രജനിക്കും രക്ഷയില്ലേ; 2.0 യ്ക്ക് വെല്ലുവിളി ഉയര്‍ത്തി തമിഴ് റോക്കേഴ്‌സ് !
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 2.0. ശങ്കര്‍ സംവിധാനം ചെയ്ത ഈ ബഹ്മാണ്ട ചിത്രം റിലീസിങ്ങിന് ഒരുങ്ങുകയാണ്. ലോകവ്യാപകമായി 10000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ചിത്രംആദ്യദിനം തന്നെ പ്രദര്‍ശനത്തിനെത്തും.
എന്നാല്‍ ഇതിനിടയില്‍ ചിത്രം ലീക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് പൈറസി വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സ്. വിജയിന്റെ സര്‍ക്കാരും അമീര്‍ഖാന്റെ തങ്ങ്‌സ് ഓഫ് ഹിന്ദുസ്ഥാനും റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു. തമിഴ് റോക്കേഴ്‌സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലാണ് 2.0 യ്ക്ക് ഭീഷണിയുയര്‍ത്ത് ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'2.0 ഉടനെ തമിഴ് റോക്കേഴ്‌സില്‍ വരുന്നു ' എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ആ ട്വിറ്റര്‍ ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പുതിയ ട്വിറ്റര്‍ ഹാന്‍ഡിലുമായി തമിഴ് റോക്കേഴ്‌സ് വീണ്ടും രംഗത്തെത്തിയിരുന്നു. സിനിമ വ്യവസായത്തിനു തന്നെ ഭീഷണിയായി മാറിയിരുക്കുന്ന തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിനെതിരെ നടപടികള്‍ എടുക്കണമെന്ന് അവശ്യപെട്ട് നിര്‍മ്മാതാക്കളും ആരാധകരും നിരവധി തവണ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ യാതൊരു വിധത്തിലുള്ള നടപടികളും ഈ പൈറസി വെബ്‌സൈറ്റിനെതിരെ എടുത്തിട്ടില്ല.
2010ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാംഭാഗമാണ് 2.0. എമി ജാക്‌സണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍. അക്ഷയ് കുമാറിന്റെ ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രം കൂടിയാണിത്. ചിത്രത്തിലെ എമി ജാക്‌സന്റെ കഥാപാത്രത്തെ കുറിച്ച് യാതൊരു വിവരങ്ങളും ഇതുവരെയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എആര്‍ റഹ്മാനാണ്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. തമിഴ്, ജാപ്പനീസ്, ചൈനീസ്,കൊറിയന്‍ എന്നിങ്ങനെ 15 ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യയില്‍ മാത്രം 7000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും 2.0യുടേത്.
ചിത്രത്തിലെ ദൃശ്യങ്ങള്‍ ഇതിനുമുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ ലുക്ക് ഔദ്യോഗികമായി പുറത്തിറക്കുന്നതിനുമുന്‍പു തന്നെ ഓണ്‍ലൈനിലൂടെ ചോര്‍ന്നിരുന്നു. അതോടൊപ്പം തന്നെ ചിത്രത്തിലെ ചില ആക്ഷന്‍ രംഗങ്ങളും ചോര്‍ന്നിരുന്നു. ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യമെന്ററിയിലെ രംഗങ്ങളായിരുന്നു പ്രചരിച്ചത്.


Click it and Unblock the Notifications











