ഗർഭിണിയായിരുന്നപ്പോൾ ഒറ്റയ്ക്കായിരുന്നു; അതിന് ശേഷമാണ് എന്നിൽ മാറ്റങ്ങൾ വരുന്നത്; ശ്രിയ ശരൺ
തെന്നിന്ത്യൻ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് ശ്രിയ ശരൺ. താൻ ഗർഭിണിയായിരുന്ന സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് നടി.
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് ശ്രിയ ശരൺ. രജിനികാന്ത്, വിജയ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ ശ്രിയ തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിയായി. നയൻതാര, തൃഷ തുടങ്ങിയ നടിമാരോടാപ്പം കരിയറിൽ അന്ന് കത്തി നിന്നിരുന്ന നടിയാണ് ശ്രിയ. ശ്രിയയുടെ ഗാന രംഗങ്ങൾ എന്നും ജനശ്രദ്ധ നേടിയിരുന്നു. കരിയറിൽ പിന്നീട് ചെറിയാെരു താഴ്ച ശ്രിയയ്ക്ക് സംഭവിച്ചു. പുതുമുഖ നായികമാരുടെ വരവോടെ ശ്രിയയുടെ അവസരങ്ങൾ കുറഞ്ഞു.
എന്നാലിന്ന് വ്യത്യസ്തമായ സിനിമകളിലൂടെ കരിയറിൽ സാന്നിധ്യമറിയിക്കാൻ ശ്രിയക്ക് കഴിയുന്നു. ഹിന്ദിയിൽ ചെയ്ത ദൃശ്യം 2 വിന്റെ വിജയത്തിളക്കത്തിലാണ് നടിയിപ്പോൾ. കസ്ബ എന്ന കന്നഡ സിനിമയാണ് നടിയുടേതായി വാരാനിരിക്കുന്നത്. വിവാഹവും അമ്മയായതും തന്റെ കരിയറിന് ബാധിക്കില്ലെന്ന് ശ്രിയ തെളിയിച്ചു.
40ാം വയസ്സിലും നല്ല ശരീര ഭംഗി കാത്തു സൂക്ഷിക്കുന്ന നടിയാണ് ശ്രിയ. ഇപ്പോഴിതാ ശരീര ഭംഗിക്കപ്പുറത്ത് താൻ സ്വന്തം സന്തോഷത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രിയ. ലിറ്റിൽ ടോക്സ് ചാനലിനോടാണ് പ്രതികരണം.

'കരിയറിലെ ആദ്യ പത്ത് വർഷക്കാലത്ത് ഞാൻ എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമായിരുന്നു. എനിക്ക് അത്തരത്തിലുള്ള ശരീരം വേണമായിരുന്നു. ചെറുപ്പക്കാരിയായ ഞാൻ കൂളാവാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ കൊവിഡിന് ശേഷം ഞാൻ മനസ്സിലാക്കിത്തുടങ്ങി'
'അതുവരെ ഞാൻ തിരക്ക് പിടിച്ച് വർക്ക് ചെയ്യുകയായിരുന്നു. പക്ഷെ പിന്നീട് ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാനും ആളുകളെ അഭിനന്ദിക്കാനും പഠിച്ചു. ഞാൻ ബാഴ്സണോലയിലായിരുന്നു. ആരെയും കാണുന്നുണ്ടായിരുന്നില്ല. ഇതിനിടെ ഗർഭിണിയായി'
'എനിക്ക് എന്നോടൊപ്പം തന്നെ കുറേ സമയം ചെലവഴിക്കേണ്ടി വന്നു. കാരണം എനിക്കാരെയും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ഗർഭകാലത്താണ് നമ്മുടെയടുത്ത് ബന്ധുക്കളും സുഹൃത്തുക്കളും വേണ്ടത്. മറ്റെല്ലാ സ്ത്രീകളെയും പോലെ എന്റെ ശരീരവും മാറാൻ തുടങ്ങി. മനുഷ്യ ശരീരം എത്ര അത്ഭുതകരമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിർത്തി. വർക്ക് ഔട്ടിലേക്കും യോഗയിലേക്കും ഡാൻസിലേക്കും തിരിച്ചു വന്നു'

'മറ്റാെരാളുടെ ശരീരം പോലെയാവാൻ വേണ്ടി ശ്രമിക്കുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്ന പെൺകുട്ടികളോട് പറയാനുള്ളത് നിങ്ങൾ കണ്ണാടിയിൽ നോക്കി സ്വയം ഇഷ്ടമാണെന്ന് പറയാൻ കഴിയട്ടെ. മെച്ചപ്പെടുത്തുക, അതിന് വേണ്ടി വർക്ക് ചെയ്യുക, പക്ഷെ നിങ്ങളായിത്തന്നെ ഇരിക്കുക. സന്തോഷമായിരിക്കുക. ഇന്ന് ഞാൻ ഒരു വർക്ക് ചെയ്യുമ്പോൾ അതിലേക്ക് എന്റെ ആത്മാവും ഹൃദയവും നൽകുന്നു,' ശ്രിയ ശരൺ വ്യക്തമാക്കി.
ശ്രിയ ശരൺ ഗർഭിണിയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നില്ല. കുഞ്ഞ് പിറന്ന ശേഷമാണ് നടി അമ്മയായെന്ന് ആരാധകരറിയുന്നത്. ഇതിനുള്ള കാരണവും നടി വ്യക്തമാക്കിയിരുന്നു. ഗർഭിണിയാണെന്ന് പറഞ്ഞാൽ പിന്നീട് സിനിമകൾ കിട്ടാൻ കുറേ വൈകും.
തന്റെ വർക്കിനെ ബാധിക്കുമെന്നതിനാലാണ് പറയാഞ്ഞതെന്നും കുഞ്ഞ് ജനിച്ച കാര്യം പറയുമ്പോഴേക്കും താൻ തിരികെ സിനിമയിലേക്കെത്താനാവുന്ന സ്ഥിതിയിലായിരുന്നെന്നും നടി വ്യക്തമാക്കി. വിവാഹത്തിന് ശേഷം അഭിനയം നിർത്തുന്നതായിരുന്നു മുമ്പത്തെ മിക്ക നടിമാരുടെയും രീതി. എന്നാൽ ശ്രിയ വന്ന കാലഘട്ടത്തിലെ നടിമാർ ഇതിൽ മാറ്റം വരുത്തി. നയൻതാര, കാജൽ അഗർവാൾ, ഹൻസിക തുടങ്ങിയ നടിമാരെല്ലാം വിവാഹ ശേഷം കരിയറിൽ സജീവമാണ്. ഇവരിൽ മിക്കവരും ഇപ്പോൾ അമ്മമാരുമാണ്.


Click it and Unblock the Notifications











