മാസ്റ്റർ റിലീസ്: ദളപതി വിജയുടെ ജന്മദിനത്തിൽ ആരാധകർക്ക് ഇരട്ട ട്രീറ്റ്
ദളപതി വിജയുടെ മാസ്റ്റര്‍ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് വിജയുടെ പുതിയ സിനിമ എത്തുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. മാസ്റ്ററിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ പാട്ടുകളായിരുന്നു സിനിമയുടെതായി തരംഗമായി മാറിയിരുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസിലാണ് വിജയ് ചിത്രം അണിയിച്ചൊരുക്കിയത്. പാട്ടുകള്‍ക്കു പുറമെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പോസ്റ്ററുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെയാണ് സിനിമയുടെ റിലീസ് മാറ്റിവെച്ചിരുന്നത്.

എപ്രില്‍ 9ന് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ എത്തുമെന്നായിരുന്നു അണിയറക്കാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ രാജ്യമൊട്ടാകെ കോവിഡ് ഭീതിയിലായ സമയത്ത് വിജയ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ദളപതി വിജയും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത് കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്.

രജനികാന്ത് ചിത്രം പേട്ടയ്ക്ക് പിന്നാലെയാണ് വിജയ് ചിത്രത്തിലും മക്കള്‍ സെല്‍വന്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. വിജയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു സിനിമയായിരിക്കും മാസ്റ്ററെന്ന് സംവിധായകന്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തില്‍ കോളേജ് അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. ഇത്തവണ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് നടന്‍ എത്തുന്നത്.

അതേസമയം മാസ്റ്റര്‍ റിലീസ് സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ദളപതി വിജയുടെ പിറന്നാള്‍ ദിനത്തില്‍ ബിഗ് ബഡ്ജറ്റ് ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ 22നാണ് സൂപ്പര്‍ താരത്തിന്റെ പിറന്നാള്‍. വിജയുടെ പിറന്നാളിന് സിനിമ വരികയാണെങ്കില്‍ തമിഴ്‌നാട്ടിലും കേരളത്തിലും വലിയ ആഘോഷമായിരിക്കും നടക്കുക.

നേരത്തെ വിജയ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. അന്ന് മാസ്റ്ററിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു, ആദ്യം അതിജീവിക്കാം, എന്നിട്ട് ആഘോഷിക്കാം എന്നായിരുന്നു മാസ്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ അറിയിച്ചത്.

മാസ്റ്റര്‍ നിങ്ങള്‍ക്കരികിലേക്ക് ഉടനെയെത്തുമെന്നാണ് പുതിയ പോസ്റ്ററിലെ ടാഗ് ലൈന്‍. ലോക് ഡൗണ്‍ പ്രമാണിച്ച് റിലീസ് ചെയ്യാതിരുന്ന ചിത്രം വേണ്ട സമയത്തു തന്നെ ആരാധകരുടെ അരികിലേക്ക് എത്തുമെന്ന് പറയുകയായിരുന്നു ലോകേഷ് കനകരാജ്. മാളവിക മോഹനനാണ് ചിത്രത്തില്‍ ദളപതിയുടെ നായികയായി എത്തുന്നത്. കൈദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

മാസ്റ്ററിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലെറ്റ് മീ സിങ് എ കുട്ടി സ്റ്റോറി എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നത്. ദളപതി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.


Click it and Unblock the Notifications