സിമ്രാന്റെ സഹോദരിയുടെ മരണത്തിന് ഉത്തരവാദി പ്രസന്നയോ?, മോണാലിന്റെ മരണ കാരണം കണ്ടെത്താനാവാതെ കുടുംബം!
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ വില കൂടിയ നായികമാരിൽ ഒരാളായിരുന്നു നടി സിമ്രാൻ. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായ താരസുന്ദരി. 1996ൽ മലയാളത്തിൽ പുറത്തിറങ്ങിയ ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്.
മലയാളത്തിൽ ഹാർട്ട് ബീറ്റ് എന്നൊരു സിനിമയിൽ കൂടി സിമ്രാൻ അഭിനയിച്ചിട്ടുണ്ട്. 1976ൽ ഒരു പഞ്ചാബി കുടുംബത്തിൽ അശോക് നവലിന്റേയും ശാരദ നവലിന്റെയും മകളായിട്ടാണ് സിമ്രാൻ ജനിച്ചത്.
മോഡലിങിലൂടെ അഭിനയത്തിലേക്ക് എത്തിയ സിമ്രാൻ വിവാഹശേഷം വളരെ സെലക്ടീവായി മാത്രമാണ് സിനിമകൾ ചെയ്യുന്നത്. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സിമ്രാന് ആരാധകരുടെ എണ്ണത്തിൽ കുറവില്ല. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് സിമ്രാനുള്ളത്.

സിമ്രാന്റെ സഹോദരിമാരിൽ ഒരാളായ മോണൽ രണ്ട് വർഷം മാത്രമാണ് സിനിമയിൽ പ്രവർത്തിച്ചത്. സിനിമയിൽ എത്തിയശേഷം മോണലിന്റെ ജീവിതം തകിടം മറിയുകയും താരം പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നു. തമിഴ് സിനിമയിലായിരുന്നു മോണൽ സജീവമായിരുന്നത്.
മോഡലിങും ഫാഷൻ ഷോകളുമാണ് മോണൽ സിനിമയിലേക്ക് വഴി തുറന്ന് കൊടുത്തത്. 2000 മുതൽ 2002 വരെയുള്ള കാലഘട്ടത്തിലായിരുന്നു അഭിനേത്രിയായി മോണൽ തിളങ്ങിയത്. ഈ രണ്ട് വർഷത്തിനിടയിൽ തമിഴ് സിനിമയിൽ ഏതാനും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മോണലിന് കഴിഞ്ഞു.
2002 ഏപ്രിൽ 14ന് ൽ ചെന്നൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മോണലിനെ കണ്ടെത്തിയത്. അന്ന് സിമ്രാൻ നായിക എന്ന നിലയിൽ തെന്നിന്ത്യയിൽ കത്തി നിൽക്കുകയായിരുന്നു. ലൗലി, സമുദ്രം, ചാർളി ചാപ്ലിൻ തുടങ്ങിയവയാണ് മോണൽ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിൽ ചിലത്. മോണലിന്റെ മരണം സിമ്രാനെ വല്ലാതെ തളർത്തി.
മരിക്കുമ്പോൾ 21 വയസ് മാത്രമായിരുന്നു മോണലിന്റെ പ്രായം. സഹോദരിയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ ഏറ്റവും കൂടുതൽ പോരാടിയത് സിമ്രാൻ ആയിരുന്നു. തൻ്റെ സഹോദരി മോണാലിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഡാൻസർ പ്രസന്നയാണെന്ന് സിമ്രാൻ പറഞ്ഞത് വലിയ വാർത്തയായിരുന്നു.

മോണാലും സിനിമയിൽ കോറിയോഗ്രാഫറായിരുന്ന പ്രസന്നയും റിലേഷൻഷിപ്പിലാവുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തിരുന്നുവെന്നും പ്രസന്ന ഉപേക്ഷിച്ചപ്പോഴാണ് ജീവനൊടുക്കാൻ മോണാൽ തീരുമാനിച്ചതെന്നുമാണ് സിമ്രാൻ അന്ന് ആരോപിച്ചത്.
അതുപോലെ നടി മുംതാസും അവളുടെ മാനേജർ റിയാസും മൊണാലിൻ്റെ 50000 രൂപ വിലയുള്ള മേക്കപ്പ് കിറ്റും തെളിവുകളുള്ള വ്യക്തിഗത ഡയറിയും മോഷ്ടിച്ചതായും സിമ്രാൻ ആരോപിച്ചിരുന്നു. എന്നാൽ മോണാലിൻ്റെ കേസും പതിവുപോലെ തെളിയിക്കപ്പെടാതെ പോയി. സിമ്രാൻ കുറ്റം ആരോപിച്ചവർ തന്നെയാണ് മോണലിന്റെ മരണം നടന്നശേഷം ആദ്യം ഫ്ലാറ്റിലെത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതുപോലെ തന്നെ നടൻ കുനാലുമായും മോണൽ പ്രണയത്തിലായിരുന്നുവെന്നും കഥകൾ പ്രചരിച്ചിരുന്നു. ആ ബന്ധം തകർന്നതാണ് മോണലിനെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സിമ്രാനെപ്പോലെ മികച്ച നടിയാകേണ്ടിയിരുന്ന മോണലിന്റെ ജീവിതം ദുരന്തത്തിൽ അവസാനിച്ചത് ആരാധകരെയും വിഷമിപ്പിച്ചിരുന്നു.
അനുജത്തിയുടെ മരണം താങ്ങാനാവാതെ സിമ്രാൻ ഒരു ഘട്ടത്തിൽ സിനിമ ഉപേക്ഷിച്ചിരുന്നു. മോണാൽ മരിച്ച് 21 വർഷം കഴിഞ്ഞിട്ടും അനുജത്തിയെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് സിമ്രാൻ. ഇടയ്ക്കിടെ സഹോദരിയുടെ ഓർമ ചിത്രങ്ങളുമായി സിമ്രാൻ സോഷ്യൽമീഡിയയിൽ എത്താറുണ്ട്.
രണ്ട് വർഷത്തിനുള്ളിൽ പതിനൊന്ന് സിനിമകളിൽ മോണൽ അഭിനയിച്ചിരുന്നു. നാൽപത്തിയേഴുകാരിയായ സിമ്രാൻ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ ക്യാപ്റ്റനായിരുന്നു. ആര്യ നായകനായ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. റിലീസിനൊരുങ്ങുന്ന സിമ്രാന്റെ പുതിയ സിനിമ ധ്രുവനച്ചത്തിരമാണ്. വിക്രം നായകനായ സിനിമ നവംബറിൽ തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications











