്തിയാൽ ബാക്കി മുഖ്യമന്ത്രിമാരെല്ലാം സിനിമാക്കാരാണ്.
അഞ്ച് പ്രാവശ്യം മികച്ച തമിഴ് നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഏഴ് പ്രാവശ്യം ഫിലിം ഫെയർ എന്നിവ കിട്ടിയ സിനിമാ നടി കൂടിയാണ് ജയലളിത. അഞ്ച് തവണയാണ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായത്.
അവർ ഉയരങ്ങളിലെത്തിയത് കുടുംബ പാരമ്പര്യത്താലോ പണത്തിന്റെ അതിപ്രസരത്തിലോ അല്ല. സ്വപ്രയത്നത്താലും അങ്ങേയറ്റത്തെ ആത്മ വിശ്വാസത്താലുമാണ്. തകർച്ചയുടെ പടുകുഴികളിൽ നിന്നും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്ന് വന്നിട്ടുണ്ട് ജയ.

ഒരു കാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികയായ നായിക നടി ജയലളിതയായിരുന്നു. ഏകദേശം 113.73 കോടിയുടെ ആസ്തിയാണ് താരത്തിനുണ്ടായിരുന്നത്. ഐശ്വര്യയും ദീപികയും ശ്രീദേവിയും രേഖയുമെല്ലാം ജയയുടെ താരപ്രഭയ്ക്ക് മുന്നിൽ മാറി നിൽക്കും. ജയലളിത മൂന്നാം വയസ് മുതൽ ഭരതനാട്യം അഭ്യസിച്ചു വന്നിരുന്നു.
കുട്ടിക്കാലം മുതലേ മോഹിനിയാട്ടവും കഥക്കും മണിപൂരിയുമൊക്കെ സ്വായത്തമാക്കി. ശാസ്ത്രീയ സംഗീതത്തിലും പിയാനോ വായനയിലും ജയലളിത കഴിവ് തെളിയിച്ചിരുന്നു. നിയമത്തിൽ ബിരുദം നേടണമെന്നായിരുന്നു ആഗ്രഹമെങ്കിലും അമ്മ വേദാവതിയുടെ നിർബന്ധപ്രകാരം പതിനഞ്ചാം വയസിൽ ജയലളിത അഭിനയരംഗത്തേക്ക് വന്നു.
ജയലളിത ആദ്യമായി അഭിനയിച്ച ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. തമിഴ് സിനിമാ മേഖലയിൽ ആദ്യമായി സ്ലീവ്‍ലെസ് ബ്ലൗസ് ധരിച്ച താരമാണത്രെ ജയലളിത. കുട്ടിപ്പാവാടകളും ഗൗണുകളും അറുപതുകളിലെ തമിഴ് സിനിമാലോകത്തിന് പരിചയപ്പെടുത്തിയതും ജയലളിതയാണ്. സിനിമയും രാഷ്ട്രീയ ജീവിതവുമാണ് കണക്കില്ലാത്ത സ്വത്ത് സമ്പാദിക്കാൻ ജയയെ സഹായിച്ചത്.
31ആം വയസിൽ സിനിമയോടും അഭിനയത്തോടും വിട പറഞ്ഞ താരം പിന്നീട് മുഴുവൻ സമയവും ചിലവഴിച്ചത് രാഷ്ട്രീയത്തിലായിരുന്നു. 1996 ഡിംസബർ 11ന് താരത്തിന്റെ ചെന്നൈ പോയസ് ഗാർഡനിലെ ജയയുടെ വസതിയിൽ നടന്ന റെയ്ഡിൽ 11344 സാരികൾ, 250 ഷാളുകൾ, 750 ജോഡി ചെരിപ്പുകൾ, 800 കിലോ വെള്ളി, 28 കിലോ സ്വർണം, 91 വാച്ചുകൾ എന്നിവ പിടിച്ചെടുത്തിരുന്നു.

2016ൽ നടന്ന മറ്റൊരു ഇൻവസ്റ്റിഗേഷനിൽ 1250 കിലോ വെള്ളിയും 21 കിലോ സ്വർണ്ണവും കണ്ടെത്തിയിരുന്നു. കൂടാതെ 42 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾക്കൊപ്പം എട്ട് കാറുകളും ജയലളിതയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു. അന്ന് ജയലളിതയുടെ ആസ്തി 900 കോടിയായിരുന്നു. പക്ഷെ താരം പറഞ്ഞത് 188 കോടിയുടെ ആസ്തിയെ തനിക്കുള്ളൂവെന്നായിരുന്നു.
1967ൽ പോയസ് ഗാർഡനിലെ വേദനിലയം എന്ന ബംഗ്ലാവ് താരം വാങ്ങുമ്പോൾ അതിന്റെ വില 1.32 ലക്ഷമായിരുന്നു. ഇന്നതിന് 43.96 കോടി വിലവരും. അതുപോലെ തന്നെ 1995ല്‍ ദത്തുപുത്രൻ സുധാകരന്റെ ആർഭാട വിവാഹം നടത്തിയതിലൂടെ ജയലളിത ഗിന്നസ് റെക്കോര്‍ഡിൽ ഇടം നേടിയിരുന്നു. 50 ഏക്കറിലുള്ള വിവാഹ വേദിയിൽ 150000 അതിഥികളെയാണ് പങ്കെടുപ്പിച്ചത്. 10 കോടിയോളം രൂപ ചെലവാണ് ഇൻകംടാക്സ് ആ വിവാഹത്തിന് കണക്കാക്കിയിരുന്നത്.


Click it and Unblock the Notifications











