ഗജിനിയുടെ പാട്ടിൽ ജ്യോതികയുടെ പങ്ക്; അവളില്ലെങ്കിൽ ഞാൻ ഒന്നുമല്ല; ജ്യോതികയുമായി സംസാരിച്ചാൽ...; സൂര്യ
ആരാധകരുടെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായ ഇരുവരും 2006 ലാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ ശേഷം ജ്യോതിക അഭിനയ രംഗം വിട്ടു. രണ്ട് മക്കൾ ദമ്പതികൾക്ക് പിറന്നു. വർഷങ്ങൾക്കിപ്പുറമാണ് ജ്യോതിക സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ഇന്ന് മുംബൈയിലാണ് സൂര്യയും ജ്യോതികയും കഴിയുന്നത്. ജ്യോതിക തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് സൂര്യ മിക്കപ്പോഴും സംസാരിക്കാറുണ്ട്.
ഇപ്പോഴിതാ കരിയറിലും ജീവിതത്തിലും ജ്യോതിക തനിക്കൊപ്പം നിന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ. ഒരു തെലുങ്ക് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. പോസിറ്റീവായ വ്യക്തികൾ ചുറ്റുമുണ്ടാകുന്നത് അനുഗ്രഹമാണ്. രണ്ട് മൂന്ന് വർഷം കാര്യങ്ങൾ ആഗ്രഹിച്ചത് പോലെ പോയില്ലെങ്കിൽ പോലും ജ്യോതികയ്ക്കൊപ്പമിരുന്ന് സംസാരിച്ചപ്പോൾ ജീവിതം മാറുകയും മനോഹരമാവുകയും ചെയ്തു.

എനിക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതമാണ്, എന്തിന് ആശങ്കപ്പെടണം എന്ന് തോന്നി. നമ്മുടെ വളർച്ചയെക്കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അവരോട് സംസാരിക്കുന്നതാണ് ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ. ജ്യോതിക എന്റെ ജീവിതത്തിലുള്ളത് അനുഗ്രഹമാണ്. എനിക്ക് മാത്രമല്ല, എന്റെ കുട്ടികൾക്കും കുടുംബത്തിനും അങ്ങനെയാണെന്ന് സൂര്യ പറയുന്നു.
ജ്യോതിക തനിക്ക് വേണ്ടി കോസ്റ്റ്യൂമുകൾ തെരഞ്ഞെടുത്തതിനെക്കുറിച്ചും സൂര്യ സംസാരിച്ചു. ഗജിനിയിൽ നളിനി ശ്രീരാമാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. അതേസമയം ഗാന രംഗങ്ങളിൽ എന്റെ കോസ്റ്റ്യൂം ഡിസൈനർ ജ്യോതികയായിരുന്നു. ഞങ്ങൾ രണ്ട് പേരും ഷോപ്പിംഗിന് പോയി. സുട്ടും വിഴിച്ചൂടാരേ എന്ന ഗാനത്തിലെ എന്റെ കോസ്റ്റ്യൂമുകൾ ജ്യോതികയും ചേർന്നാണ് എടുത്തത്.

ചില ഓഡിയോ ഫങ്ഷനും മറ്റ് ഇവന്റുകൾക്കുമായി ഞാൻ ജ്യോതികയ്ക്കൊപ്പം ഷോപ്പിംഗിന് പോയിട്ടുണ്ട്. ജ്യോതികയ്ക്ക് നല്ല ഫാഷൻ സെൻസുണ്ട്. ജീവിതത്തെക്കുറിച്ച് പഠിച്ചതും നല്ല വ്യക്തിയായതുമെല്ലാം ജ്യോതികയിലൂടെയാണ്. അവളില്ലാതെ ഞാനൊന്നുമല്ല. താനെന്തൊക്കെ ആയിട്ടുണ്ടോ അതിന് കാരണം ജ്യോതികയാണെന്നും സൂര്യ പറഞ്ഞു.
വാക്കുകൾ വൈറലായതോടെ നിരവധി പേരാണ് സൂര്യയെ അഭിനനന്ദിക്കുന്നത്. ഭാര്യയെക്കുറിച്ച് ഇത്രമാത്രം പ്രശംസിച്ച് സംസാരിക്കുന്ന നടൻമാർ വിരഴമാണെന്ന് ആരാധകർ പറയുന്നു. ചെന്നെെയിൽ നിന്നും മുംബൈയിലേക്ക് താമസം മാറിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സൂര്യ സംസാരിച്ചിരുന്നു. വിവാഹ ശേഷം ജ്യോതിക സ്വന്തം കുടുംബത്തെയും മുംബെെയിലെ ജീവിത രീതിയും വിട്ടാണ് ചെന്നെെയിൽ നിന്നത്.
സ്വന്തം മാതാപിതാക്കൾക്കൊപ്പമുള്ള സമയവും ജ്യോതികയുടെ ലൈഫ് സ്റ്റെെലും താൻ എടുത്ത് കളയാനാഗ്രഹിക്കുന്നില്ലെന്നും സൂര്യ പറഞ്ഞു. നേരത്തെ കുടുംബത്തിലെ അസ്വാരസ്യം കാരണമാണ് ജ്യോതിക സൂര്യക്കൊപ്പം മുംബൈയിലേക്ക് പോയതെന്ന് അഭ്യൂഹം വന്നിരുന്നു. എന്നാൽ ജ്യോതിക ഈ വാദം നിഷേധിച്ചു. കരിയറിൽ സജീവമാണിപ്പോൾ ജ്യോതിക. ബോളിവുഡിലാണ് നടി കൂടുതൽ സിനിമകൾ ചെയ്യുന്നത്. മലയാളത്തിൽ കാതൽ ദ കോർ എന്ന സിനിമയിലും ശ്രദ്ധേയ വേഷം ചെയ്തു. കംഗുവ എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് സൂര്യ. നവംബർ 12 ന് ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications