മമ്മൂട്ടി, രജനികാന്ത് മുതല്‍ സൂര്യ, വിജയ്, എന്നിങ്ങനെ കൂട്ടുക്കെട്ടിലെ സൂപ്പര്‍ ഹിറ്റുകള്‍ ഇവയാണ്
സോഷ്യല്‍ മീഡിയയില്‍ നിറയെ ഫ്രണ്ട്ഷിപ്പ് ദിന സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സൗഹൃദത്തിന്റെ കഥ പറയുമ്പോള്‍ ആദ്യം സിനിമയില്‍ നിന്ന് തന്നെയാണ്. മലയാളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും സൗഹൃദം പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. അതില്‍ പലതും മലയാളികള്‍ അടക്കമുള്ള എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമാണ്. അത്തരത്തില്‍ സൗഹൃദത്തെ ആസ്പദമാക്കി തമിഴിലെ എക്കാലത്തെയും ഹിറ്റ് സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

തമിഴ് സൂപ്പര്‍ താരങ്ങളായ വിജയും സൂര്യയും നായകന്മാരായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമയാണ് ഫ്രണ്ട്‌സ്. പേര് സൂചിപ്പിക്കുന്നത് പോലെ സൗഹൃദത്തിന്റെ കഥ തന്നെയാണ് ഈ ചിത്രവും പറയുന്നത്. രസകരമായ കാര്യം മലയാള സിനിമയായ ഫ്രണ്ട്‌സിന്റെ റീമേക്ക് ആണിതെന്നുള്ളതാണ്. ജയറാമും മുകേഷും ശ്രീനിവാസനും അഭിനയിച്ച ചിത്രമായിരുന്നു ഫ്രണ്ട്‌സ്. തമിഴിലെത്തുമ്പോള്‍ സൂര്യ, വിജയ്, രമേഷ് ഖന്ന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി.

മാധവന്‍, ജ്യോതിക, വിനീത്, ശ്രീദേവി വിജയകുമാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് സിനിമയാണ് പ്രിയമാന തോഴി. ബാല്യ കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന അശോക് (മാധവന്‍)ന്റെയും ജൂലി (ശ്രീദേവി വിജയകുമാര്‍) കഥയാണ് പ്രിയമാന തോഴിയിലൂടെ പറയുന്നത്. പ്രണയവും ക്രിക്കറ്റും പശ്ചാതലമാക്കിയിട്ടാണ് ചിത്രമൊരുക്കിയിരുന്നത്.

മമ്മൂട്ടിയും രജനികാന്തും നായകന്മാരായി അഭിനയിച്ച് ഇന്നും പ്രേക്ഷക മനസുകളിലുള്ള സിനിമയാണ് തലപതി. അനാഥനായ സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. മണിരത്‌നം തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത തലപതിയും സൗഹൃദം പ്രമേയമാക്കിയാണ് എത്തിയത്. മലയാളത്തിന്റെ മെഗാസ്റ്റാറും തമിഴ്‌നാടിന്റെ സ്റ്റൈല്‍ മന്നനും തകര്‍ത്തഭിനയിച്ച സിനിമയിലെ ഓരോ ഡയലോഗുകളും ഇന്നും തരംഗമാണ്.

ത്രീകോണ പ്രണയം പ്രമേയമാക്കി തമിഴില്‍ ഒരുക്കിയ സിനിമയാണ് കാതല്‍ ദേശം. വിനീത്, അബ്ബാസ്, എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളായ കാര്‍ത്തിക്, അരുണ്‍ എന്നിവര്‍ക്കിടയിലേക്ക് ദിവ്യ എന്ന പെണ്‍കുട്ടി കടന്ന് വരുന്നതോടെ സംഭവിക്കുന്ന കഥയാണ് സിനിമയ്ക്ക് ഇതിവൃത്തമായത്. തബു ആയിരുന്നു നായികയായ ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

നടന്‍ സമുദ്രക്കനി സംവിധാനം ചെയ്ത സിനിമയാണ് നാടോടികള്‍. 2009 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ ശശി കുമാര്‍, ഭാരനി, വിജയ് വസന്ത് എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു അണിനിരന്നത്. മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദവും അവരിലൊരാളുടെ പ്രണയം സഫലമാക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയ്ക്ക് ആസ്പദമായത്.


Click it and Unblock the Notifications