അവതാരകന്‍ ചുംബിച്ചു: ഐയുടെ ഓഡിയോ പ്രകാശനം ചെയ്യാതെ അര്‍നോള്‍ഡ് മടങ്ങി
ഏറെ കൊട്ടിഘോഷിച്ചതായിരുന്നു വിക്രമിന്റെ 'ഐ' യുടെ ഓഡിയോ ലോഞ്ച്. എന്നാല്‍ തൊട്ടതെല്ലാം പൊല്ലാപ്പായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. 15 ന് നടന്ന ഓഡിയോ ലോഞ്ച് ആകെ അവതാളത്തിലായി. മുഖ്യാഥിതിയായ അര്‍നോള്‍ഡ് ഷ്വസ്‌നെഗര്‍ ഓഡിയോ പ്രകാശനം ചെയ്യാതെ മടങ്ങിപ്പോയി എന്നതാണ് ഏറ്റവും പ്രധാനം.
ഐ യിടെ ഓഡിയോ ലോഞ്ചിന് വേണ്ടിയാണ് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അര്‍നോള്‍ഡ് ആദ്യമായി ഇന്ത്യയിലെത്തിയത്. എന്നാല്‍ ചടങ്ങ് നിശ്ചയിച്ച സമയത്ത് നടക്കാത്തതും അവതാരകന്‍ മോശമായി പെരുമാറിയതും കാരണം കോപിതനായ അര്‍നോള്‍ഡ് ചടങ്ങ് തീരാന്‍ കാത്തുനില്‍ക്കാതെ മടങ്ങിയെന്നാണ് വാര്‍ത്തകള്‍. ആറ് മണിക്ക് ആരംഭിയ്ക്കുമെന്ന് പറഞ്ഞ ചടങ്ങ് രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. ഈ സമയത്ത് അര്‍നോള്‍ഡിനെ മറ്റൊരു മുറിയില്‍ ഇരുത്തുകയായിരുന്നു.

ചടങ്ങിനിടയില്‍ മറ്റ് കലാപരിപാടികള്‍ തുടങ്ങിയതുകൊണ്ട് പിന്നെയും വൈകി. ഇതൊക്കെ അര്‍നോള്‍ഡ് സഹിച്ചിരുന്നു. ഒടുവില്‍ ബോഡി ബില്‍ഡിങ് ഷോ നടക്കുന്നതിനിടെ അര്‍നോള്‍ഡിനെ അവതാരകന്‍ സംസാരിക്കാന്‍ അനുവദിക്കാത്തത് അദ്ദേഹത്തെ പ്രകോപിതനാക്കി. നിങ്ങള്‍ സംസാരിക്കേണ്ടത് ഇപ്പോഴല്ലെന്ന് പറഞ്ഞ് അവതാരകന്‍ ബോബി സിംഹ നടനെ തടഞ്ഞുവത്രെ. ഇത് കേട്ട് തനിക്കിഷ്ടമുള്ളപ്പോള്‍ സംസാരിക്കുമെന്ന് പറഞ്ഞ് ചുരുങ്ങിയ വാക്കുകള്‍ സംസാരിച്ച് അദ്ദേഹം വേദിവിട്ടത്രെ.
വേദിയില്‍ കയറി വന്നപ്പോള്‍ അവതാരകന്‍ ബോബി സിംഹ തന്നെ ചുംബിച്ചതും താരത്തിന് ഇഷ്ടമായില്ല. അതിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ തിരക്കുകൂട്ടിയതും അര്‍നോഡിനെ പിണക്കി. നിര്‍മാതാവായ ഓസ്‌കാര്‍ രവിചന്ദ്രന്റെ സഹോദരന്‍ ശ്രീധര്‍ താരത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രകാശന ചടങ്ങിന് പോലും നില്‍ക്കാതെ അര്‍നോള്‍ഡ് മടങ്ങി.
തെലുങ്ക് താരം റാണ ഡഗുബാട്ടി ചടങ്ങിന് എത്തിയിരുന്നില്ല. എന്നാല്‍ അവതാരക ചിന്മയി അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുകയും വരാത്തയാള്‍ക്ക് വിക്രം നന്ദി പ്രകടിപ്പിച്ചതും ആരാധകരുടെ വിമര്‍ശനത്തിനിടയാക്കി. ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്ത സുരേഷ് ഗോപിയുടെ അഭാവവും ശ്രദ്ധേയമായി.


Click it and Unblock the Notifications