'മരുമകളായിരിക്കില്ല മകളായിരിക്കും, ലിയോ കഴിഞ്ഞാൽ പ്രഖ്യാപിക്കും'; മകന്റെ വിവാഹത്തെ കുറിച്ച് തമ്പി രാമയ്യ!
വളരെ കാലമായി തമിഴ് സിനിമയിൽ ഹാസ്യനടനായും സ്വഭാവ നടനായും തിളങ്ങുന്നയാളാണ് തമ്പി രാമയ്യ. 1999 മുതൽ സിനിമയിൽ സജീവമായുള്ള തമ്പി രാമയ്യ മലയാളികൾക്കും സുപരിചിതനാണ്. തമ്പി രാമയ്യ ഭാഗമാകാത്ത തമിഴ് സിനിമകൾ തന്നെ ചുരുക്കമാണ്.
പുതുക്കോട്ടയിലെ രാരാപുരം ഗ്രാമത്തിലാണ് തമ്പി രാമയ്യ ജനിച്ചത്. തിരക്കഥാകൃത്ത് ആകണമെന്ന ആഗ്രഹത്തിലാണ് തമ്പി രാമയ്യ സിനിമയിൽ എത്തിയത്. അദ്ദേഹത്തിന്റെ പിതാവ് കവിയും ഫിക്ഷൻ എഴുത്തുകാരനുമായിരുന്നു.
സ്‌കൂൾ പഠനകാലത്ത് സഹപാഠികൾക്കായി പ്രണയലേഖനങ്ങൾ എഴുതി പോക്കറ്റ് മണി സമ്പാദിച്ചിരുന്നു തമ്പി രാമയ്യ. ഹാർമോണിയം, ഗിറ്റാർ എന്നിവയുൾപ്പെടെ വിവിധ ഉപകരണങ്ങളിൽ പരിശീലനം നേടിയിട്ടുള്ള താരം ഗാനരചനയിലും കഴിവുള്ള വ്യക്തിയാണ്.
ജനപ്രിയ ഗാനങ്ങളുടെ പാരഡി പതിപ്പുകൾക്കായി പലപ്പോഴും വരികൾ എഴുതിയിട്ടുണ്ട്. അഭിനയിക്കുക മാത്രമല്ല ചില സിനിമകളിൽ പാടുകയും നാലോളം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

തലൈവി, വേലൻ, മഹാ തുടങ്ങിയവയാണ് തമ്പി രാമയ്യ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. രണ്ട് മക്കളാണ് താരത്തിനുള്ളത്. മകൻ ഉമാപതി തമിഴിലെ യുവനടനാണ്. തിരുമണം അടക്കമുള്ള സിനിമകളിൽ നായകനായിരുന്നു. താരമിപ്പോൾ വിവാഹിതനാകാൻ ഒരുങ്ങുകയാണ്.
ആക്ഷൻ കിങ് അർജുൻ സർജയുടെ മൂത്ത മകൾ ഐശ്വര്യയാണ് വധു. ഇരുവരും പ്രണയത്തിലാണെന്ന വാർത്ത കുറച്ചധികം നാളുകളായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ തമ്പി രാമയ്യ ഇരുവരുടെയും വിവാഹ വാർത്ത സ്ഥിരീകരിക്കുക മാത്രമല്ല വിവാഹം എപ്പോഴായിരിക്കുമെന്നതിനെ കുറിച്ചും വെളിപ്പെടുത്തി.
ഒരു ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്തപ്പോഴാണ് നടൻ ഉമാപതി അർജുന്റെ മകൾ ഐശ്വര്യയെ കാണുകയും പ്രണയത്തിലാവുകയും ചെയ്തത്. ഇരുവരും പ്രണയത്തിലായിരിക്കെ വിവാഹത്തെ കുറിച്ച് വീട്ടുകാരോട് സംസാരിച്ച് ഉടൻ നടത്താനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
എപ്പോൾ വിവാഹം കഴിക്കുമെന്ന ചോദ്യത്തിന് തമ്പി രാമയ്യ നൽകിയ മറുപടി ഇങ്ങനെയാണ്. 'അർജുൻ ലിയോയുടെ ഷൂട്ടിങ് തിരക്കിലാണ്. ഒക്ടോബർ 19 വരെ അദ്ദേഹം വളരെ തിരക്കിലായിരിക്കും. സിനിമ പൂർത്തിയാക്കിയ ശേഷം മാത്രമെ വിവാഹ ചർച്ചകൾ നടത്തുകയുള്ളു.'

'ശേഷം തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കും'. തന്റെ മരുമകളായി വരാൻ പോകുന്ന നടി ഐശ്വര്യയെ കുറിച്ചും തമ്പി രാമയ്യ പ്രതികരിച്ചു. 'കുട്ടികൾ ഭൂമിയിലേക്ക് വന്നത് നമ്മൾക്ക് വേണ്ടിയല്ല. നമ്മളിലൂടെയാണെന്നെയുള്ളു. അവരുടെ ആഗ്രഹങ്ങൾ അംഗീകരിച്ച് നടത്തി കൊടുക്കണം. തമിഴിൽ മരുമകൾ, മരുമകൻ എന്നിങ്ങനെ രണ്ട് നല്ല വാക്കുകളുണ്ട്. വിവാഹശേഷം ഐശ്വര്യ എനിക്ക് മറ്റൊരു മകളാണ്. അതുപോലെ ഉമാപതി അർജുൻ സാറിനും വീട്ടിലെ മറ്റൊരു മകനാണ്', എന്നാണ് തമ്പി രാമയ്യ പറഞ്ഞത്.
ഐശ്വര്യ മൂന്ന് സിനിമകളിലാണ് ഇതുവരെ അഭിനയിച്ചത്. പട്ടത്ത് യാനെയായിരുന്നു ആദ്യ ചിത്രം. വിശാൽ ആയിരുന്നു നായകൻ.
ശേഷം ഒരു കന്നഡ സിനിമയിലും സൊല്ലിവിടവ എന്ന തമിഴ് സിനിമയിലും ഐശ്വര്യ അഭിനയിച്ചു. അതേസമയം തെന്നിന്ത്യന്‍ സിനിമലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ്-വിജയ് ചിത്രമാണ് ലിയോ. വിജയ്ക്കൊപ്പം വന്‍ താരനിര അണിനിരക്കുന്ന സിനിമയിലെ ആക്ഷന്‍ കിങ് അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലീംസ് വീഡിയോ അടുത്തിടെ വൈറലായിരുന്നു.
അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ലിയോ ടീം വീഡിയോ പുറത്തിറക്കിയത്. ഹറോൾഡ് ദാസ് എന്ന കഥാപാത്രമായാണ് ആക്ഷന്‍ കിങ് അര്‍ജുന്‍ ലിയോയിലെത്തുന്നത്. എതിരാളികളെ നിഷ്കരുണം നേരിടുന്ന ക്രൂരനായ പ്രതിനായകനായാണ് അര്‍ജുനെ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നിവേദിത എന്നൊരു മകൾ കൂടി അർജുനുണ്ട്.


Click it and Unblock the Notifications











