പിന്നെയും സിങ്കം വരുന്നു ?
2010 ലാണ് സൂര്യയെ നായകനാക്കി ഹരി 'സിങ്കം' എന്ന ചിത്രം സംവിധാനം ചെയ്തത്. 'കാക്ക കാക്ക'യ്ക്ക് ശേഷം സൂര്യയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പൊലീസ് വേഷമാണ് സിങ്കത്തിലേത്. ദുരൈസിങ്കം എന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ സൂര്യ തകര്‍ത്തു.
സിങ്കത്തെ പ്രേക്ഷകര്‍ക്ക് കണ്ട് മതിയായില്ല. അങ്ങനെ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് 'സിങ്കം ടു' എത്തി. ചെന്നൈ സിറ്റി മാത്രമല്ല കേരളക്കരയും ദുരൈസിങ്കം കീഴടക്കി. ചിത്രം ബോളിവുഡിലേക്കും റീമേക്ക് ചെയ്തു.

എന്നിട്ടും പോര. ഇനി സിങ്കം 3 വേണമെന്ന്. അതെ സിങ്കം 3 വരുന്നു. ഹരിയുമൊത്ത് ഒരു സിനിമ അടുത്ത വര്‍ഷം ചെയ്യുമെന്ന് സൂര്യ അറിയിച്ചുകഴിഞ്ഞു. അത് സിങ്കം 3 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ഷെട്ടി തന്നെയാകും നായിക. ദേവീശ്രീ പ്രസാദിന്റെയായിരിക്കും സംഗീതം.
അതേ സമയം, സിങ്കം പാക്കേജില്‍ നിന്നുമാറി മറ്റൊരു സിനിമ ചെയ്താലോ എന്നും ഹരി -സൂര്യ ടീം ആലോചിക്കുന്നുണ്ടത്രേ. സിങ്കം സീരീസ് സിങ്കം 2 കൊണ്ട് നിര്‍ത്താമെന്നും സ്വതന്ത്ര്യമായ മറ്റൊരു കഥയിലേക്ക് പ്രവേശിക്കാമെന്നും ഇരുവരും ചര്‍ച്ച നടത്തിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ആരാധകര്‍ സിങ്കത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ആരാധകരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്ന സംവിധായകനാണ് ഹരി എന്നതുകൊണ്ട് പുതിയ ചിത്രം സിങ്കം 3 തന്നെയാണെന്നാണ് സൂര്യ ഫാന്‍സ് പറയുന്നത്.


Click it and Unblock the Notifications











