'ഞാൻ ഇപ്പോൾ നാല് മാസം ഗർഭിണി'; നാൽപ്പത്തിയെട്ടാം വയസിൽ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങി നടി ഷർമിലി!
അഭിമന്യു എന്ന ചിത്രത്തിലെ 'രാമായണക്കാറ്റേ' എന്ന ഹിറ്റ് ഗാനം മലയാളികൾ ഒരിക്കലും മറക്കില്ല. ഗാനരംഗത്തിൽ മോഹന്‍ലാലിനൊപ്പം മനോഹരമായി നൃത്തം ചെയ്യുന്ന ഷർമിലിയുടെ പ്രകടനവും ആരും മറക്കില്ല.
എം.ടി വാസുദേവൻ നായരുടെ സിനിമയിൽ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷർമിലി പിന്നീട് ഗ്ലാമർ ലോകത്ത് നിറഞ്ഞ് നിന്നു. പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രം താൻ ചെയ്യേണ്ടിയിരുന്നതാണെന്നും എന്നാൽ അമിത വണ്ണം കാരണം ആ വേഷം നഷ്ടപ്പെട്ടെന്നും ഷര്‍മിലി മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ വഴിയാണ് അഭിമന്യുവിലേക്ക് ഷർമിലി എത്തുന്നത്. 'അഭിമന്യൂവില്‍ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ സുന്ദരിയായ ഒരു പെണ്ണിനെ വേണം. ഷര്‍മിലിയ്ക്ക് പറ്റുമോ എന്നായിരുന്നു ബാപ്പയോട് കുമാര്‍ സാര്‍ ചോദിച്ചത്.'
'ഗ്ലാമറസായി നൃത്തം ചെയ്യണമെന്ന് കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിഷമം തോന്നി. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്. പ്രിയദര്‍ശന്‍ മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനാണെന്നും അദ്ദേഹം നായികമാരെ മോശമായി അവതരിപ്പിക്കാറില്ലെന്നും കുമാര്‍ സാര്‍ പറഞ്ഞു.'

'ഈ കുട്ടി ഓക്കെ ആണെന്ന് കണ്ടയുടൻ പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു. രാമയണക്കാറ്റേ എന്‍ നീലാംബരി കാറ്റേ എന്ന പാട്ടിന്റെ ഷൂട്ടാണ്. ലാല്‍ സാറുമായി നല്ല കമ്പനിയായതിനാല്‍ ആസ്വദിച്ചാണ് നൃത്തം ചെയ്തത്', എന്നാണ് ഷർമിലി മോഹൻലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ച് പറഞ്ഞിട്ടുള്ളത്. ആവരംപൂ എന്ന തമിഴ് ചിത്രത്തിൽ ഗൗണ്ടമണിക്കും ബെയിൽവൻ രംഗനാഥനുമൊപ്പം കോമഡി രംഗം അഭിനയിച്ച ഹിറ്റായ ശേഷമാണ് ഷർമിലി തെന്നിന്ത്യയിൽ തിരക്കുള്ള നടിയായി മാറിയത്.
ഗൗണ്ടമണിക്കൊപ്പം ഇരുപത്തിയേഴോളം സിനിമകളിൽ പെയറായി അഭിനയിച്ചിട്ടുണ്ട് ഷർമിലി. ഇപ്പോഴിതാ നടി വനിതാ വിജയകുമാർ അവതാരകയായ ഇന്ത്യഗ്ലിറ്റ്‌സിന്റെ എക്‌സ്‌ക്ലൂസീവ് ഷോയായ ക്യാമ്പിംഗ് വിത്ത് വനിതയിൽ അതിഥിയായി പങ്കെടുത്ത് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഷർമിലി.

വലിയൊരു സന്തോഷവാർത്തയും അഭിമുഖത്തിനിടെ ഷർമിലി പങ്കുവെച്ചു. താൻ നാല് മാസം ഗർഭിണിയാണെന്നും കുഞ്ഞിന്റെ ജനനത്തിന് ശേഷം ശക്തമായി സിനിമയിലേക്ക് തിരിച്ച് വരുമെന്നുമാണ് ഷർമിലി പറഞ്ഞത്. നാൽപ്പത്തിയെട്ട് വയസാണ് ഷർമിലിയുടെ പ്രായം. 40ആം വയസിലാണ് അഭിഭാഷകനും ഐടി പ്രൊഫഷണലുമായ ഒരാളെ ഷർമിലി വിവാഹം ചെയ്തത്.
കല്യാണം വേണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന വ്യക്തിയായിരുന്നു താനെന്നും എന്നാൽ കുടുംബജീവിതമാണ് താൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതെന്നും ഷർമിലി പറഞ്ഞു. 'ജീവിതം വളരെ സ്മൂത്തായി മുന്നോട് പോകുന്നു. പോയി അഭിനയിക്കൂവെന്ന് ഭർത്താവ് പറയാറുണ്ട്.'
'അടുത്ത വർഷം മുതൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോൾ ഞാൻ നാല് മാസം ഗർഭിണിയാണ്. പലരും ഇത് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നുണ്ടാവും. ഈ പ്രായത്തിൽ ഗർഭിണിയായാൽ എന്താണ് കുഴപ്പം...?.'
'കുഞ്ഞുങ്ങളെ വളർത്താനുള്ള മെച്യൂരിറ്റി വന്നു. ദൈവം വിവാഹജീവിതം നാൽപ്പതിന് ശേഷമാണ് എനിക്ക് തന്നത്. ഇപ്പോൾ കുഞ്ഞിനെയും നാൽപ്പതിന് ശേഷം തന്നിരിക്കുന്നു. ഒരു ഇരുപത് വർഷം മുമ്പ് തന്നിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്ന് എനിക്ക് അറിയില്ലെന്നും', ഷർമിലി പറയുന്നു.


Click it and Unblock the Notifications