കുറച്ച് മര്യാദ കാണിക്കൂ, എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചത് എന്തിനാണ്?; വിശാലിനെതിരെ ശ്രീ റെഡ്ഡി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രംഗത്തുണ്ടാകുന്ന വിവാദങ്ങൾ മറ്റ് ഭാഷകളിലും ചർച്ചയാകുന്നുണ്ട്. സമാനമായ സമിതി തമിഴകത്തും ഉണ്ടാകുമെന്ന് തമിഴകത്തെ താര സംഘടനയായ നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ വ്യക്തമാക്കിയിട്ടുണ്ട്. അധികം വൈകാതെ പ്രത്യേക സമിതി രൂപീകരിക്കുമെന്നാണ് വിശാൽ വ്യക്തമാക്കിയത്. സംഘടന നടൻമാർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും നടിമാർക്ക് വേണ്ടിയുള്ളതാണെന്നും വിശാൽ പറഞ്ഞു.
സിനിമാ മോഹവുമായി എത്തുന്നവരിൽ 20 ശതമാനം പേർക്ക് മാത്രമാണ് അവസരം ലഭിച്ചത്. അതിനാൽ തന്നെ അവസരം നൽകാമെന്ന വാഗ്ദാനം നൽകി കബളിപ്പിക്കാൻ സാധ്യതയുണ്ട്. സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം. ആരെങ്കിലും മോശമായി പെരുമാറിയാൽ ചെരുപ്പ് കൊണ്ടടിക്കണമെന്നും വിശാൽ വ്യക്തമാക്കി. ഇപ്പോഴിതാ വിശാലിന്റെ പ്രസ്താവനയിൽ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ശ്രീറെഡ്ഡി. വിശാലിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉന്നയിച്ച നടിയാണ് ശ്രീ റെഡ്ഡി.

സ്ത്രീലമ്പടനായ മുടി നരച്ച അങ്കിളേ, സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോൾ മാധ്യമങ്ങളുടെ മുന്നിൽ നിങ്ങളുടെ നാക്ക് സൂക്ഷിക്കണമെന്ന് ഞാൻ കരുതുന്നു. നീ സ്ത്രീകളെക്കുറിച്ച് പറയാൻ ഉപയോഗിക്കുന്ന വൃത്തികെട്ട ഭാഷ, നല്ല ആളുകൾക്ക് നിങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നിവയെല്ലാം എല്ലാവർക്കും അറിയാം. നിങ്ങൾ എക്കാലവും ഫ്രോഡാണ്. ലോകത്തിന് നീ എത്ര വലിയ ഫ്രോഡാണെന്ന് അറിയാം.
മാധ്യമങ്ങൾക്ക് മുമ്പിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിങ്ങൾ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാൻ കരുതുന്നില്ല. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചു. എന്തുകൊണ്ട്?, വിവാഹം നിശ്ചയം മുടങ്ങി, എന്തുകൊണ്ട്?, അടുത്ത തവണ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകൂ. ഒരു സംഘടനയിൽ സ്ഥാനമുണ്ടാകുന്നത് വലിയ കാര്യമല്ല. കുറച്ച് മര്യാദ കാണിക്കൂയെന്ന് ശ്രീ റെഡ്ഡി സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ കൈയിൽ ചെരുപ്പുകളുടെ വലിയൊരു കലക്ഷനുണ്ട്. വേണമെങ്കിൽ അറിയിക്കൂ എന്നും ശ്രീ റെഡ്ഡി കുറിപ്പിൽ പരിഹസിക്കുന്നു.

വിശാൽ തന്നെയുൾപ്പെടെ നിരവധി സ്ത്രീകളെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് നേരത്ത ശ്രീ റെഡ്ഡി ആരോപിച്ചത്. അവസരത്തിന് വേണ്ടി നിരവധി സ്ത്രീകൾക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നെന്നും വിശാൽ മോശം വ്യക്തിയാണെന്നും ശ്രീ റെഡ്ഡി ആരോപിച്ചു. വിശാലിനെക്കൂടാതെ നിരവധി താരങ്ങൾക്കെതിരെ ശ്രീ റെഡ്ഡി സംസാരിച്ചിട്ടുണ്ട്. മീ ടൂ ആരോപണം സിനിമാ ലോകത്ത് അലയടിച്ച സമയത്തായിരുന്നു ശ്രീ റെഡ്ഡിയുടെ ആരോപണങ്ങൾ.
എന്നാൽ പലപ്പോഴും ശ്രീ റെഡ്ഡിയുടെ ആരോപണങ്ങൾ പലരും മുഖ വിലയ്ക്കെടുത്തില്ല. മലയാള സിനിമാ രംഗത്ത് നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന തുറന്ന് പറച്ചിൽ തമിഴ്, തെലുങ്ക് സിനിമാ ലോകത്തും തുടരാൻ സാധ്യതയുണ്ട്. എന്നാൽ തമിഴിലും തെലുങ്കിലും ഇത്ര വലിയ വിവാദമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അഭിപ്രായമുണ്ട്. ഈ രണ്ട് ഭാഷകളിലും സിനിമാ ലോകവും രാഷ്ട്രീയ ലോകവും തമ്മിൽ അന്തർധാര സജീവമാണ്. പ്രത്യേകിച്ചും തെലുങ്ക് സിനിമാ ലോകത്ത്.


Click it and Unblock the Notifications











