'ജീവിതശൈലി ഇഷ്ടപ്പെട്ടില്ല... അങ്ങനെ അഞ്ച് പ്രണയങ്ങൾ പരാജയപ്പെട്ടു, ആറാമത്തെ പ്രണയമാണ് എന്റെ ഭാര്യ'
നടൻ, നിർമാതാവ്, സംഗീത സംവിധായകൻ, ഗായകൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എഞ്ചിനീയർ എന്നിങ്ങനെ വിജയ് ആന്റണിയെന്ന പേരിനൊപ്പം ചേർക്കാൻ വിശേഷണങ്ങൾ ഏറെയാണ്. വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹം ചെയ്ത് വെച്ച പാട്ടുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ അനിരുദ്ധ് ഒന്നും ഒന്നുമല്ലെന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്. വിജയ് ആന്റണി എന്ന ഗായകൻ തമിഴ്നാടിന് പുറമെ ഇങ്ങ് കേരളത്തിലും വൻ തരംഗം സൃഷ്ടിച്ചിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നാക്ക് മുക്ക എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യത.
ഗായകൻ എന്നതിലുപരി സിനിമാ ജീവിതത്തിലേക്ക് വന്നാലും നാൻ, സലിം, ഇന്ത്യ പാകിസ്താൻ, പിച്ചയ്ക്കാരൻ, സെയ്താൻ, യമൻ, അണ്ണാദുരൈ, കൊലൈഗാരാൻ, കാളി അങ്ങനെ ഒട്ടുമിക്ക ചിത്രങ്ങളിലെയും പ്രകടനം കൊണ്ട് തമിഴ് സിനിമയിലെ നായക സ്ഥാനവും വിജയ് ആന്റണിക്ക് സ്വന്തം. പക്ഷെ അണ്ടറേറ്റഡ് ആക്ടർ എന്നാണ് സിനിമാപ്രേമികൾ വിശേഷിപ്പിക്കാറുള്ളത്.

സംഗീത സംവിധായകൻ, പിന്നണി ഗായകൻ എന്നീ ലേബലിലാണ് വിജയ് ആൻ്റണി തമിഴ് സിനിമയിലേക്ക് അരങ്ങേറിയത്. വേട്ടൈക്കാരൻ, വെടി, വേലായുധം തുടങ്ങി മുപ്പതിലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നാൻ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ചെയ്തിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങൾ കൊണ്ട് അഭിനയ രംഗത്തും വിജയ് അന്റണി എന്ന താരം കഴിവ് തെളിയിക്കുകയായിരുന്നു.
രത്തമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിജയ് ആന്റണി സിനിമ. അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് ആൻ്റണി തന്റെ പ്രണയങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എത്ര പ്രണയ പരാജയങ്ങൾ ഉണ്ടായി എന്നത് അടക്കം വിജയ് ആന്റണി വിശദീകരിച്ചിരുന്നു.
ആകെ അഞ്ച് തവണ പ്രണയത്തിൽ പരാജയപ്പെട്ടുവെന്നും ആറാം തവണ പ്രണയിച്ച പെൺകുട്ടിയാണ് ഇപ്പോൾ തന്റെ ഭാര്യയെന്നുമാണ് വിജയ് ആന്റണി പറഞ്ഞത്. തൻ്റെ ലാളിത്യവും ജീവിതശൈലിയുമാണ് താൻ പ്രണയത്തിൽ അഞ്ച് തവണ പരാജയപ്പെടാൻ കാരണമെന്നാണ് വിജയ് ആന്റണി പറഞ്ഞത്. ഞാൻ ആദ്യം മുതൽ അങ്ങനെയാണ് വളർന്നത്. എൻ്റെ ലാളിത്യവും ജീവിതശൈലിയും പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ല.
ആറാം തവണ പ്രണയിച്ചപ്പോൾ വിജയിച്ചു. അവളാണ് ഇന്ന് എന്റെ ഭാര്യ എന്നാണ് വിജയ് ആന്റണി പറഞ്ഞത്. 2006ലാണ് വിജയ് ആന്റണി ഫാത്തിമയെ വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് പെൺകുട്ടികളാണുള്ളത്. അതിൽ മൂത്ത മകൾ മീര കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു. മകളുടെ മരണത്തോടെ ആകെ തകർന്നിരുന്നു വിജയ് ആന്റണി. ജീവിതത്തിലേക്ക് താരം തിരികെ വരാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളെയായിട്ടുള്ളു.

റോമിയോവാണ് അണിയറയിൽ ഒരുങ്ങുന്ന വിജയ് ആന്റണിയുടെ ഏറ്റവും പുതിയ സിനിമ. വിനായക് വൈദ്യനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വിജയ് ആന്‍റണിയുടെ നായികയാവുന്നത് മൃണാളിനി ദേവിയാണ്. യുട്യൂബില്‍ ഏറെ ജനപ്രീതി നേടിയ കാതല്‍ ഡിസ്റ്റന്‍സിംഗ് എന്ന സിരീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് വിനായക് വൈദ്യനാഥന്‍.
യോഗി ബാബുവാണ് ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിടി വി ഗണേഷ്, ഇളവരശ്, തലൈവാസല്‍ വിജയ്, സുധ, ശ്രീജ രവി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. വിജയ് ആന്റണി ഫിലിം കോര്‍പറേഷന്‍റെ ബാനറില്‍ മീര വിജയ് ആന്‍റണിയാണ് നിര്‍മ്മാണം.


Click it and Unblock the Notifications











