സൗന്ദര്യം കൂട്ടാനല്ല അത് ചെയ്തത്; പ്ലാസ്റ്റിക് സർജറി ആരോപണങ്ങളോട് പ്രതികരിച്ച് ശ്രുതി ഹാസൻ
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് ശ്രുതി ഹാസൻ. നടൻ കമൽഹാസന്റെ മകളെന്ന ലേബലിൽ നിന്നും മാറി കരിയറിൽ തന്റേതായ ഇടം നേടിയെടുത്ത ശ്രുതി ഹാസൻ ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗായികയാകാൻ ആഗ്രഹിച്ച് പിന്നീട് നായികയായി മാറിയ ശ്രുതിക്ക് ഇപ്പോൾ കൈനിറയെ സിനിമകളാണ്. ലക്ക് എന്ന ബോളിവുഡ് സിനിമയിലൂടെ ആണ് ശ്രുതി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഹിന്ദി സിനിമകളിൽ ശ്രുതി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ഇതോടെ നടി തെന്നിന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 2011 ൽ തെലുങ്ക് സിനിമയായ അനഗനഗ ഒ ദീരുണ്ട് എന്ന സിനിമയിലൂടെ തെലുങ്ക് സിനിമാ ലോകത്തേക്ക് നടി ചുവടുവെച്ചു. 2011 ൽ എആർ മുരുഗദോസിന്റെ ഏഴാം അറിവ് എന്ന തമിഴ് സിനിമയിൽ ശ്രുതി നായിക ആയെത്തി. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നടി തമിഴകത്തെ മുൻനിര നായിക നടിയായി.

ശ്രുതി ഹാസന്റെ മുഖത്ത് വന്ന മാറ്റം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആവാറുണ്ട്. നടി നിരന്തരം കോസ്മെറ്റിക് സർജറികൾക്ക് വിധേയമാവാറുണ്ടെന്നും ആരോപണം ഉയരാറുണ്ട്. ശ്രുതിയുടെ പഴയ ഫോട്ടോകൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അന്നും ഇന്നും വലിയ മാറ്റമാണ് ഫോട്ടോകളിൽ കാണാനാവുന്നത്.
ഇപ്പോഴിതാ തന്റെ മുഖത്ത് വന്ന മാറ്റത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ. തന്റെ മൂക്കിന് പരിക്കേറ്റത് കൊണ്ടാണ് നോസ് സർജറി ചെയ്തതെന്നും നോസ് സർജറി ചെയ്യുന്നതിന് മുമ്പ് തന്റെ ആദ്യ സിനിമ ചെയ്തിട്ടുണ്ടെന്നും നടി ചൂണ്ടിക്കാട്ടി.

സൗന്ദര്യം കൂട്ടാൻ വേണ്ടി നോസ് സർജറി ചെയ്തതിനുള്ള ഒഴിവ് കഴിവാണിതെന്ന് പലരും ആരോപിക്കുമെങ്കിലും തനിക്ക് കുഴപ്പമില്ലെന്ന് ശ്രുതി ഹാസൻ വ്യക്തമാക്കി. എന്റെ മുഖമാണ്. എനിക്കത് സുന്ദരമാക്കാൻ തോന്നിയാൽ എന്താണ് തെറ്റെന്നും ശ്രുതി ചോദിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി ഹാസൻ അടുത്തെ താനനുഭവിക്കുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്ന് പറഞ്ഞത് ചർച്ചയായിരുന്നു.
പിസിഒഎഎസ്, എൻഡോമെട്രിയോസിസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചില ഹോർമോൺ പ്രശ്നങ്ങൾ തനിക്കുണ്ടെന്നായിരുന്നു ശ്രുതി ഹാസൻ പറഞ്ഞത്. ഈ തുറന്ന് പറച്ചിലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

കമൽ ഹാസന്റെ മകളാണെങ്കിലും അച്ഛന്റെ പേര് പറഞ്ഞ് അവസരങ്ങൾ തേടാറില്ലെന്നും സിനിമാ ലോകത്ത് എല്ലാവരും ജോലി ചെയ്യുന്നത് പോലെ തന്നെയാണ് തന്റെ ജോലിയുമെന്നും ശ്രുതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കമൽഹാസന്റെ മകളെന്ന പേര് സിനിമയിലേക്കുള്ള വാതിൽ തുറന്ന് തന്നിട്ടുണ്ടാവും. എന്നാൽ സിനിമയിൽ നിലനിൽക്കുന്നത് ഈ പേരുപയോഗിച്ചല്ലെന്നും നടി വ്യക്തമാക്കി.

ശ്രുതി ഹാസന്റെ സഹോദരി അക്ഷര ഹാസനും സിനിമാ രംഗത്താണ്. സലാർ ആണ് ശ്രുതി നായികയായെത്തുന്ന പുതിയ സിനിമ. ചിത്രത്തിൽ പ്രഭാസ് ആണ് നായകൻ. ധനുഷിനൊപ്പം അഭിനയിച്ച 3 ആണ് ശ്രുതിയുടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്ന്. സിനിമ തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് പ്രംശസ ഏറ്റുവാങ്ങി.


Click it and Unblock the Notifications