ഈശ്വരാ തിയറ്ററില്‍ പോവേണ്ടി വരില്ലേ; 2.0യിലെ ദൃശ്യങ്ങള്‍ വീണ്ടും ചോര്‍ന്നു!!
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ 2.0യിലെ ദൃശ്യങ്ങള്‍ വീണ്ടും പുറത്ത്. ശങ്കറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാംഭാഗമാണ് ചിത്രം. ചിട്ടി എന്ന റോബോട്ടായും ഡോ വസീകരനുമായാണ് ചിത്രത്തില്‍ രജനികാന്ത് അഭിനയിക്കുന്നത്. ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. എമി ജാക്‌സനാണ് നായിക. യന്തിരനില്‍
ഐശ്വര്യ റായിയായിരുന്നു നായിക.
ചിത്രത്തിലെ ദൃശ്യങ്ങള്‍ ഇതിനുമുന്‍പും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ ലുക്ക് ഔദ്യോഗികമായി പുറത്തിറക്കുന്നതിനുമുന്‍പു തന്നെ ഓണ്‍ലൈനിലൂടെ ചോര്‍ന്നിരുന്നു. അതോടൊപ്പം തന്നെ ചിത്രത്തിലെ ചില ആക്ഷന്‍ രംഗങ്ങളും ചോര്‍ന്നിരുന്നു. ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ച് ബിബിസി ഒരു ഡോക്യമെന്ററി തയ്യാറാക്കിയിരുന്നു. അതിലെ രംഗങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ലോകവ്യാപകമായി 10000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ചിത്രം ആദ്യദിനം തന്നെ പ്രദര്‍ശനത്തിനെത്തും. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എആര്‍ റഹ്മാനാണ്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. വിദേശ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എത്ര ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന കാര്യങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നവംബര്‍ 29നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications