ദളപതി 70ലൂടെ വിജയ് അഭിനയത്തിലേക്ക് മടങ്ങിയെത്തുമോ? പ്രതീക്ഷയോടെ തമിഴകം
ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന മിതഭാഷിയായ ചെറുപ്പക്കാരൻ തന്റെ സിനിമ യാത്ര തുടങ്ങിയത് വലിയ പ്രത്യേകതകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ബാലതാരമായിട്ടാണ്. പിന്നീട് യുവ നായകനായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും, കുറച്ചു വർഷങ്ങൾ വേണ്ടി വന്നു വിജയ്ക്ക് തമിഴ് മണ്ണിൽ സ്ഥാനമുറപ്പിക്കാൻ. പതുക്കെയാണെങ്കിലും അയാൾ പിന്നീട് പ്രണയ ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ ഇളയ ദളപതിയായി. പിന്നീട് വന്ന വലിയ വിജയങ്ങൾ അയാളെ ദളപതി സ്ഥാനത്തേക്ക് ഉയർത്തി. എന്നാൽ, 2024ൽ ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ രചിക്കുന്നതിനിടെ, താൻ സിനിമ വിടുകയാണെന്ന് വിജയ് പ്രഖ്യാപിച്ചു. അടുത്ത ലക്‌ഷ്യം രാഷ്ട്രീയവും, 2026ൽ നടക്കുന്ന ഇലക്ഷനും.
വിജയ് എന്നെങ്കിലും സിനിമയിലേക്ക് മടങ്ങി വരുമോ?
തന്റെ പത്രക്കുറിപ്പിലൂടെ സിനിമാരംഗത്തോട് വിട പറയുകയാണെന്ന് വിജയ് പ്രഖ്യാപിച്ചെങ്കിലും, തങ്ങളുടെ പ്രിയപ്പെട്ട ദളപതിയുടെ വാക്കുകൾ കാര്യമായിട്ടെടുക്കാൻ തമിഴ് സിനിമ പ്രേമികൾ ഇന്നും തയ്യാറായിട്ടില്ല എന്നുവേണം കരുതാൻ. കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് അതാണ്. വിജയ് എന്നും മനസ്സുകൊണ്ട് ഒരു സിനിമാക്കാരൻ തന്നെയായിരിക്കുമെന്നും, അദ്ദേഹത്തിന് ഒരുപാട് കാലം മാറി നിൽക്കാൻ സാധിക്കില്ലായെന്നുമുള്ള പ്രേക്ഷകരുടെ ശുഭപ്രതീക്ഷകളാണ് ഇന്ന് ഓൺലൈനിൽ കാണാവുന്നത്. അതിന് കാരണമാവട്ടെ, വിജയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സൂചിപ്പിക്കുന്ന റൂമറുകളും.

ഏറ്റവും പുതിയ ഗോസിപ്പുകൾ അനുസരിച്ച്, സിനിമ വിടാനുള്ള തന്റെ തീരുമാനം പുനപരിശോദിക്കുന്നുണ്ട് വിജയ് എന്നാണ് അറിയാൻ കഴിയുന്നത്. അടുത്തിടെ ജേർണലിസ്റ്റ് സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ലോകേഷ് കനഗരാജ് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് പുതിയ റിപ്പോർട്ടുകളുടെ ആധാരം. വിജയ്‌ക്കായി തന്റെ മനസ്സിൽ ഒന്നിൽ കൂടുതൽ കഥകൾ ഉണ്ടെന്ന് മാസ്റ്റർ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം വിജയ് അണ്ണന് അറിയാം എന്നും അദ്ദേഹം സൂചിപ്പിച്ചു. നടനൊപ്പം മാസ്റ്റർ, ലിയോ എന്നീ രണ്ടു വിജയ ചിത്രങ്ങളിൽ പ്രവർത്തിച്ച ലോകേഷിന്റെ വാക്കുകൾ വിജയ് ഫാൻസിന് വലിയൊരു പ്രതീക്ഷയുടെ വഴി തുറന്നു കൊടുത്തിരിക്കുകയാണ്.

