നടന്‍ വിക്രം ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍; വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനയുമായി ആരാധകര്‍
ചെന്നൈ: തമിഴകത്തിന്റെ പ്രിയതാരം ചിയാന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് ഉച്ച തിരിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലേ കാവേരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് താരത്തെ മാറ്റിയതായാണ് തമിഴ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം വിക്രത്തിന് പനി കൂടിയതു മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പെട്ടെന്ന് പനി കൂടിയതുമൂലമുണ്ടായ അസ്വസ്ഥതകള്‍ കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലല്ലെന്നും ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റുമെന്നുമെന്നും കരുതുന്നു. അസുഖം അല്പം ഭേദമായാല്‍ വൈകിട്ടോടെ ആശുപത്രി വിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ വിക്രത്തിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിയ്ക്കുകയാണ്.

പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ച് ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചെന്നൈയില്‍ വെച്ച് നടക്കാനിരിക്കെയാണ് ഈ സംഭവം. മണിരത്‌നം സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ വിക്രമും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
വിക്രത്തിന്റെ അസാന്നിധ്യത്തിലും ടീസര്‍ ലോഞ്ച് നടക്കുമെന്നാണ് സൂചന.ഐശ്വര്യ റായ് ബച്ചന്‍, കാര്‍ത്തി, ജയം രവി, ശരത് കുമാര്‍, തൃഷ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 30-നാണ്.

പൊന്നിയിന്‍ സെല്‍വനെ കൂടാതെ നിരവധി ചിത്രങ്ങള്‍ വിക്രത്തിന്റേതായ ഇനി വരാനുണ്ട്. ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്ത അജയ് ജ്ഞാനമുത്തുവിന്റെ പുതിയ ചിത്രം കോബ്ര വരുന്ന ഓഗസ്റ്റ് 11-നാണ് തീയറ്റര്‍ റിലീസിനായി തയ്യാറെടുക്കുന്നത്. പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിലും വിക്രമാണ് നായകന്‍.
മകന്‍ ധ്രുവ് വിക്രം നായകനായി അഭിനയിച്ച മഹാനിലാണ് ഒടുവില്‍ വിക്രം വേഷമിട്ടത്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.


Click it and Unblock the Notifications











