'മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്, ഒരുപാട് പണം കൊടുക്കരുത്, ബുദ്ധിപരമായി ഉപയോഗിക്കണം'; ലക്ഷ്മി!
ഭരതം, രാക്കിളിപ്പാട്, മാനത്തെ വെള്ളിത്തേര് തുടങ്ങി ഒട്ടനവധി മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മുതിർന്ന നടി ലക്ഷ്മി. അമ്മയുടെ പാത പിന്തുടർന്നാണ് മകൾ ഐശ്വര്യ ഭാസ്കറും സിനിമയിലെത്തിയത്. ഐശ്വര്യയുടെ പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരുന്നത് നരസിംഹം സിനിമയാണ്.
ഇപ്പോൾ താരം സീരിയലുകളിലാണ് കൂടുതലായും ശോഭിച്ച് നിൽക്കുന്നത്. കൂടാതെ ഒരു യുട്യൂബ് ചാനലും സ്വന്തമായുണ്ട്. ഐശ്വര്യ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും മടി കൂടാതെ ആരാധകരോട് വെളിപ്പെടുത്താറുണ്ട്.
സിനിമയും സീരിയലും സമ്പാദ്യവും ഒരിടയ്ക്ക് ഇല്ലാതെയായപ്പോൾ സോപ്പ് വിറ്റാണ് ഐശ്വര്യ ഉപജീവന മാർഗം കണ്ടെത്തിയത്. ഇത്രയേറെ സിനിമകൾ ചെയ്തിട്ടും സിനിമാ കുടുംബത്തിലെ അംഗമായിരുന്നിട്ടും ഐശ്വര്യ വരുമാനത്തിനായി സോപ്പ് വിറ്റ് ജീവിക്കുന്നുവെന്നത് എല്ലാവരിലും അത്ഭുതമാണ് ഉണ്ടാക്കിയത്.

ഭാസ്‌കര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയാണ് ലക്ഷ്‌മി ആദ്യം വിവാഹം കഴിച്ചത്. ഐശ്വര്യയുടെ ജനന ശേഷം ഭാസ്‌കറുമായി വേര്‍പിരിഞ്ഞ ലക്ഷ്‌മി പിന്നാലെ നടന്‍ മോഹന്‍ ശര്‍മയെ വിവാഹം കഴിച്ചു. ഈ ബന്ധവും ഉപേക്ഷിച്ച് നടന്‍ ശിവ ചന്ദ്രനെയും ലക്ഷ്‌മി വിവാഹം കഴിച്ചിരുന്നു. അമ്മ മറ്റ് വിവാഹങ്ങളിലേയ്‌ക്ക് പോയപ്പോള്‍ ഐശ്വര്യ സ്വന്തം അച്ഛനെ തേടി പോയി.
തനിക്ക് അച്ഛന്‍ എല്ലാമെല്ലാം ആയിരുന്നുവെന്നാണ് നടി പിന്നീട് പറഞ്ഞത്. അമ്മയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. 'എന്‍റെ മകളുടെ വിവാഹത്തിന് പോലും അമ്മ വന്നില്ല. കൊച്ചുമകളെ ആശീര്‍വദിക്കാന്‍ വന്നില്ല.'
'മകളുടെ വിവാഹത്തിന് അമ്മയെ ക്ഷണിക്കാന്‍ വീട്ടില്‍ പോയെങ്കിലും വാതില്‍ പോലും തുറന്നില്ല. അന്ന് കൊവിഡിന്‍റെ ഭയം ആണെന്ന് ആണ് പറഞ്ഞത്. സ്‌ക്രീനില്‍ കാണുന്നത് പോലെ എല്ലാം സത്യമാണെന്ന് വിശ്വസിക്കരുത്. അതായിരിക്കില്ല സത്യം. റീല്‍ ലൈഫല്ല റിയല്‍ ലൈഫില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നുമാണ്', ഐശ്വര്യ അമ്മയെ കുറിച്ച് പറഞ്ഞത്.
ഇപ്പോഴിതാ മക്കളുടെ കുറിച്ച് ഒരു അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നാണ് സുഹൃത്തും നടിയുമായ കുട്ടി പത്മിനിയുമായി സംസാരിക്കവെ ലക്ഷ്മി പറഞ്ഞത്. ന'മ്മൾ നമ്മുടെ മക്കൾക്ക് വേണ്ടി ഒന്നും സമ്പാദിച്ച് കൊടുക്കേണ്ട കാര്യമില്ല.'

'അവർക്ക് വേണ്ടത് അവർ സമ്പാദിക്കട്ടെ. നമ്മൾ അവർക്ക് വേണ്ട വിദ്യാഭ്യാസം മാത്രം നൽകുക. നമ്മുടെ സമ്പാദ്യം മക്കൾക്ക് വേണ്ടി കൊടുക്കേണ്ട കാര്യമില്ല. നമുക്ക് ഒരു ആവിശ്യം വരുമ്പോൾ നമ്മൾ അവരുടെ മുന്നിൽ കൈ നീട്ടണ്ട അവസ്ഥ ഉണ്ടാകരുത്. അവർ തന്നില്ലെങ്കിൽ പറയും അവർ മാതാപിതാക്കളെ നോക്കിയില്ലെന്ന്.'
'റിട്ടേർമെന്റിൽ പോലും കിട്ടുന്ന പണം മക്കൾക്ക് കൊടുത്തവരെ എനിക്ക് അറിയാം. ഇപ്പോൾ ചികിത്സ ചിലവും ആശുപത്രി ബില്ലും ഒക്കെ വളരെ കൂടുതലാണ്. ഉള്ള സമ്പാദ്യം മുഴുവൻ മക്കൾക്ക് കൊടുക്കുന്നതിന് മുമ്പ് അത് കൂടി നമ്മൾ ചിന്തിക്കണം. പണം മുഴുവൻ അവർക്ക് കൊടുക്കരുത്. ബുദ്ധിപരമായി സൂക്ഷിക്കണം.'
'മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കുകയും ചെയ്യരുതെന്നും', ലക്ഷ്മി കൂട്ടിച്ചേർത്തു. ഐശ്വര്യയെ കൂടാതെ സംയുക്ത എന്നൊരു മകൾ കൂടി ലക്ഷ്മിക്ക് ഉണ്ട്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സ്വീറ്റ് കാരം കോഫി എന്ന വെബ് സീരിസാണ് ലക്ഷ്മി അഭിനയിച്ച് ഏറ്റവും പുതിയതായി റിലീസ് ചെയ്തത്. തൻവീർ അഹമ്മദാണ് ഐശ്വര്യയുടെ ഭർത്താവ്. 1994ൽ ആയിരുന്നു ഐശ്വര്യയും തൻവീർ അഹമ്മദും തമ്മിലുള്ള വിവാഹം. എന്നാൽ 1996ൽ ഇരുവരും വിവാഹമോചിതരായി.


Click it and Unblock the Notifications