തമിഴ് ദൃശ്യത്തില്‍ അഭിനയിക്കുന്നില്ലെന്ന് സിമ്രാന്‍
സംവിധായകന്‍ ജീത്തു ജോസഫ് ദൃശ്യമെന്ന ചിത്രമൊരുക്കാന്‍ തീരുമാനിച്ചപ്പോള്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം നായികയെ കിട്ടാത്തതായിരുന്നു. മോഹന്‍ലാലിന്റെ ഭാര്യയായി രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കാന്‍ മലയാളത്തിലെ മുന്‍നിര നടിമാരൊന്നും തയ്യാറാകാതിരുന്നത് ജീത്തുവിനെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.
അവസാനം അന്യഭാഷാ താരങ്ങളെ തിരഞ്ഞുപോകേണ്ട അവസ്ഥയായിരുന്നു ജീത്തുവിന്. ഒടുവില്‍ ഭാഗ്യത്തിനാണ് തിരക്കഥ കേട്ട മീന ആ റോള്‍ ചെയ്യാന്‍ തയ്യാറായത്. അതിന് മുമ്പ് തമിഴ് നടി സിമ്രാനുള്‍പ്പെടെയുള്ളവരെ ജീത്തു സമീപിച്ചിരുന്നു.

ഇപ്പോഴിതാ ദൃശ്യം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോഴും ജീത്തുവിന് ചില പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നിരിക്കുകയാണ്. മീന, സിമ്രാന്‍, നദിയ മൊയ്തു ഇവരില്‍ ആരെങ്കിലും രണ്ടുപേരെ തമിഴ് ദൃശ്യത്തില്‍ കമല്‍ ഹസ്സനൊപ്പം അഭിനയിപ്പിക്കാമെന്നതായിരുന്നു ജീത്തുവിന്റെ തീരുമാനം. പിന്നീട് മീനയെ ഒഴിവാക്കി സിമ്രാനും നദിയ മൊയ്തുവും മതിയെന്ന് തീരുമാനിച്ചു.
എന്നാല്‍ ഇപ്പോള്‍ സിമ്രാന്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ്. തമിഴ് ദൃശ്യത്തില്‍ താന്‍ അഭിനയിക്കുമെന്നുള്ള വാര്‍ത്തകള്‍ സത്യമല്ലെന്നും താന്‍ ആര്‍ക്കും ഇക്കാര്യത്തില്‍ വാക്കൊന്നും കൊടുത്തിട്ടില്ലെന്നുമാണ് സിമ്രന്‍ പറയുന്നത്.
ദൃശ്യമെന്ന ചിത്രത്തിന്റെ ഒരു ഭാഷയിലേയ്ക്കുള്ള റീമേക്കിലും ഞാന്‍ അഭിനയിക്കുന്നില്ല. ഞാന്‍ ഏതെങ്കിലും ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അക്കാര്യം കൃത്യസമയത്തുതന്നെ മാധ്യമങ്ങളെ അറിയിക്കുന്നതായിരിക്കും- സിമ്രന്‍ പറയുന്നു.
ഒരുകാലത്ത് തമിഴകത്ത് കത്തിനിന്ന താരമായിരുന്നു സിമ്രാന്‍. കമല്‍ ഹസ്സനൊപ്പം പമ്മല്‍ കെ സംബന്ധം, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ സിമ്രാന്‍ അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നുള്ള തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. പിന്നീട് വിവാഹംകഴിഞ്ഞ് സിമ്രന്‍ സിനിമ വിടുകയും ചെയ്തു.
ഇപ്പോള്‍ വീണ്ടും കമല്‍ ഹസ്സനൊപ്പം അഭിനയിച്ചാല്‍ പഴയ കഥകള്‍ വീണ്ടും പൊങ്ങിവരുമെന്നുള്ള ഭയമാണ് ദൃശ്യത്തില്‍ അഭിനയിക്കുന്നില്ലെന്നുള്ള കാര്യം വെളിപ്പെടുത്താന്‍ സിമ്രനെ പ്രേരിപ്പിച്ചതെന്നാണ് കോടമ്പാക്കത്തെ പാപ്പരാസികള്‍ പറയുന്നത്.


Click it and Unblock the Notifications