ഡബ്ബിംഗ് ബാത്ത് റൂമിൽ നിന്ന്; അഹങ്കാരം വിനയായ ചിമ്പു; യുവ നടിയെ പരസ്യമായി അപമാനിച്ച പിതാവും
സിനിമാ ലോകത്തെ പേരും പ്രശസ്തിയിലും മതി മറന്ന് കരിയറിൽ വലിയ വീഴ്ച സംഭവിച്ച താരങ്ങൾ ഏറെയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലഘട്ടം മുതൽ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ വന്ന് കരിയറിലും ജീവിതത്തിലും വലിയ തിരിച്ചടികളുണ്ടായ നടനാണ് സിലമ്പരസൻ എന്ന ചിമ്പു. നടന്റെ 41ാം പിറന്നാൾ ദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ നടന് കരിയറിൽ സംഭവിച്ച വീഴ്ച വീണ്ടും ചർച്ചയാവുകയാണ്.
പൊതുവേദികളിൽ പ്രമുഖ താരങ്ങൾക്കെതിരെ തുറന്നടിക്കാൻ ചിമ്പു മടിച്ചിട്ടില്ല. നടൻ ധനുഷുമായി ചിമ്പുവിനുണ്ടായ അസ്വാരസ്യം ഏറെക്കാലം നീണ്ടു നിന്നു. ധനുഷിന്റെ മുൻ ഭാര്യ ഐശ്വര്യ രജിനികാന്തിന്റെ അടുത്ത സുഹൃത്തായിരുന്നു ചിമ്പു. ഇവർ ഡേറ്റിംഗിലായിരുന്നെന്നും ഗോസിപ്പുണ്ടായിരുന്നു. ധനുഷ് ഐശ്വര്യയെ വിവാഹം ചെയ്ത ശേഷം ചിമ്പു നടനോട് ശത്രുത കാണിച്ചെന്നാണ് പുറത്ത് വന്ന വിവരം. ഏറെക്കാലത്തിന് ശേഷമാണ് ഈ അകൽച്ച അവസാനിച്ചത്.

കരിയറിലെ തിളക്കമേറിയ കാലത്ത് ചിമ്പുവുണ്ടാക്കിയ പ്രശ്നങ്ങളും ചെറുതല്ല. നിർമാതാക്കൾക്കും സംവിധായകർക്കും തലവേദനയായിരുന്നു ഒരു കാലത്ത് ചിമ്പു. ഷൂട്ടിന് കൃത്യമായി എത്താതിരിക്കൽ, പ്രൊഡ്യൂസർക്ക് നഷ്ടമുണ്ടാക്കുന്ന നിബന്ധനകളും പ്രവൃത്തികളും തുടങ്ങി നടനെക്കൊണ്ടുള്ള പ്രശ്നങ്ങൾ സിനിമാ ലോകത്ത് സംസാരമായിരുന്നു. 2017 ൽ പുറത്തിറങ്ങിയ അൻപാതവൻ അസറാദവൻ അടങ്ങാദവൻ എന്ന സിനിമയുടെ നിർമാതാവ് മൈക്കൽ രായപ്പൻ ചിമ്പുവിനെതിരെ പരസ്യമായി രംഗത്തെത്തി. നടന്റെ അനാസ്ഥ കാരണം താൻ കടത്തിലായെന്ന് നിർമാതാവ് ആരോപിച്ചു.
ഷൂട്ടിംഗിന് കൃത്യമായി എത്തിയില്ല, ഡബ്ബിംഗിന് സ്റ്റുഡിയോയിൽ വരാൻ തയ്യാറാകാതെ സ്വന്തം ബാത്ത് റൂമിൽ നിന്ന് ഡയലോഗ് റെക്കോർഡ് ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് നിർമാതാവ് ഉന്നയിച്ചത്. സിനിമയുടെ സംവിധായകൻ അധിക് രവിചന്ദ്രനും ചിമ്പുവിനെതിരെ സംസാരിച്ചു.

നടനെക്കുറിച്ചുള്ള വിവാദങ്ങൾ കാരണം ഒപ്പം അഭിനയിക്കാൻ നായികമാരാരും തയ്യാറായില്ല. ഇത് കാരണം ഷൂട്ടിംഗ് രണ്ട് മാസം നീണ്ടുപോയി. നായികമാരെ ലഭിച്ച് ഷൂട്ട് തുടങ്ങിയപ്പോൾ ചിമ്പുവിന്റെ നിബന്ധനകളുമെത്തി. മധുരയിലായിരുന്നു ഷൂട്ടിംഗ് വെച്ചത്. മധുരയിലെ ചൂട് പറ്റില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗ് ലൊക്കേഷൻ മറ്റൊരു സ്ഥലത്തേക്ക് നടൻ മാറ്റി. ഇതിന് ശേഷവും പ്രശ്നങ്ങളുണ്ടായി. ഞായറാഴ്ചകളിൽ ഷൂട്ടിന് വരാതായി. പൊതുവിടങ്ങളിലെ ഷൂട്ടിംഗിനും വന്നില്ല.
നായിക ശ്രിയ ശരണിന്റെ ഷെഡ്യൂൾ പൂർത്തിയായ ശേഷം നടിയെ മാറ്റണമെന്ന് ചിമ്പു ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാൻ നിർമാതാവും സംവിധായകനും തയ്യാറായില്ല. ഷൂട്ടിംഗ് ദുബായിൽ നിന്നും ലണ്ടനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ചിമ്പുവിന്റെ നിബന്ധനകളിൽ സഹികെട്ടാണെങ്കിലും ഷൂട്ടിംഗ് പൂർത്തിയാക്കി. പക്ഷെ കനത്ത നഷ്ടമാണ് ഈ ചിത്രം നിർമാതാവിനുണ്ടാക്കിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ചിമ്പുവിന് സിനിമാ ലോകത്ത് വിലക്ക് വന്നു. ഇതിനിടെ കരിയറിൽ വലിയ വീഴ്ച ചിമ്പുവിന് സംഭവിച്ചു. വണ്ണം കൂടിയതോടെ നടൻ സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ടു. കരിയറിൽ വലിയ പതനം സംഭവിച്ച ചിമ്പുവിന് ഇക്കഴിഞ്ഞ വർഷങ്ങളിലായി തിരിച്ച് വരവിന്റെ പാതയിലാണ്. ചിമ്പുവിന്റെ പിതാവ് ടി രാജേന്ദറും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.
2017 ൽ നടി സായ് ധൻസികയെ പരസ്യമായി അപമാനിച്ച സംഭവത്തിൽ രാജേന്ദറിന് നേരെ വ്യാപക വിമർശനം വന്നു. വിഴിത്തിരു എന്ന സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കവെ നന്ദി പറഞ്ഞവരുടെ കൂട്ടത്തിൽ രാജേന്ദറിന്റെ പേര് പറയാൻ ധൻസിക മറന്നു. ദേഷ്യം വന്ന ഇയാൾ നടിയെക്കൊണ്ട് പരസ്യമായി കാല് പിടിപ്പിച്ചു. നടി പൊതുവേദിയിൽ കരയുകയും ചെയ്തു.


Click it and Unblock the Notifications