സുഹാസിനിയും കമൽ ഹാസനും പരസ്പരം സംസാരിക്കാതായി; കാരണം വാണിയുമായി പിരിഞ്ഞത്; അന്ന് നടന്നത്
കമൽ ഹാസന്റെ വ്യക്തി ജീവിതം സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ്. ഒന്നിലേറെ വിവാഹങ്ങൾ, പ്രണയത്തകർച്ചകൾ തുടങ്ങിയവ കമൽ ഹാസന്റെ ജീവിതത്തിൽ നടന്നു. പങ്കാളിയായിരുന്നു ഗൗതമിയുമായി നടൻ പിരിഞ്ഞിട്ട് കുറച്ച് വർഷങ്ങളായി. ഇന്ന് സിനിമാ, രാഷ്ട്രീയ തിരക്കുകളിലാണ് കമൽ ഹാസൻ. നർത്തകി വാണി ഗണപതിയായിരുന്നു കമലിന്റെ ആദ്യ ഭാര്യ. 1978 ലാണ് വാണിയെ കമൽ ഹാസൻ വിവാഹം ചെയ്തത്. എന്നാൽ പത്ത് വർഷത്തിന് ശേഷം ഈ ബന്ധം അവസാനിച്ചു.
വിവാഹമോചനത്തിന് കാരണം എന്താണെന്ന് ഇന്നും വ്യക്തമല്ല. വാണിയുമായുള്ള വിവാഹ ബന്ധം നിൽനിൽക്കെയാണ് കമൽ നടി സരികയുമായി അടുത്തതെന്നാണ് ഒരു കാലത്ത് വന്ന ഗോസിപ്പ്. വാണിയുമായി കമൽ വേർപിരിഞ്ഞതിനെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് നടി കുട്ടി പത്മിനി. കമലിന്റെ ബന്ധുവായ നടി സുഹാസിനിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു കുട്ടി പത്മിനി.

സുഹാസിനിയുടെ പിതാവ് ചാരുഹാസിനെ കാണണമെന്ന് ഏറെ നാളുകൾക്ക് ശേഷം എനിക്ക് തോന്നി. ഒരു ഗ്യാപ്പ് വന്നപ്പോൾ അദ്ദേഹത്തെ പോയി കണ്ടു. 92 വയസിലും അദ്ദേഹം പഴയ സംഭവങ്ങളെല്ലാം ഓർത്തെടുത്ത് സംസാരിച്ചു. സുഹാസിനി വീട്ടിലുണ്ടോ എന്ന് ഞാൻ അന്വേഷിച്ചില്ല. അവരെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി. എന്നാൽ ഹാസിനി ഞാൻ വന്നത് അറിഞ്ഞു, വളരെ സ്നേഹത്തോടെ വന്ന് എന്നെ കെട്ടിപ്പിടിച്ചു. അന്നവിടെ പൂനം ധിലവും ഉണ്ടായിരുന്നു. അവർക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. ഭംഗിയുള്ള ഒരു സാരി എനിക്ക് തന്നു.
സുഹാസിനിക്ക് വാണി ഗണപതിയെ വളരെ ഇഷ്ടമായിരുന്നു. വാണി ഗണപതിയും കമൽ ഹാസനും പിരിഞ്ഞപ്പോൾ അവൾ വാണി ഗണപതിയെ പിന്തുണച്ചു. ഇതിന്റെ പേരിൽ ഏറെക്കാലം അവർ പരസ്പരം സംസാരിച്ചില്ല. എന്നാൽ പിന്നീട് ഈഗോയും വാശിയും കളഞ്ഞ് അവർ വീണ്ടും സംസാരിച്ചു. സുഹാസിനിയിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യം എന്തെന്നാൽ ചെറിയ പ്രായത്തിൽ കണ്ടത് പോലെ തന്നെയാണ് ഇപ്പോഴും അവൾ. ഒരു മാറ്റവും ഇല്ല.

പ്രായമായ അച്ഛനെയും അമ്മയെയും നോക്കുന്നു. പണം ചെലവഴിച്ച് കെയർ ടേക്കറെ വെക്കുകയല്ല ചെയ്തത്. ദിവസേന അച്ഛനോടും അമ്മയോടും സംസാരിക്കും. വീട്ടിൽ അവർക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കും. ആ അനുഗ്രഹമാണ് സുഹാസിനി ഇന്ന് ഉയരങ്ങളിൽ നിൽക്കുന്നതിന് കാരണമെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. വാണി ഗണപതിയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകൾ നേരത്തെ ചർച്ചയായിരുന്നു.
വിവാഹമോചനത്തിന് ശേഷം ജീവനാംശമായി വലിയ തുക നൽകേണ്ടി വന്നത് തന്നെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് അന്ന് കമൽ ഹാസൻ പറഞ്ഞത്. എന്നാൽ ഈ വാദത്തെ വാണി ഗണപതി എതിർത്തു. വാണിയുമായി പിരിഞ്ഞ ശേഷം കമൽ നടി സരികയെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും മുന്നോട്ട് പോയില്ല.
2004 ൽ സരികയും കമലും വേർപിരിഞ്ഞു. ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവരാണ് ഇവർക്ക് പിറന്ന മക്കൾ. സരികയുമായി അകന്ന ശേഷമാണ് ഗൗതമി കമൽ ഹാസന്റെ ജീവിതത്തിലേക്ക് വരുന്നത്. ഗൗതമിയുടെ ആദ്യ വിവാഹബന്ധവും വേർപിരിഞ്ഞതാണ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്.


Click it and Unblock the Notifications