ഒടിടി റിലീസിന് ഒരുങ്ങി സൂര്യ ചിത്രവും! കോവിഡ് ദുരിതാശ്വാസത്തിന് അഞ്ച് കോടിയുമായി താരം
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള സൂപ്പര്‍ താരങ്ങളിലൊരാളാണ് നടന്‍ സൂര്യ. നടിപ്പിന്‍ നായകന്റെതായി വരാറുളള മിക്ക സിനിമകളും മലയാളികളും ഏറ്റെടുക്കാറുണ്ട്. നിലവില്‍ സുരരൈ പ്രോട്രാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് തിയ്യതി നടന്‍ അറിയിച്ചത്. ഒടിടി റിലീസായി ഒക്‌ടോബര്‍ 30നാണ് സുരരെെ പോട്രു എത്തുന്നത്. ആമസോണ്‍ പ്രൈം വഴിയാണ് സൂര്യ ചിത്രത്തിന്റെ റിലീസ്. അതേസമയം റിലീസ് തിയ്യതിക്ക് പിന്നാലെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി താന്‍ സംഭാവന നല്‍കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

കോവിഡ് കാരണം ദുരിതത്തിലായ സിനിമാ പ്രവര്‍ത്തകരെയും കോവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നല്‍കുന്നത്. അതേസമയം നിലവിലെ സാഗചര്യം കണക്കിലെടുത്താണ് സുരരൈ പോട്ര് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതെന്നും തിയ്യേറ്റര്‍ ഉടമകളും ആരാധകരും സാഹചര്യം മനസ്സിലാക്കണമെന്നും സൂര്യ പറഞ്ഞു. തിയ്യേറ്റര്‍ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങള്‍ കൂടി ചെയ്യുന്നുണ്ടെന്നും സൂര്യ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
അതേസമയം സുധ കൊങ്കാരയാണ് സൂര്യയുടെ സുരരൈ പോട്ര് സംവിധാനം ചെയ്യുന്നത്. മലയാളി താരം അപര്‍ണ ബാലമുരളി സൂര്യയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. സൂര്യ ചിത്രങ്ങളുടെ ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററുമെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. ഏയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കിയുളള സിനിമ കൂടിയാണിത്. കെവി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന് ശേഷം സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. സുരരൈ പോട്രിലും വേറിട്ട മേക്കോവറുകളില്‍ സൂര്യ എത്തുന്നുണ്ട്.
സിനിമയ്ക്ക് വേണ്ടി കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന സൂര്യയുടെ വീഡിയോ നേരത്തെ തരംഗമായി മാറിയിരുന്നു. നടിപ്പിന്‍ നായകനും അപര്‍ണ ബാലമുരളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകരെല്ലാം കാത്തിരിക്കുന്നത്. നേരത്തെ സൂര്യയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ പൊന്‍മകള്‍ വന്താല്‍ എന്ന ചിത്രവും ഒടിടി വഴി റിലീസ് ചെയ്തിരുന്നു. ജ്യോതിക കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമ ആമസോണ്‍ വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തില്‍ സൂഫിയും സുജാതയും എന്ന ചിത്രമാണ് ലോക്ഡൗണില്‍ ഒടിടി വഴി പ്രേക്ഷകരിലേക്ക് ആദ്യം എത്തിയത്.


Click it and Unblock the Notifications