16 വയസിൽ കാല് മുറിച്ച് മാറ്റി, കാലില്ലെങ്കിൽ പിന്നെന്തിന് ജീവിക്കണം! അന്ന് അച്ഛനൊരു വാക്ക് തന്നു; സുധ ചന്ദ്രൻ
നര്‍ത്തകി എന്ന നിലയില്‍ പ്രശസ്തിയിലേക്ക് എത്തിയ താരമാണ് സുധ ചന്ദ്രന്‍. സിനിമയില്‍ അഭിനേത്രിയായിട്ടും സുധ തിളങ്ങി. എന്നാല്‍ കരിയര്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഒരു കാല്‍ നഷ്ടപ്പെട്ട ആളായിരുന്നു താനെന്ന് താരം വെളിപ്പെടുത്തിയിരുന്നു. കേവലം പതിനാറ് വയസുള്ളപ്പോഴാണ് സുധയ്ക്ക് കാലുകള്‍ നഷ്ടപ്പെടുന്നത്. ശേഷം ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി ഒരു കാല്‍ മുറിച്ച് മാറ്റപ്പെട്ടു.
കാല്‍ നഷ്ടപ്പെട്ടതിന് ശേഷമാണ് നര്‍ത്തകി എന്ന നിലയില്‍ സുധ കരിയര്‍ തുടങ്ങുന്നത്. പിന്നീട് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖയായി വളര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കുണ്ടായ അപകടത്തെ കുറിച്ചും പിന്നീട് ജീവിതത്തില്‍ നടന്നത് എന്താണെന്നും പറയുകയാണ് നടിയിപ്പോള്‍. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധ ചന്ദ്രന്‍.

പതിനാറ് വയസിലാണ് എനിക്ക് അപകടം സംഭവിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ഞാന്‍ സ്റ്റേജിലേക്ക് തിരിച്ചെത്തി. ത്രിച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. അവിടെ ഞങ്ങളുടെ കുലദൈവത്തിന്റെ കോവിലില്‍ പോയി വരുമ്പോഴാണ് ഈ അപകടം നടക്കുന്നത്. നിര്‍ഭാഗ്യകരമായ കാര്യം ആദ്യമേ എനിക്ക് ചികിത്സ ലഭിച്ചത് ഗവണ്മെന്റ് ഹോസ്പിറ്റലിലാണ്. ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. അതില്‍ കുടുങ്ങിയത് മൂന്നാല് കുടുംബങ്ങള്‍ മാത്രമാണ്. അതിലൊരു കുടുംബം എന്റേതായിരുന്നു.
അവിടുത്തെ മെഡിക്കല്‍ കോളേജില്‍ എന്നെ പ്രവേശിപ്പിച്ചു. പക്ഷേ ആരോഗ്യം വളരെ മോശമായി. അവിടുന്ന് ചെന്നൈയിലെ വിജയ ഹോസ്പിറ്റലിലേക്ക് കൂട്ടി കൊണ്ട് വന്നു. എല്ലാവരും ഒത്തിരി ശ്രമിച്ച് നോക്കിയെങ്കിലും വിധിച്ചതെന്ന് പറയുന്നതൊരു കാര്യമുണ്ടല്ലോ. അതേ നടക്കുകയുള്ളു. ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് പറയുന്നത് ഒരു നര്‍ത്തകിയ്ക്ക് അവരുടെ കാല്‍ നഷ്ടപ്പെടുന്നതാണ്. ആ സമയത്ത് എനിക്ക് പ്രായപൂര്‍ത്തി പോലും ആയിട്ടില്ല. വീട്ടിലെ ഏകമകളും ഞാനാണ്. എന്റെ അപ്പയും അമ്മയും എന്റെ സ്വപ്‌നങ്ങളെല്ലാം പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്.
കാലിന് ഗുരുതരമായ പരിക്ക് പറ്റിയതിനാല്‍ ഒന്നുകില്‍ അത് മുറിച്ച് കളയുക. അല്ലെങ്കില്‍ ജീവന് അപകടമുണ്ടാവും. കാല് വേണോ ജീവന്‍ വേണോ എന്നൊരു ചോദ്യം വന്നപ്പോഴാണ് എന്റെ അച്ഛന്‍ അങ്ങനൊരു തീരുമാനം എടുത്തത്. കാല് പോയാലും സാരമില്ല, മകളെ തിരിച്ച് കിട്ടണമെന്ന് അച്ഛന്‍ പറഞ്ഞു. എന്റെ അടുത്ത് വന്ന് കാര്യം പറഞ്ഞത് അച്ഛനാണ്. അമ്മ അകത്തേക്ക് വന്നതേയില്ല. അമ്മയ്ക്ക് എന്റെ മുഖത്ത് നോക്കാന്‍ പോലും സാധിക്കില്ലായിരുന്നു.

നാളെ നിന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകുമെന്നാണ് അച്ഛന്‍ പറഞ്ഞത്. എനിക്കത് കേട്ടിട്ട് ഒന്നും തോന്നിയില്ല. കാരണം പതിനഞ്ച് ദിവസത്തിനുള്ളില്‍ ഒരുപാട് തവണ എന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോയിരുന്നു. ഇതൊക്കെ അറിഞ്ഞിട്ടും എന്തിനാണ് അങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ നാളെ ഫൈനല്‍ ഡിസിഷനാണ്. നിനക്ക് നിന്റെ കാല് നഷ്ടപ്പെടാന്‍ പോവുകയാണെന്ന് പറഞ്ഞു.
കാല് പോയാല്‍ പിന്നെ ഞാനെന്തിന് ജീവനോടെ ഇരിക്കണമെന്നാണ് ഞാന്‍ തിരികെ ചോദിച്ചത്. ഞങ്ങള്‍ക്ക് വേണ്ടി ഉണ്ടാവണമെന്ന് അച്ഛന്‍ പറഞ്ഞു. ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്കൊരു ബാധ്യതയാവും, ഇത് വേണോ എന്നൊക്കെ ചോദിച്ചപ്പോഴും അവര്‍ എന്നെ വേണമെന്ന് തന്നെ പറഞ്ഞു. മാത്രമല്ല നീ ജീവിതത്തില്‍ വിജയിക്കുന്നത് വരെ ഞാന്‍ കൂടെ നടക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. എനിക്ക് അച്ഛനും അമ്മയും ചെയ്ത് തന്നത് എനിക്കൊരിക്കലും തിരിച്ച് കൊടുക്കാന്‍ സാധിക്കില്ല. അത്രത്തോളം അവര്‍ ചെയ്തിട്ടുണ്ടെന്നും സുധ പറയുന്നു.


Click it and Unblock the Notifications











