അവതാരകയെ തിരുത്തി സൂര്യയുടെ മാസ്സ് ഡയലോഗ്! ആദ്യം ലാലേട്ടന്‍റെ പേര്! താരതമ്യം വേണ്ടെന്നും താരം!
5 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് മോഹന്‍ലാല്‍ തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് കാപ്പാനിലൂടെ. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനിലൂടെയാണ് അദ്ദേഹത്തിന്റെ വരവ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയെന്ന സൂര്യയുടെ സ്വപ്‌നം കൂടിയാണ് ഈ സിനിമയിലൂടെ യാഥാര്‍ത്ഥ്യമായത്. സീനിയര്‍ താരങ്ങളായ ഇവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സയേഷയും ആര്യയും. തുടക്കം മുതലേ ആരാധകര്‍ ഏറ്റെടുത്ത സിനിമയായ കാപ്പാന്‍ സെപ്റ്റംബര്‍ 20 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലാണ് താരങ്ങളെല്ലാം.
പതിവ് പോലെ ഇത്തവണയും സൂര്യ കേരളത്തിലേക്ക് എത്തിയിരുന്നു. മോഹന്‍ലാല്‍ ചിത്രമായ തേന്‍മാവിന്‍ കൊമ്പത്തിന്റെ സിനിമാട്ടോഗ്രാഫറായാണ് കെവി ആനന്ദ് അരങ്ങേറിയത്. സൂര്യയുടെ ആദ്യ സിനിമയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നടിപ്പിന്‍ നായകനേയും കംപ്ലീറ്റ് ആക്ടറിനേയും ഒരുമിപ്പിക്കുകയെന്ന വലിയ ദൗത്യമാണ് അദ്ദേഹം ഇത്തവണ നിറവേറ്റിയത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷനായി സൂര്യയും സംഘവും കേരളത്തിലേക്ക് എത്തിയിരുന്നു. മോഹന്‍ലാലും കൊച്ചിയിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയുമൊക്കെ തനിക്കേറെ ഇഷ്ടമാണെന്നും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും വളരെ മുന്‍പേ സൂര്യ പറഞ്ഞിരുന്നു. മലയാളി താരങ്ങളുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിന്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ തന്നെ വലിയ ഭാഗ്യമായാണ് താന്‍ കാണുന്നതെന്നും സൂര്യ പറഞ്ഞിരുന്നു. വാരണം ആയിരം ലുക്കുമായാണ് സൂര്യയെത്തിയത്. കറുത്ത കുര്‍ത്തിയണിഞ്ഞായിരുന്നു മോഹന്‍ലാലിന്റെ വരവ്. വേദിയിലേക്ക് ഇരുവരേയും ഒരുമിച്ച് ക്ഷണിച്ചപ്പോള്‍ ആദ്യം ലാല്‍ സാര്‍ സംസാരിക്കട്ടെയെന്നായിരുന്നു സൂര്യ പറഞ്ഞത്.

കെവി ആനന്ദിനോട് നന്ദി പറഞ്ഞായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ഈ സിനിമയില്‍ അഭിനയിക്കാനായി തന്നെ സമീപിച്ചപ്പോള്‍ തിരക്കുകള്‍ കാരണം ആദ്യം താന്‍ നോ പറഞ്ഞിരുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ സംവിധായകന്‍ വിടാതെ പിന്തുടരുകയായിരുന്നു. അദ്ദേഹത്തിന്റെ കഠിനമായ പരിശ്രമമാണ് തന്നെ കാപ്പാനിലേക്ക് എത്തിച്ചത്. ആന്റണി പെരുമ്പാവൂരിനെക്കൊണ്ട് വരെ ഈ സിനിമ ചെയ്യണമെന്ന് പറയിപ്പിച്ചിരുന്നു അദ്ദേഹം.

നിരന്തരമായുള്ള അഭ്യര്‍ത്ഥനയ്ക്ക് ശേഷം ഈ സിനിമയില്‍ അഭിനയിക്കാനായി താന്‍ സമ്മതിക്കുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. തിരക്കുകള്‍ക്കിടയിലും കാപ്പാനായി സമയം കണ്ടെത്തുകയായിരുന്നു താന്‍. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ താന്‍ എടുത്ത തീരുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. സൂര്യയ്ക്കും കെവി ആനന്ദിനുമൊപ്പമുള്ള വരവില്‍ താന്‍ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍ സംസാരിച്ച് കഴിഞ്ഞതിന് പിന്നാലെയായാണ് സൂര്യ സംസാരിച്ചത്. തന്റരെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് കാപ്പാന്‍ സമ്മാനിച്ചതെന്നും സൂര്യ പറഞ്ഞിരുന്നു. ഇതിനിടയിലാണ് അവതാരകയോട് ചെറിയൊരു തിരുത്ത് വരുത്താനായി സൂര്യ അഭ്യര്‍ത്ഥിച്ചത്. സൂപ്പര്‍ സ്റ്റാര്‍സ് സൂര്യ ആന്റ് മോഹന്‍ലാല്‍ എന്ന് പറയരുത്, അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്, എന്റരെ പേര് അത് കഴിഞ്ഞു മതിയെന്നായിരുന്നു താരം പറഞ്ഞത്. മോഹന്‍ലാല്‍ മുന്നില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

മോഹന്‍ലാലിനേയും തന്നേയും ഒരുമിപ്പിച്ച കെവി ആനന്ദ് സാറിനോട് എന്നും നന്ദിയുള്ളവനായിരിക്കും താനെന്നും സൂര്യ പറഞ്ഞിരുന്നു. മോഹന്‍ലാലുമായി തന്നെ താരതമ്യം ചെയ്യരുത്, അദ്ദേഹം വലിയൊരു ആല്‍മരമാണ്, താന്‍ വെറുമൊരു കൂണും, അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നില്‍ താന്‍ നിസ്സാരനാണ്, അതുകൊണ്ട് തങ്ങളെ താരതമ്യപ്പെടുത്തരുതെന്നും സൂര്യ പറഞ്ഞിരുന്നു.
Recommended Video

കാപ്പാനിലെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ചും സൂര്യ പറഞ്ഞിരുന്നു. ചന്ദ്രകാന്ത് വര്‍മ്മ എന്ന പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. കമാന്‍ഡോ ഓഫീസറുടെ വേഷത്തിലാണ് സൂര്യ. താന്‍ അദ്ദേഹത്തിന് മുന്നിലെത്തി സല്യൂട്ട് നല്‍കുന്ന രംഗമായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. അദ്ദേഹത്തിന് അരികിലേക്ക് എത്തിയെങ്കിലും തനിക്ക് സല്യൂട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും സൂര്യ പറഞ്ഞിരുന്നു.


Click it and Unblock the Notifications