'ബാർബി ഡോൾ റെയ്ഞ്ചിലായിരുന്നു എന്റെ സങ്കൽപ്പങ്ങൾ, ഒരു പെണ്ണിനോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യം ചോദിച്ചു'; അരുൺ
വില്ലനായും സഹനടനായുമെല്ലാം തമിഴിൽ തിളങ്ങി നിൽക്കുന്ന മുതിർന്ന നടൻ വിജയ് കുമാറിന്റെ ഏക മകനാണ് അരുൺ വിജയ്. ആദ്യ ഭാര്യ മുത്തുകണ്ണിന്റെ മരണശേഷം വിജയ് കുമാർ വീണ്ടും വിവാഹിതനായി. ആ ബന്ധത്തിലും മൂന്ന് സഹോദരിമാർ അരുണിനുണ്ട്.
വിജയ് കുമാറിന്റെ മക്കളിൽ വനിത വിജയ് കുമാർ അടക്കമുള്ളവർ സിനിമയിൽ അരങ്ങേറി എങ്കിലും അരുൺ വിജയ് മാത്രമാണ് നായകനായി ഇപ്പോഴും സിനിമകൾ ചെയ്യുന്നത്. തമിഴിൽ മാത്രമല്ല തുടക്കകാലത്ത് തെലുങ്കിലും കന്നടത്തിലും ഹിന്ദിയിലും അരുൺ സിനിമകൾ ചെയ്തിരുന്നു.
1995ൽ സുന്ദർ.സി സംവിധാനം ചെയ്ത മുറൈ മാപ്പിളൈ എന്ന സിനിമയിലൂടെയാണ് അരുൺ അഭിനയത്തിലേക്ക് അരങ്ങേറിയത്. പിന്നീട് തുടർന്നും നിരവധി സിനിമകൾ അരുണിനെ തേടിയെത്തി. പ്രിയം, അൻബുടൻ, ഇയർക്കൈ, ജനനം, പാണ്ഡവർ ഭൂമി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം തുടക്കകാലത്ത് അഭിനയിച്ചു.

ചിലതൊക്കെ വിജയിക്കുകയും മറ്റ് ചിലത് ശരാശരി പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. വിജയ് കുമാറിന്റെ മകൻ എന്ന ലേബലിലാണ് സിനിമയിലേക്ക് വന്നതെങ്കിലും സിനിമയിൽ പിടിച്ച് നിൽക്കണമെങ്കിൽ കഴിവ് തെളിയിച്ച് കൊടുക്കണമെന്ന് അരുണിന് മനസിലായി.
അതുകൊണ്ട് തന്നെ താൻ ചെയ്യുന്ന സിനിമകളുടെ വിജയത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടാൻ അരുൺ വിജയ് തയ്യാറാണ്. ഒരിക്കലും താരത്തിന്റെ പ്രകടനം മോശമായി പോയതിന്റെ പേരിൽ ഒരു സിനിമയും പരാജയപ്പെട്ടിട്ടില്ല. സിനിമയിൽ നിലനിൽക്കാൻ പരമാവധി പരിശ്രമിച്ചിട്ടും ഒരിടയ്ക്ക് പൂർണമായും സിനിമയിൽ നിന്നും അരുൺ വിജയ് ഒഴിവാക്കപ്പെട്ടത് പോലെയായിരുന്നു.
അവസരങ്ങൾ ഒന്നും തന്നെ ഒരിടയ്ക്ക് അരുണിന് ലഭിച്ചിരുന്നില്ല. ആ സാഹചര്യത്തിലാണ് അജിത്തിന്റെ എന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ അരുൺ വിജയ് തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിലെ വില്ലന് വേഷമായിരുന്നു താരം ചെയ്തത്. അരുണിന്റെ സിനിമാ ജീവിതത്തിലെ ടേണിങ് പോയിന്റായിരുന്നു അത്. സിനിമയും അരുണിന്റെ കഥാപാത്രവും ആരാധകർ ആഘോഷിച്ചു.
അതിനുശേഷം കുറ്റം 23, തടം, ചെക്ക ചിവന്ത വാനം, മാഫിയ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. ബാല സംവിധാനം ചെയ്യുന്ന വാനക്കാൻ എന്ന ചിത്രത്തിലാണ് അരുൺ വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആരാധകർക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണിത്.

ബാല സംവിധാനം ചെയ്യുന്ന സിനിമയിൽ റോഷ്നിയാണ് നായിക. നാൽപ്പത്തിയഞ്ചുകാരനായ അരുൺ 2006ലാണ് ആരതിയെ വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. തന്റെ സങ്കൽപ്പങ്ങൾക്കെല്ലാം വിപരീതമായ ഒരു പെൺകുട്ടിയെയാണ് ജീവിത സഖിയായി കിട്ടിയത് എന്നാണ് അരുൺ അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്.
ആരതിയെ പെണ്ണുകാണാൻ പോയപ്പോഴുള്ള രസകരമായ സംഭവങ്ങളും അരുൺ പങ്കിട്ടു. 'ഒരു ഹോട്ടലിൽ വെച്ചായിരുന്നു എന്റെയും ആരതിയുടെയും ആദ്യത്തെ കൂടിക്കാഴ്ച. ആരതിയുമായി തനിച്ച് സംസാരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ആദ്യം ഞാൻ ആരതിയോട് ചോദിച്ചത് ഹീൽസിന്റെ വലിപ്പം എത്രയാണെന്നാണ്.'
'ഒരു പെണ്ണിനോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണ് ഞാൻ ആദ്യം തന്നെ ചോദിച്ചത്. പക്ഷെ ആരതി വളരെ കൂളായി നിന്ന് കാല് ഉയർത്തി നിങ്ങൾ തന്നെ നോക്കി മനസിലാക്കിക്കോളുവെന്ന് പറഞ്ഞു. അവിടെ വെച്ച് ആ നിമിഷം ഞങ്ങൾക്കിടയിലെ ഐസ് ബ്രേക്കായി. ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. ആരതിക്ക് പൊക്കം കുറവാണ്. എന്റെ സങ്കൽപ്പങ്ങൾക്കെല്ലാം വിപരീതമായിരുന്നു ആരതി.'
'എനിക്ക് നല്ല പൊക്കവും കറുത്ത മറുകും ഒക്കെയുള്ള ബാർബി ഡോൾ റെയ്ഞ്ചിലുള്ള പെണ്ണിനെ ഭാര്യയായി ലഭിക്കണമെന്ന ആഗ്രഹമായിരുന്നു. എന്റെ ഈ സങ്കൽപ്പങ്ങളെ കുറിച്ച് വീട്ടിൽ പറഞ്ഞ് നടക്കാറുമുണ്ടായിരുന്നു', എന്നാണ് ഭാര്യ ആരതിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിച്ച് അരുൺ പറഞ്ഞത്.


Click it and Unblock the Notifications











