ഏറ്റവും ചെലവേറിയ ചിത്രത്തില്‍ സുരേഷ് ഗോപി വില്ലന്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പേര് ഇനി തമിഴ് സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന 'ഐ'യ്ക്ക് സ്വന്തമാണ്. 150കോടി ചെലവുവരുന്ന ചിത്രത്തില്‍ വിക്രമാണ് നായകനാകുന്നത്. ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ പേരില്‍ മലയാളികള്‍ക്കും ബഹുമാനിയ്ക്കാന്‍ ഒരു വകയുണ്ട്. ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യുന്നത് മലയാളത്തിന്റെ ഒരു സൂപ്പര്‍താരമാണ്. മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയാണ് 'ഐ'യില്‍ വിക്രമിന്റെ വില്ലന്‍.
150കോടിയാണ് ചിത്രത്തിന്റെ പ്രഖ്യാപിത ബജറ്റ് എന്നാല്‍ ചിത്രീകരണവും പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികള്‍ കഴിയുമ്പോഴേയ്ക്കും ചെലവ് 150കോടി കടക്കുമെന്നാണ് സൂചന. മാര്‍ച്ച് മാസത്തില്‍ ഐയുടെ ചിത്രീകരണം പൂര്‍ത്തിയാകും. ഏപ്രില്‍ 14ന് റിലീസ് ചെയ്യത്തക്ക വിധത്തിലാണ് ഇപ്പോല്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ചിത്രീകരണത്തിനൊപ്പം തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നടക്കുന്നുണ്ട്.

തമിഴിലെ പെര്‍ഫക്ഷനിസ്റ്റായ ശങ്കര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ധാരാളം സമയമെടുക്കുക പതിവാണ്. അതുകൊണ്ടുതന്നെ ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങാന്‍ സാധ്യതയില്ലെന്നും ജൂണിലോ ജൂലൈയിലോ ആകും ചിത്രമെത്തുകയെന്നും കേള്‍ക്കുന്നുണ്ട്.
ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രമെത്തുന്നത്. ഈ ചിത്രത്തിനായി വിക്രം ശരീരഭാരം കുറയ്ക്കുകയും തല മൊട്ടയടിയ്ക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ വിക്രമിന്റെ ജോഡിയായി എത്തുന്നത് അമി ജാക്‌സണാണ്. ഫെബ്രുവരി ആദ്യവാരം ഇവര്‍ രണ്ടുപേരും ഒന്നിയ്ക്കുന്നൊരു ഗാനം കൊടൈ കനാലില്‍ ചിത്രീകരിക്കുന്നുണ്ട്. മാര്‍ച്ചിലാണ് മറ്റൊരു ഗാനം ചിത്രീകരിക്കുക. ഇതോടുകൂടി ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിയ്ക്കും.


Click it and Unblock the Notifications











