വിസ്മയിപ്പിക്കാന്‍ നടിപ്പിന്‍ നായകന്‍റെ വരവ്, തരംഗമായി സുരരൈ പോട്രു ട്രെയിലര്‍
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരരൈ പോട്രു. ഇരുതി സുട്രിലൂടെ ശ്രദ്ധേയയായ സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. റിലീസിങ്ങിനൊരുങ്ങുന്ന തമിഴ് സൂപ്പര്‍താര ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നവംബര്‍ 12 മുതല്‍ ആമസോണ്‍ പ്രൈം വഴിയാണ് സൂര്യ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യ ഉള്‍പ്പെടെ 200-ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് തമിഴ് പതിപ്പിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാന്‍ സാധിക്കും.

സൂര്യയോടൊപ്പം മോഹന്‍ ബാബു, പരേഷ് റാവല്‍, ഉര്‍വ്വശി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ എയര്‍ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെകണ്‍ സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ നിര്‍മ്മിച്ച് രാജ്‌സേക്കര്‍ കര്‍പുര സുന്ദരപാണ്ഡിയന്‍, ഗുനീത് മോംഗ, ആലിഫ് സുര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് സഹ നിര്‍മ്മാണം നടത്തിയ സൂരറൈ പൊട്രു ആമസോണ്‍ വീഡിയോയുടെ ഉല്‍സവ ലൈനപ്പിന്റെ ഭാഗമാണ്.
സൂരറൈ പൊട്രു തന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണെന്ന് സൂര്യ പറയുന്നു. ഒപ്പം തന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ളതുമാണ്. നിങ്ങള്‍ നിങ്ങളില്‍ സത്യസന്ധരും ചുമതലകളില്‍ സമര്‍പ്പിതരുമാണെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതില്‍ നിന്ന് ഈ ലോകത്തിലെ ഒന്നിനും നിങ്ങളെ തടയാന്‍ കഴിയില്ല എന്ന സന്ദേശം ഈ സിനിമയിലൂടെ പുറത്തു കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രേക്ഷകര്‍ അവരുടെ അചഞ്ചലമായ പിന്തുണ ഞങ്ങളില്‍ വര്‍ഷിക്കുന്നത് തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ സൂര്യ പറഞ്ഞു.
സുര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖീയ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ബാനറുകള്‍ ചേര്‍ന്നാണ് സുരരൈ പോട്രിന്റെ നിര്‍മ്മാണം. കരുണാസ്, ജാക്കി ഷ്റോഫ്, സമ്പത്ത് രാജ്, അച്യുത് കുമാര്‍, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിവി പ്രകാശ് കുമാറാണ് സുര്യ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സൂര്യ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications