'കീർത്തി സുരേഷിന്റെ മുത്തച്ഛനാകാനുള്ള പ്രായമുള്ളപ്പോഴാണ് ചിരഞ്ജീവി അങ്ങനെ പറഞ്ഞത്'; തമിഴ് സിനിമാ നിരൂപകൻ!
മലയാളത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും സിനിമാ പാരമ്പര്യമുണ്ടെങ്കിലും കീർത്തി സുരേഷ് സിനിമയിൽ ക്ലിക്കായി തുടങ്ങിയത് തമിഴിലേക്കും തെലുങ്കിലേക്കും അരങ്ങേറിയശേഷമാണ്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കൂടി നേടിയതോടെ കീർത്തി ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നായിക നടി കൂടിയാണ്. ഈ കുറഞ്ഞ കാലയളവിൽ മോഹൻലാൽ, ദിലീപ്, രജിനികാന്ത്, വിജയ്, വിക്രം, ചിരഞ്ജീവി, നാനി, സൂര്യ തുടങ്ങിയ സൂപ്പർ താരങ്ങൾക്കെല്ലാം ഒപ്പം കീർത്തി അഭിനയിച്ച് കഴിഞ്ഞു.
അടുത്തിടെയായി തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമാണ് കീർത്തിക്ക് ഏറെയും അവസരങ്ങൾ ലഭിക്കുന്നത്. കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയ ദസറ, മാമന്നൻ, ഭോലശങ്കർ എന്നിവ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും വന്നവയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ഹിറ്റുകളൊന്നും നൽകാൻ കീർത്തി സുരേഷിന് സാധിച്ചിട്ടില്ല.

അവസാനമായി മലയാളത്തിൽ കീർത്തിയുടേതായി പുറത്തിറങ്ങിയ സിനിമ വാശിയാണ്. അജിത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേയ്ക്കായിരുന്നു കീർത്തിയുടെ തെലുങ്കിൽ പുറത്തിറങ്ങിയ ചിരഞ്ജീവി സിനിമ ഭോല ശങ്കര്‍. മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിരഞ്ജീവിക്കും കീർത്തിക്കും പുറമെ തമന്ന ഭാട്ടിയയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം പക്ഷെ വൻ പരാജയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. രജിനികാന്തിന്റെ ജയിലറിനൊപ്പം റിലീസ് ചെയ്തതാണ് ഭോല ശങ്കറിന് കൂടുതല്‍ വിനയായത്. സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ കീർത്തിയെ കുറിച്ച് ചിരഞ്ജീവി പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ വൈറലായിരുന്നു.
കീർത്തി സുരേഷ് തന്നെ ചേട്ടനെന്ന് വിളിക്കുന്നത് ആദ്യത്തെ ഷൂട്ടിങ് ദിവസം തന്നെ താൻ വിലക്കിയിരുന്നുവെന്നും അങ്ങനെ വിളിക്കാൻ കീർത്തിയെ താൻ അനുവദിച്ചില്ലെന്നുമാണ് ചിരഞ്ജീവി പ്രീ റിലീസ് ചടങ്ങിൽ സംസാരിക്കവെ പറഞ്ഞത്. ഇപ്പോഴിതാ ചിരഞ്ജീവിയുടെ ആ വാക്കുകളെ വിമർശിച്ച് എത്തിയിരിക്കുകയാണ് തമിഴ് സിനിമാ നിരൂപകൻ ബിസ്മി.
സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളും നിരൂപണങ്ങളും പങ്കുവെച്ച് തമിഴ്നാട്ടിൽ ആരാധകരെ നേടിയ ഒരാളാണ് ബിസ്മി. മുമ്പും സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട് ആരാധകർക്ക് അറിയാത്ത വിവരങ്ങൾ പങ്കുവെച്ച് ബിസ്മി മാധ്യമ ശ്രദ്ധനേടിയിരുന്നു. ബിസ്മിയുടെ വാക്കുകളിലേക്ക്.... 'ഭോല ശങ്കറിന്റെ പ്രീ റിലീസ് ഇവന്റിൽ ചിരഞ്ജീവിയും കീർത്തി സുരേഷുമുണ്ടായിരുന്നു.'

'ചടങ്ങിൽ സംസാരിക്കവെ ചിരഞ്ജീവി പറയുന്നുണ്ട് ഞാൻ ആദ്യത്തെ ദിവസം തന്നെ അണ്ണൻ എന്ന് വിളിക്കരുതെന്ന് കീർത്തിയോട് പറഞ്ഞിരുന്നുവെന്നും അങ്ങനെ വിളിക്കുന്നത് വിലക്കിയിരിക്കുകയാണെന്നും. അത് കാണുമ്പോൾ മനസിലാകുന്നത് കീർത്തി സുരേഷിനെ ചിരഞ്ജീവി എങ്ങനെ കാണുന്നുവെന്നതാണ്.'
'മാത്രമല്ല കീർത്തി സുരേഷ് എങ്ങനെ തന്നെ കാണണമെന്നാണ് ചിരഞ്ജീവി ആഗ്രഹിക്കുന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമാണ്. പിന്നെ കീർത്തി സുരേഷിന്റെ ചേട്ടനാകാനുള്ള പ്രായമല്ല മുത്തച്ഛനാകാനുള്ള പ്രായം ചിരഞ്ജീവിക്കുണ്ട്. അതല്ലേ സത്യം... തന്റെ കൊച്ചുമകളുടെ പ്രായമുള്ള നടിയെ ചിരഞ്ജീവി എങ്ങനെ കാണുന്നുവെന്നതാണ് ചിരഞ്ജീവിയുടെ സംസാരത്തിൽ നിന്നും തെളിഞ്ഞ് വരുന്നത്.'
'അത് ഡബ്ബ് ചെയ്ത വീഡിയോയാണെന്ന് എനിക്ക് തോന്നിയില്ല. അദ്ദേഹം തന്നെ പറഞ്ഞതാകണം. അതുപോലെ ബാലകൃഷ്ണയും മറ്റ് ഹീറോകളുമെല്ലാം... ഉദാഹരണത്തിന് റാണപോലും ഒരു ചടങ്ങിൽ തൃഷയെ കുറിച്ച് സംസാരിച്ചത് കേട്ടിരുന്നു. അതെല്ലാം കേൾക്കുമ്പോൾ നടന്മാർ നടിമാരെ എങ്ങനെയാണ് കാണുന്നതെന്നതാണ് വ്യക്തമാകുന്നത്.'
'മുഖം മാറുന്നുവെന്നേയുള്ളു ഇവരുടെ നോട്ടവും ചിന്തയും ഒരുപോലെയാണ്', എന്നാണ് ചിരഞ്ജീവിയുടെ ഭോല ശങ്കർ പ്രീ റിലീസ് ചടങ്ങിലെ പ്രസംഗത്തെ വിമർശിച്ച് ബിസ്മി പറഞ്ഞത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിസ്മി തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.


Click it and Unblock the Notifications