തമിഴ് ഹാസ്യതാരം വടിവേല്‍ ബാലാജി അന്തരിച്ചു! ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ ലോകം
പ്രശസ്ത തമിഴ് ഹാസ്യ താരം ബാലാജി വടിവേല്‍ അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്‌റെ അന്ത്യം. രണ്ട് ആഴ്ച മുന്‍പ് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കൈകളുടെ ചലനശേഷി നഷ്ടപ്പെട്ട അദ്ദേഹത്തെ ചെന്നൈ രാജീവ് ഗാന്ധി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സാമ്പത്തിക പ്രയാസം കാരണം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നടന്‌റെ വിയോഗമുണ്ടായത്.

വിജയ് ടിവിയിലെ അത് ഇത് യെത്, കലക്കപോവത് യാര് എന്നീ ജനപ്രിയ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബാലാജി വടിവേല്‍. തമിഴിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍ ഒരാളായ വടിവേലുവിനെ അനുകരിച്ച് ഹാസ്യപരിപാടികള്‍ നടത്തിയിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് വടിവേലു ബാലാജി എന്ന പേര് ലഭിച്ചത്. വിജയ് ടിവിയിലെ മിക്ക ഷോകളിലൂടെയും നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരുന്നു.
1991ല്‍ പുറത്തിറങ്ങിയ എന്‍ റാസാവിന്‍ മനസില്‍ എന്ന ചിത്രത്തിലൂടെയാണ് മധുരക്കാരനായ നടന്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നയന്‍താരയുടെ കോലമാവ് കോകില ഉള്‍പ്പെടെയുളള നിരവധി സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. കൊലമാവ് കോകിലയാണ് നടന്റെതായി എറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴില്‍ വടിവേലുവിനെ ഗംഭീരമായി അവതരിപ്പിക്കാറുളള നടനെ ഒരിക്കല്‍ വടിവേലു തന്നെ പരസ്യമായി അഭിനന്ദിച്ചിരുന്നു.
Recommended Video
ബാലാജിയുടെ അവതരണം കണ്ട് താന്‍ തന്നെയാണ് ഇതെന്ന് തോന്നിപ്പോയിരുന്നു എന്ന് വടിവേലു പറഞ്ഞിരുന്നു. അതേസമയം ലോക്ക് ഡൗണ്‍ കാലയളവില്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു വടിവേല്‍ ബാലാജി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് നടന്റെ കുടുംബം.


Click it and Unblock the Notifications