നടനായ വിജയ്‌യെ വളരെയധികം ഇഷ്ടപ്പെടുന്ന സിനിമാപ്രേമികൾ, അദ്ദേഹം എന്നെങ്കിലും ലിയോയുടെ രണ്ടാം ഭാഗവുമായി മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്ലൈമാക്സിൽ, അത്തരത്തിൽ ഒരു രണ്ടാം ഭാഗത്തേക്കുള്ള സൂചന കാണാം. എന്നാൽ തന്റെ പുതിയ അഭിമുഖത്തിൽ, ലിയോ 2 അല്ല, മറിച്ച് മാസ്റ്റർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനാണ് താൻ ഏറെ കാത്തിരിക്കുന്നതെന്ന് ലോകേഷ് കനഗരാജ് തുറന്നു പറഞ്ഞു. ഈ കഥകളെല്ലാം നായകൻ വിജയ്ക്ക് അറിയാമെന്നും, എന്നെങ്കിലും അദ്ദേഹം സമ്മതിച്ചാൽ ആദ്യം സംവിധാനം ചെയ്യുക മാസ്റ്റർ 2 ആവും എന്നും ലോകേഷ് കൂട്ടിച്ചേർത്തു.
ഇനി സിനിമയിലേക്കില്ല എന്ന് തന്നെയാണ് വിജയ് ഇന്നും പരസ്യമായി പറയുന്നതെങ്കിലും, 2026ൽ നടക്കാനിരിക്കുന്ന ഇലക്ഷന് ശേഷം താരം തന്റെ തീരുമാനം മാറ്റിയേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ സംസാരം. പഴയത് പോലെ ഇടക്കിടെ സിനിമകൾ ഉണ്ടാവില്ലെങ്കിലും, തമിഴകത്തിന്റെ ഏറ്റവും ജനസ്സമ്മതനായ നായകനെ വല്ലപ്പോഴും എങ്കിലും സ്‌ക്രീനിൽ കാണാനാകും എന്ന് ഉറച്ചു വിശ്വസിക്കുകയാണ് വിജയ് എന്ന നടന്റെ ആരാധകരും, സിനിമ പ്രേമികളും. പുതിയ റിപോർട്ടുകൾ അനുസരിച്ച്, തന്നെ സമീപിച്ച പല സംവിധായകരോടും സൂപ്പർ താരം ഈ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നാണ് അറിവ്. അധികം വൈകാതെ 'ദളപതി 70' എന്ന് താൽക്കാലികമായി സോഷ്യൽ മീഡിയ പേരിട്ടിരിക്കുന്ന താരത്തിന്റെ 70ആമത്തെ ചിത്രത്തെക്കുറിച്ച് കൂടുതൽ റിപോർട്ടുകൾ പുറത്തു വന്നേക്കുമെന്നാണ് സൂചന.
ദളപതി 70 സംഭവിക്കുമോ?

വിജയ് എന്ന നടന്റെ ആരാധകരും, സിനിമ പ്രേമികളും ഇന്നും ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുന്നത് അദ്ധേഹത്തിന്റെ 70ആം ചിത്രത്തിന്റെ പ്രഖ്യാപനത്തിനായാണ്. 2024 മദ്ധ്യം മുതൽക്ക് തന്നെ സൺ പിക്ച്ചർസ് അടക്കമുള്ള തമിഴ് സിനിമയുടെ വലിയ പ്രൊഡക്ഷൻ ബാനറുകൾ സൂപ്പർ താരത്തെ റിട്ടയർമെന്റ് തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. വിജയുടെ അടുത്ത സുഹൃത്തുക്കൾ കൂടിയായ സംവിധായകർ അറ്റ്ലീ, ലോകേഷ് കനഗരാജ്, തുടങ്ങിയവർ താരത്തിന്റെ 70ആം ചിത്രം സംവിധാനം ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ മാസ്റ്റർ 2നെ കുറിച്ച് ലോകേഷ് നൽകിയ സൂചനയിലൂടെ, ചർച്ചകൾ സജീവമായി നടക്കുന്നു എന്ന സൂചനയാണ് സിനിമാലോകത്തിന് കിട്ടിയിരിക്കുന്നത്.
ഏറ്റവും ഒടുവിൽ എല്ലാവരുടെയും തീവ്ര പരിശ്രമത്തിന്റെ ഫലമായി വിജയ് തന്റെ തീരുമാനം മാറ്റുകയും, ദളപതി 70 പ്രഖ്യാപിക്കുകയും ചെയ്താൽ, തമിഴ് സിനിമയെ കാത്തിരിക്കുന്നത് ഇൻഡസ്ട്രിയുടെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആവും എന്ന് നിസ്സംശയം പറയാം. സംഭവിക്കുന്നത് ഒരു മികച്ച ചിത്രമാണെങ്കിൽ, തമിഴ് സിനിമക്ക് പല വലിയ ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്കുമുള്ള ചവിട്ടു പടിയായിരിക്കും വിജയ്‌യുടെ മടങ്ങിവരവ്. എന്നാൽ ഈ റിപോർട്ടുകൾ ഒന്നും തന്നെ താരമോ, അദ്ദേഹത്തോട് അടുത്ത ബന്ധം പുലർത്തുന്നവരോ, ഇത് വരെ ശരി വച്ചിട്ടില്ല.
ജനനായകൻ: അണിയറയിൽ ഒരുങ്ങി വിജയ്-വിനോദ് ചിത്രം
എന്തായാലും വിജയ് തന്റെ 70ആം ചിത്രം പ്രഖ്യാപിക്കുന്നത് വരെ അദ്ധേഹത്തിന്റെ അവസാന സിനിമ എന്ന് അറിയപ്പെടുന്നത് പൊളിറ്റിക്കൽ ഡ്രാമ ജന നായകൻ ആണ്. താരത്തിന്റെ 69ആം ചിത്രമായ ജനനായകൻ, ഒരു കമ്പ്ലീറ്റ് എന്റർടൈനർ ആയിട്ടാണ് തീയറ്ററുകളിൽ എത്തുന്നത്. അതിനിടെ, സംവിധായകൻ എച്. വിനോദ് ആദ്യമായ് വിജയ്‌ക്കൊപ്പം കൈകോർക്കുന്ന ചിത്രം, നന്ദമൂരി ബാലകൃഷ്ണ നായകനായ ബ്ലോക്ക്ബസ്റ്റർ തെലുങ്കു ആക്ഷൻ ത്രില്ലെർ 'ഭഗവന്ത് കേസരി'യുടെ റീമേക്ക് ആണെന്നും സൂചനയുണ്ട്. ഈ വാർത്ത വിജയ് ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സംവിധായകൻ വിനോദും ടീമും ഈ വാർത്തകളോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.
നായകൻ വിജയുടെ ചിത്രത്തിലെ ഫസ്റ്റ് ലൂക്കും, ചിത്രത്തിന്റെ മറ്റ് ഒഫീഷ്യൽ പോസ്റ്ററുകളും സൂചിപ്പിക്കുന്നത് ജന നായകൻ രാഷ്ട്രീയ നേതാവ് കൂടിയായ താരത്തിന്റെ ആശയത്തെ ഉയർത്തിപ്പിടിക്കുന്ന ചിത്രമായിരിക്കുമെന്നാണ്. എന്നാൽ ഈ നീക്കത്തോടെ താത്പര്യമില്ലാത്തവരാണ് നടന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രത്യേകിച്ച് അനുഭവമൊന്നുമില്ലാത്ത സിനിമ പ്രേമികൾ. മാസ്റ്ററിലൂടെയും, ലിയോയിലൂടെയും വിജയ് എന്ന നടന്റെ പുതിയ തലങ്ങളാണ് സിനിമ പ്രേമികൾ കണ്ടത്. ഒരു നടനെന്ന നിലയിൽ താരത്തിന് ഇനിയും ഒരുപാട് ചെയ്തു തീർക്കാനുണ്ടെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു.
വിജയ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജന നായകനിൽ പൂജ ഹെഗ്‌ഡെ ആണ് നായികയായി എത്തുന്നത്. പ്രേമലു താരം മമിത ബൈജു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയ മണി, നരേൻ, തുടങ്ങിയവരും അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സത്യൻ സൂര്യൻ സിനിമാട്ടോഗ്രഫിയും, പ്രദീപ് രാഘവ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ജന നായകൻ 2026 ജനുവരി 9ന് പൊങ്കൽ റിലീസായി തീയറ്ററുകളിൽ എത്തുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











