ദീപാവലിക്ക് മുന്‍പ് ആഘോഷം തുടങ്ങാന്‍ ദളപതി വിജയ്! ബിഗിലിന്റെ ടീസര്‍ റിലീസ് ഡേറ്റ് പുറത്ത്
ദളപതി വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ബിഗിലിന്റെ റിലീസിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്, ദീപാവലി റിലീസായി എത്തുന്ന സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണ്. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ അറ്റ്‌ലീ ഒരുക്കുന്ന ചിത്രം കൂടിയാണിത്. 140 കോടി ബഡ്ജറ്റില്‍ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

ബിഗിലിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയായിരുന്നു ചെന്നെെയില്‍ വെച്ച് നടന്നത്. ചടങ്ങില്‍ വെച്ചുളള വിജയുടെ പ്രസംഗം ആരാധകര്‍ ഏറ്റെടുത്തിരുന്നു. മുന്‍ വര്‍ഷങ്ങളിലേതു പോലെയുളള പതിവ് ആവര്‍ത്തിച്ചുകൊണ്ടാണ് വിജയ് ആരാധകര്‍ക്കു മുന്‍പില്‍ എത്തിയിരുന്നത്. ഓഡിയോ ലോഞ്ചിന് പിന്നാലെ സിനിമയിലെ പാട്ടുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

വിജയുടെ മുന്‍ ചിത്രങ്ങള്‍ പോലെ ബിഗിലും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടുമെന്നുളള പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം സൂപ്പര്‍ താര ചിത്രം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ ടീസര്‍ റിലീസ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ടീസര്‍ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ സംവിധായകന്‍ അറ്റ്‌ലീ തന്നെ ഒക്ടോബര്‍ ആദ്യ വാരത്തില്‍ ടീസര്‍ പുറത്തുവിടാനായി ശ്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ബിഗിലിന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യ ടീസറിനായിട്ടാണ് ഇനി എല്ലാവരും കാത്തിരിക്കുന്നത്. സ്‌പോര്‍ട്‌സ് ത്രില്ലറായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് ദളപതി എത്തുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മൈക്കല്‍ ആയി വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കാമുകി എയ്ഞ്ചലായി നയന്‍സും എത്തുന്നു. വിവേക്, ജാക്കി ഷ്‌റോഫ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി, ഇന്ദുജ, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് റൂബെനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. സ്ക്രീന്‍ സീന്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് സിനിമ വിതരണത്തിനെത്തിക്കുന്നു.


Click it and Unblock the Notifications











