എന്റെ പടങ്ങള്‍ ഓടാത്തതിന്റെ കാരണം കണ്ടെത്താന്‍ 3 വര്‍ഷമെടുത്തു! നഷ്ടപ്പെട്ടതിനെ കുറിച്ച് നടന്‍ കാര്‍ത്തിക്
തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട നടനാണ് കാര്‍ത്തിക്. അറുപതുകളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച് ആരാധകരുടെ ഹൃദയങ്ങളില്‍ നിറഞ്ഞുനിന്ന മുത്തുരാമന്റെ മകന്‍ കൂടിയാണ് താരം. ഭാരതിരാജ സംവിധാനം ചെയ്ത അലകള്‍ ഒയ്‌വതില്ലൈ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക് സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. പിന്നീട് നിരവധി അവസരങ്ങള്‍ കിട്ടി ശ്രദ്ധേയനായി മാറി.
ഒരു കാലഘട്ടത്തില്‍ കാര്‍ത്തിക് ആരാധികമാരുടെ പ്രിയപ്പെട്ട നായകനായി മാറിയിരുന്നു. മണിരത്‌നത്തിന്റെ മൗനരാഗം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് നടന്‍ ജനപ്രിയനാവുന്നത്. അക്കാലത്ത് ജെമിനി ഗണേശനെ പ്രണയത്തിന്റെ രാജാവ് എന്ന് വിളിച്ചപ്പോള്‍ കാര്‍ത്തിക്കിനെ പ്രണയത്തിന്റെ രാജകുമാരന്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

തമിഴ് സിനിമയിലെ ഏറ്റവും കഴിവുള്ള നടന്മാരില്‍ ഒരാളായി തിളങ്ങി നിന്നരിുന്ന കാര്‍ത്തിക് എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്. പിന്നീട് താരമൂല്യം ക്രമേണ നഷ്ടമായി തുടങ്ങി. അതിന് കാരണം നടന്റെ ചില പ്രവൃത്തികള്‍ തന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയം. അതിരാവിലെ എഴുന്നേറ്റ് ഷൂട്ടിങ്ങിന് പോകുന്നതിനോട് നോ പറയുന്ന രീതിയായിരുന്നു നടന്റേത്. ഇത് സിനിമാപ്രവര്‍ത്തകരുമായി ഒത്തുപോകുന്നതിന് തടസ്സായി.
രാത്രി വൈകി ഉറങ്ങുകയും പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം എഴുന്നേല്‍ക്കുകയും ചെയ്യുന്നതായിരുന്നു കാര്‍ത്തിക്കിന്റെ ശൈലി. അതുകൊണ്ട് തന്നെ സംവിധായകരും നിര്‍മ്മാതാക്കളും അദ്ദേഹത്തെ വച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ ആലോചിക്കുന്നതില്‍ നിന്നും പിന്മാറി തുടങ്ങി. എന്നാല്‍ സുന്ദര്‍ സിയെ പോലുള്ള ചില സംവിധായകര്‍ അദ്ദേഹത്തെ വച്ച് കോമഡി സിനിമകള്‍ ചെയ്തു ഹിറ്റുകള്‍ നല്‍കിയിരുന്നു.
ആ ചിത്രത്തിന് ശേഷം കാര്‍ത്തിക്കിന് സമാനമായ ഒരുപാട് സിനിമകള്‍ ലഭിച്ചു. പക്ഷേ, വിജയ്, അജിത് തുടങ്ങിയ യുവതാരങ്ങളുടെ വരവ് കാരണം കാര്‍ത്തിക്ക മാര്‍ക്കറ്റ് നഷ്ടമായി. കഴിവുള്ള നടനായിരുന്നിട്ടും അത് പരമാവധി പ്രയോജനപ്പെടുത്താനും താരത്തിന് സാധിച്ചില്ല. ഇപ്പോള്‍ നടന്റെ മകനായ ഗൗതം കാര്‍ത്തിക്ക് സിനിമയില്‍ സജീവമായി അഭിനയിക്കുകയാണ്.

30 വര്‍ഷം മുമ്പ് തന്റെ ആദ്യകാല സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ കാര്‍ത്തിക് പറഞ്ഞിരുന്നു. 'സിനിമയില്‍ വരുമ്പോള്‍ എനിക്ക് 20 വയസ്സായിരുന്നു, പക്ഷേ ഞാന്‍ 15 വയസ്സുകാരനെ പോലെയായിരുന്നു. മുത്തുരാമന്റെ മകനായത് കൊണ്ട് എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും അനായാസം അവതരിപ്പിക്കാന്‍ കഴിയുമെന്ന് സംവിധായകരും നിര്‍മ്മാതാക്കളും കരുതി.
എന്നെ തേടി വന്ന അവസരങ്ങള്‍ നിരസിക്കാനുള്ള ധൈര്യം അന്ന് എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ആ കഥാപാത്രങ്ങളെ ശരിയായി അവതരിപ്പിക്കാന്‍ ഞാന്‍ പാടുപെട്ടു. ഇതെല്ലാം മനസ്സിലാക്കാന്‍ 3 വര്‍ഷമെടുത്തു. അതിന് ശേഷം എനിക്ക് ഇണങ്ങുന്ന വേഷങ്ങള്‍ തിരഞ്ഞെടുത്ത് മാത്രമാണ് ഞാന്‍ അഭിനയിച്ചതെന്നുമാണ്,' കാര്‍ത്തിക് പറഞ്ഞത്.


Click it and Unblock the Notifications