വിടിവിയ്ക്കുശേഷം ചിമ്പുവും തൃഷയും വീണ്ടും
പ്രേക്ഷമനസുകളില്‍ പ്രണയം പെയ്യിച്ച ചിത്രമായിരുന്നു ഗൗതം മേനോന്‍ ഒരുക്കിയ വിണ്ണൈ താണ്ടി വരുവായാ. ചിത്രത്തില്‍ ജോഡികളായി എത്തിയ തൃഷയും ചിമ്പുവും ചിത്രത്തിലുടനീളം മികച്ച കെമിസ്ട്രി പങ്കിടുകയും മികച്ച താരജോഡികള്‍ എന്ന് പേരെടുക്കുകയും ചെയ്തു. അപൂര്‍വ്വ സുന്ദരമായ അനുഭവമായി മാറിയ വിണ്ണൈ താണ്ടി വരുവായായ്ക്കുശേഷം തൃഷയും ചിമ്പുവും വീണ്ടും നായികയും നായകനുമായി എത്താന്‍ പോകുന്നുവെന്നതാണ് തമിഴകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയായിരിക്കും ഇവര്‍ ഒന്നിയ്ക്കുകയെന്നാണ് കേള്‍ക്കുന്നത്. ഈ ചിത്രത്തിന്റെ പേരെന്താണെന്നോ, പ്രമേയം എന്താണെന്നോ ഉള്ള കാര്യങ്ങള്‍ ശെല്‍വരാഘവന്‍ പുറത്തുവിട്ടിട്ടില്ല. തമിഴകത്തിന്റെ ബാഡ് ബോയ് എന്നറിയപ്പെടുന്ന ചിമ്പുവിന് ഇപ്പോള്‍ ഏറെ ചിത്രങ്ങളുണ്ട്. തൃഷയാണെങ്കില്‍ തമിഴകത്ത് കഴിവ് തെളിയിച്ച ടോപ് ടെന്‍ താരങ്ങളില്‍ ഒരാളാണ്. രണ്ടുപേര്‍ക്കും തമിഴകത്ത് വന്‍ ആരാധകക്കൂട്ടമുണ്ട്.

ഇതിന് മുമ്പ് തൃഷ സെല്‍വരാഘവന്‍ ഒരുക്കിയ തെലുങ്കു ചിത്രമായ ആദാവരി മടലകു ആര്‍ധലെ വെരുലേ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പുതിയ സെല്‍വരാഘവന്‍ ചിത്രം വരുണ്‍ മണിയനാണ് നിര്‍മ്മിക്കുന്നതെന്നാണ് സൂചന.
ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുക യുവാന്‍ ശങ്കര്‍ രാജയാണ്. മുമ്പ് സെല്‍വരാഘവന്‍ ചിത്രങ്ങളായ കാതല്‍ കൊണ്ടേന്‍, 7 ജി റെയിന്‍ബോ കോളനി, പുതുപേടൈ തുടങ്ങിയ ചിത്രങ്ങള്‍ക്ക് യുവാന്‍ സംഗീതമൊരുക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ മാസത്തില്‍ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











