കൃത്യസമയത്ത് ഷൂട്ടിങ് സെറ്റിൽ എത്തില്ല, സഹകരണമില്ലാത്ത അഹങ്കാരി, മണിരത്നത്തെ പേടി; മാസ് മറുപടിയുമായി സിമ്പു!
കൈക്കുഞ്ഞായിരുന്ന കാലം മുതൽ തമിഴ് സിനിമയുടെ ഭാഗമാണ് സിലംബരസൻ എന്ന സിമ്പു. ബാലതാരമായി സിനിമയിലെത്തിയ നടൻ ചുരുങ്ങിയ കാലം കൊണ്ടാണ് ലിറ്റിൽ സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ നേടിയത്. അച്ഛൻ ടി. രാജേന്ദറിന്റെയും അമ്മ ഉഷയുടേയും സിനിമ പാരമ്പര്യമാണ് സിമ്പുവിനും സിനിമയിലേക്കുള്ള വഴി തെളിച്ചത്. അക്ഷരങ്ങൾ കൂട്ടി വായിക്കുന്ന പ്രായത്തിലേക്ക് എത്തും മുമ്പ് തന്നെ നെടുനീളൻ പഞ്ച് ഡയലോഗുകൾ അനായാസേന നടൻ പറയുമായിരുന്നു.
അതുകൊണ്ട് കൂടി തന്നെയാണ് നടന് ലിറ്റിൽ സൂപ്പർ സ്റ്റാറെന്ന ടൈറ്റിൽ തമിഴ് സിനിമ നൽകിയതും. ബാലതാരമായി നിരവധി സിനിമകൾ ചെയ്ത താരം രണ്ടായിരത്തിന്റെ തുടക്കത്തിലാണ് നായകനായി അരങ്ങേറുന്നത്. അന്ന് പ്രായം ഇരുപത് പോലും ആയിരുന്നില്ല. നായകനായി ചെയ്ത ആദ്യ സിനിമ മുതൽ സിമ്പുവിന് വലിയൊരു ആരാധക വൃന്ദമുണ്ടായിരുന്നു.

മാത്രമല്ല ആ ചെറിയ പ്രായത്തിൽ തന്നെ തിരക്കഥ രചന, സംവിധാനം, പിന്നണി ഗാനാലാപനം, ഗാനരചന തുടങ്ങി സിനിമയുടെ സകല മേഖലകളിലും സിമ്പു സജീവമായിരുന്നു. ഇന്ന് തമിഴ് സിനിമയുടെ മുൻനിരയിൽ സൂപ്പർ താരമായി നിൽക്കുന്ന നടന് തന്റെ പ്രായത്തിന്റെ അത്രത്തോളം തന്നെ സിനിമയിലും പരിചയ സമ്പത്തുണ്ട്. നായകനായി വളർന്നശേഷമാണ് സിമ്പുവിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായി തുടങ്ങിയത്.
അതിൽ ഏറ്റവും കൂടുതൽ നടന് എതിരെ വന്നിട്ടുള്ള ഒരു വിമർശനം ഷൂട്ടിന് കൃത്യസമയത്ത് എത്തുന്നില്ല. സിനിമയുമായി സഹകരിക്കുന്നില്ല. തന്നിഷ്ടത്തിന് പെരുമാറുന്നുവെന്നതാണ്. പലപ്പോഴും ഇത് ആയുധമാക്കിയാണ് മറ്റ് താരങ്ങളുടെ ആരാധകർ സിമ്പുവിന് എതിരെ കല്ലെറിഞ്ഞിരുന്നത്. അതിന് തക്കതായ ഒരു വിശദീകരണം നടന് നൽകാനുണ്ട്.
തഗ് ലൈഫ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താൻ മറ്റ് സംവിധായകരുടെ സിനിമ സെറ്റിൽ വൈകി എത്തുകയും മണിരത്നത്തിന്റെ സിനിമ സെറ്റുകളിൽ കൃത്യനിഷ്ഠ പാലിക്കുകയും ചെയ്തിന് ഒരു കാരണമുണ്ടെന്ന് പറയുകയാണിപ്പോൾ സിമ്പു. എ.ആർ റഹ്മാൻ ഗാനങ്ങളെ കുറിച്ചും സംഗീത സംവിധാനം എന്ന പ്രൊഫഷനോട് അദ്ദേഹം കാണിക്കുന്ന ആത്മസമർപ്പണത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തന്റെ പേരിലുണ്ടായ വിവാദത്തിന് നടൻ മറുപടി നൽകിയത്.
തഗ് ലൈഫിലെ ജിംഗ്ച്ച സോങ് റിലീസ് ചെയ്യുന്നതിന് തലേദിവസം വരെ റഹ്മാൻ സാർ അതിന്റെ മിനുക്ക് പണിയിലായിരുന്നു. ഇനിയും എന്തെങ്കിലുമൊക്കെ ചെയ്ത് കൂടുതൽ നന്നാക്കാൻ പറ്റുമോ എന്നതാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്. ആദ്യ സിനിമ മുതൽ ഈ സിനിമ വരെയും അദ്ദേഹം അത് ചെയ്യുന്നുണ്ട്.

മണി സാറും അതുപോലെയാണ്. അദ്ദേഹം ഷൂട്ടിങ് അതിരാവിലെ വെയ്ക്കുന്നുവെന്ന പരാതി പലരും പറഞ്ഞ് കേൾക്കാറുണ്ട്. വളരെ സ്ട്രിക്ടാണ്. എല്ലാം കൃത്യമായി നടക്കണമെന്ന് നിർബന്ധമുള്ളയാളുമാണ്. ഞാൻ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയശേഷം പലരും എന്നോട് ചോദിച്ച ചോദ്യമുണ്ട്. മണി സാറിന്റെ സിനിമയാണെങ്കിൽ സമയക്രമം പാലിക്കാൻ സിമ്പുവിന് അറിയാമല്ലോ..? എന്താ മണി സാറിനെ പേടിയാണോ അതോ അദ്ദേഹം സ്ട്രിക്ടാണോ എന്നതായിരുന്നു ചോദ്യം.
എനിക്ക് മണി സാറിനെ ഭയമില്ല. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. മണി സാറിന്റെ സിനിമയുടെ ഷൂട്ടിങിന് ഒരു ദിവസം പോലും ഞാൻ വൈകി സെറ്റിൽ പോയിട്ടില്ല. ചിലപ്പോഴൊക്കെ മണി സാർ എത്തും മുമ്പ് സെറ്റിൽ എത്തിയിട്ടുമുണ്ട്. ഒരു സംവിധായകനേയും നിർമാതാവിനേയും വിശ്വസിച്ച് ഒരു അഭിനേതാവ് സെറ്റിൽ ഷൂട്ടിന് എത്തുമ്പോൾ പറഞ്ഞ സമയത്ത് ഷൂട്ടിങ് നടക്കണം.
അതുപോലെ സംവിധായകൻ സമയത്ത് വരണം. മണി സാർ അത് ചെയ്യാറുണ്ട്. തനിക്ക് എന്താണ് ഷൂട്ട് ചെയ്യേണ്ടതെന്ന ധാരണയും അദ്ദേഹത്തിനുണ്ട്. അതുപോലെ ഒരു അഭിനേതാവിന്റെയും സമയമോ കോൾ ഷീറ്റോ ഒന്നും അദ്ദേഹം വെറുതെ പാഴാക്കില്ല. പറഞ്ഞ സമയത്ത് എല്ലാം ചെയ്ത് പൂർത്തിയാക്കും പടം റിലീസ് ചെയ്യും കൃത്യമായി പെയ്മെന്റും തരും. ഇത്രയൊക്കെ ഒരാൾ വർഷങ്ങളായി പെർഫെക്ടായി ചെയ്ത് വരുമ്പോൾ ഞാനെന്നല്ല ആരായാലും കൃത്യസമയത്ത് ഷൂട്ടിന് സെറ്റിൽ എത്തിച്ചേരുമെന്നാണ് സിമ്പു പറഞ്ഞത്.


Click it and Unblock the Notifications











