പണം വീട് വിട്ട് പോകരുതെന്ന് സൂര്യയുടെ പിതാവ്; നഷ്ടപ്പെട്ടത് കോടികൾ; ഗജിനിയിലൂടെ ലഭിക്കേണ്ടിയിരുന്നത്
തമിഴ് സിനിമാ രംഗത്ത് വൻ ചർച്ചയായ സിനിമയാണ് 2005 ൽ പുറത്തിറങ്ങിയ ഗജിനി. എആർ മുരുഗദോസിന്റെ സംവിധാനത്തിൽ സൂര്യയും അസിനും പ്രധാന വേഷത്തിലെത്തിയ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. സൂര്യ, അസിൻ എന്നിവരുടെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. ഗജിനിയുടെ വിജയത്തോടെ അസിൻ ബോളിവുഡിലേക്ക് കടന്നു. അതും ഇതേ സിനിമയുടെ റീമേക്കിലൂടെ. സൂര്യയുടെ താരമൂല്യം കുതിച്ചുയർന്നു.
സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിൽ കണ്ടതെന്ന് ആരാധകർ പ്രശംസിച്ചു. കഥാപാത്രത്തിന് വേണ്ടി വലിയ മേക്കോവർ നടത്തി. നടന്റെ സിക്സ് പാക്ക് ബോഡി തരംഗം സൃഷ്ടിച്ചു. ഗജിനി ബോളിവുഡിലെത്തിയപ്പോഴും വൻ വിജയമായി. ആമിർ ഖാനാണ് ചിത്രത്തിൽ നായകനായത്. കോടികളാണ് രണ്ട് ഭാഷകളിലും സിനിമ നേടിയത്. 100 കോടി ക്ലബിൽ ഇടം പിടിച്ച ആദ്യ ബോളിവുഡ് സിനിമയാണ് ഗജിനി.

തമിഴകത്തും ചിത്രം കോടികൾ വാരി. ഗജിനിയിൽ നിന്നും ഒരുപക്ഷെ കുറേക്കൂടി പണം സൂര്യക്കും കുടുംബത്തിനും ലഭിച്ചേനെ. ഇതേക്കുറിച്ച് നിർമാതാവ് എഎൽ അഴകപ്പൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഗജിനി സിനിമ ചെയ്യവെ നിർമാതാവ് ചന്ദ്രശേഖരിന് 80 ലക്ഷം രൂപയുടെ കുറവ് വന്നു. അത് കണ്ടെത്താൻ ശ്രമിക്കവെ ഞാൻ ശിവകുമാർ സാറിനടുത്ത് പോയി. 80 ലക്ഷം രൂപ കൊടുത്ത് സിനിമയുടെ റെെറ്റ്സെല്ലാം എഴുതി വാങ്ങിക്കെന്ന് പറഞ്ഞു.
പടം നല്ലതാണ്. നന്നായി ഓടും, നിങ്ങളുടെ മകനും വലിയ ആളാകുമെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം അഴകപ്പൻ, പണം ഇങ്ങോട്ടേക്ക് വരണം, വീട് വിട്ട് പുറത്തേക്ക് പോകരുതെന്ന് പറഞ്ഞു. അതിന് ശേഷം പണം അല്ലു അരവിന്ദ് കൊടുത്തു. സിനിമ പുറത്തിറങ്ങി വൻ ഹിറ്റായെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപക്ഷെ റെെറ്റ്സ് ശിവകുമാറിന് സ്വന്തമാക്കിയിരുന്നെങ്കിൽ കോടികൾ പിന്നീട് ലഭിക്കുമായിരുന്നു. വലിയ തുകയ്ക്ക് ഹിന്ദി റെെറ്റ്സ് കൊടുക്കാൻ സാധിച്ചേനെ.

തമിഴിനേക്കാൾ വലിയ ഹിറ്റായിരുന്നു ബോളിവുഡിൽ ഗജിനി. അതേസമയം റീമേക്ക് ചിത്രം ചെയ്യാൻ ആമിർ ഖാന് ആദ്യം താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ സൂര്യയാണ് നടനെ പറഞ്ഞ് മനസിലാക്കിയത്. ഈ റോളിന് ഏറ്റവും മിതച്ച ചോയ്സ് താങ്കളാണെന്ന് സൂര്യ ആമിറിനോട് പറഞ്ഞു. നായികയായി ആദ്യം പരിഗണിച്ചത് പ്രിയങ്ക ചോപ്രയെയാണ്. എന്നാൽ പിന്നീട് അസിനിലേക്ക് ഈ റോളെത്തി.
കൽപ്പന എന്ന കഥാപാത്രം രണ്ട് ഭാഷകളിലും അസിൻ അവിസ്മരണീയമാക്കി. എആർ മുരുഗദോസ് തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്തത്. ക്യാരക്ടർ റോളുകളിലൂടെ ശ്രദ്ധ നേടിയ ശിവകുമാറിന് പിൽക്കാലത്ത് തന്റെ രണ്ട് മക്കളെയും താരങ്ങളാക്കി മാറ്റാൻ കഴിഞ്ഞു. സൂര്യയും കാർത്തിയും ഇന്ന് തമിഴകത്തെ തിരക്കേറിയ താരങ്ങളാണ്.


Click it and Unblock the Notifications











