Surya: വിവാഹത്തിനെ കുറിച്ച് അങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണം സൂര്യ! വെളിപ്പെടുത്തലുമായി ജഗൻ
തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയത്ത് തനിയ്ക്ക് ശരിയായ മാർഗം നിർദേശം നൽകിയത് സൂര്യയാണ്.
തമിഴ് പ്രേക്ഷകർ മാത്രമല്ല മലയാളി പ്രേക്ഷകരും ഒരു പോലെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യൻ താരമാണ് ജഗൻ. കണ്ടനാൾ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്കുള്ള അരങ്ങേറ്റമെങ്കിലും സൂര്യ -തമന്ന ജോഡികളായി എത്തിയ അയനിലെ ചിട്ടി എന്ന കഥാപാത്രമാണ് ജഗന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. ചിത്രത്തിൽ അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിൽ പോലും ജഗനെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു വച്ചിരുന്നു.
അയനിലെ മറ്റൊരു ഹൈലൈറ്റ് സൂര്യയും ജഗനുമായിട്ടുള്ള സൗഹൃദമായിരുന്നു. ജീവിതത്തിലും അങ്ങനെ തന്നെയാണെന്നു താരം പറഞ്ഞു. സിനിമയിലേതു പോലെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയത്ത് തനിയ്ക്ക് ശരിയായ മാർഗം നിർദേശം നൽകിയത് സൂര്യയാണെന്ന് ജഗൻ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പ്രണയമുണ്ടായിരുന്നു
സ്കൂൾ കോളേജ് പഠന സമയത്ത് ഒരുപാട് പെൺകുട്ടികളുടെ പിന്നാലെ ചുറ്റിയിട്ടുണ്ട്. അവരോടെല്ലാം ഇഷ്ടമാണെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ അവരെല്ലാം അതൊക്കെ സ്നേഹപൂർവ്വം നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ആദ്യമായി തന്നോട് ഒരു പെൺകുട്ടി ഇങ്ങോട്ട് വന്നു പ്രണയം പറഞ്ഞിരുന്നു. വനമതി( ജഗന്റെ ഭാര്യ) ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ താൻ അത്ഭുതപ്പെട്ട് പോയിരുന്നു.

വീട്ടിൽ സമ്മാതിച്ചില്ല
ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞു. തുടർന്ന് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വാനമതിയുടെ വീട്ട്കാർക്ക് ഈ ബന്ധത്തിനോട് താൽപര്യമില്ലായിരുന്നു. അവർ സമ്മതിക്കില്ല എന്ന് കണ്ടപ്പോൾ ഞാൻ അവളോട് ഇറങ്ങി വരുമോ എന്ന് ചോദിച്ചു. അവൾ അതിന് തയ്യാറായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ആദ്യം സംസാരിച്ചത് സൂര്യയോടായിരുന്നു. തന്റെ വിവാഹത്തിന് ആരു വന്നില്ലെങ്കിലും താങ്കൾ വരുമോ എന്ന് അദ്ദേഹത്തിനോട് ചോദിച്ചു. എന്നാൽ അദ്ദേഹം നൽകിയ മറുപടി തന്നെ ശരിയ്ക്കും ഞെട്ടിച്ചുവെന്നും ജഗൻ പറഞ്ഞു.

സംസാരിച്ച് ശരിയാക്കാം
കല്യാണത്തിനു വരാം, പക്ഷെ അച്ഛനേയും അമ്മയേയും വേദനിപ്പിച്ച് ഒരു കൂട്ടിയെ വീട്ടിൽ നിന്ന് ഇറങ്ങി വരാൻ പറയരുത്.. കാര്യങ്ങൾ നമുക്ക് സമാധാനമായി സംസാരിച്ച് പരിഹരിക്കാമെന്നാണ് അദ്ദേഹം അന്ന് തന്നോട് പറഞ്ഞിരുന്നത്. അതു പോലെ തന്നെ നടക്കുകയും ചെയ്തു. അന്ന് സൂര്യയുടെ വാക്ക് കേട്ടതു കൊണ്ട് തന്റെ വിവാഹം രണ്ടു കൂട്ടരുടേയും ആശിർവാദത്തോടെ വളരെ മംഗളമായി നടന്നുവെന്നും ജഗൻ പറഞ്ഞു.

മുൻകൈ എടുത്തത് സൂര്യയുടെ പിതാവ്
തന്റെ വിവാഹം മുൻകൈ എടുത്തു നടത്തിയത് നടനും സൂര്യയുടെ പിതാവുമായ ശിവകുമാർ ആയിരുന്നു. സൂര്യ ഇക്കാര്യങ്ങൾ ശിവകുമാർ അങ്കിളിനോട് തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹം ഒരേയൊരു കാര്യം മാത്രമാണ് എന്നോട് ചോദിച്ചത്. നിനക്ക് ഇഷ്ടമുള്ള പെൺകുട്ടിയ്ക്ക് നിന്നേയും ഇഷ്ടമാണോ എന്ന്. അതെ എന്ന് താൻ മറുപടിയും നൽകിയിരുന്നു. ശേഷം അദ്ദേഹം തന്നെ വനമതിയുടെ വീട്ടിൽ വന്ന് സംസാരിക്കുകയായിരുന്നു. അതോടെ അവർ വിവാഹത്തിനു സമ്മതിച്ചുവെന്നും ജഗൻ പറഞ്ഞു.


Click it and Unblock the Notifications