വിജയുടെ 58 ഞെട്ടിയ്ക്കും, തീര്‍ച്ച
വിജയ് യുടെ 'കത്തി' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തമിഴകവും വിജയ് ആരാധകരും. അമ്പത്തിയേഴാമത്തെ ചിത്രം കത്തിയിലൂടെ പൂര്‍ത്തിയാക്കി വിജയ് 58 ലേക്ക് കടന്ന സന്തോഷവര്‍ത്തയും അതിനിടയില്‍ വിജയ് ആരാധകരുടെ കാതുകളില്‍ എത്തിക്കാണും. എന്നാല്‍ കേള്‍ക്കാത്ത ചില കാര്യങ്ങളുണ്ട്.
ചിമ്പുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് യുടെ അമ്പത്തിയെട്ടാമത്തെ ചിത്രം ഞെട്ടിയ്ക്കും എന്ന വിലയിരുത്തലിലെത്താനുള്ള പ്രധാന കാര്യങ്ങള്‍ ഇനി പറയുന്നതാണ്. അതിലൊന്ന് വിജയ് ഇരട്ട വേഷത്തിലെത്തുന്നു എന്നതാണ്.

രണ്ട് ചിത്രങ്ങളിലാണ് ഇതിന് മുമ്പ് വിജയ് ഇരട്ട വേഷത്തിലെത്തിയത്. 'അഴകിയ തമിഴ് മകനും' ഇപ്പോള്‍ 'കത്തി'യും. രണ്ടും ആരാധകരെ നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല, വമ്പന്‍ ഹിറ്റും. അമ്പത്തിയെട്ടാമത്തെ ചിത്രത്തിലും വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നത് ഈ ചിത്രങ്ങളെ മനസ്സില്‍ വച്ച് ചിന്തിക്കുമ്പോള്‍ പ്രതീക്ഷയാണ്.
ആദ്യകാല നായിക ശ്രീദേവി വിജയ്‌ക്കൊപ്പം അമ്പത്തിയെട്ടാമത്തെ ചിത്രത്തിലെത്തുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. ആദ്യ കാലത്ത് തമിഴിലെ സ്ഥിരം സാന്നിധ്യമായ ശ്രീദേവി പിന്നീട് ബോളിവുഡില്‍ മിന്നിക്കയറിയതോടെ ഒരു തിരിച്ചുവരവുണ്ടായിട്ടില്ല. വിജയ് യുടെ പുതിയ ചിത്രത്തിലൂടെ അത് സാധിയ്ക്കും. രജനികാന്തിനും കമല്‍ ഹസനുമൊപ്പമാണ് നേരത്തെ ശ്രീദേവി തമിഴില്‍ അഭിനയിച്ചിട്ടുള്ളത്.

ശ്രുതി ഹസനും ഹന്‍സികയുമാണത്രെ ചിത്രത്തിലെ നായികമാര്‍. വേലായുധം എന്ന ചിത്രത്തില്‍ ജനീലിയയ്‌ക്കൊപ്പം ഹന്‍സികയും വിജയ് യുടെ നായികയായി എത്തിയിരുന്നു. എന്നാല്‍ ഉലകനായകന്‍ കമല്‍ഹസന്റെ മകള്‍ ഇതാദ്യമായാണ് വിജയ് യ്‌ക്കൊപ്പം അഭിനയിക്കുന്നത്.
കത്തിയുടെ ഹാങ് ഓവര്‍ തീര്‍ച്ചയായും ഇളയദളപതി 58 ല്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ സംവിധായകന്‍ ചിമ്പുദേവന് പുതിയ ചിത്രം ഒരു വെല്ലുവിളിയാണ്. ആ സ്പിരിറ്റില്‍ എടുക്കുമ്പോള്‍ അതിന്റേതായ മേന്മ കാണാതിരിയ്ക്കുമോ. നവംബര്‍ 10ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.



Click it and Unblock the Notifications











