'മരുമകളായെത്തിയപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഭയന്നു; വിശാലിന്റെ ചേട്ടനുമായുള്ള വിവാഹ ജീവിതം'
തെന്നിന്ത്യൻ സിനിമാരംഗത്ത് ഒരുപിടി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ച നടിയാണ് ശ്രിയ റെഡ്ഡി. 2006 ൽ പുറത്തിറങ്ങിയ തിമിരു എന്ന സിനിമയിലൂടെയാണ് ഇന്നും ശ്രിയ റെഡ്ഡിയെ പ്രേക്ഷകർ ഓർക്കുന്നത്. വലിയ ജനശ്രദ്ധ ഈ സിനിമയിലൂടെ ശ്രിയ റെഡ്ഡിക്ക് ലഭിച്ചു. മലയാളത്തിൽ ബ്ലാക്ക് എന്ന സിനിമയിലും ശ്രിയ റെഡ്ഡി അഭിനയിച്ചിട്ടുണ്ട്. നടൻ വിശാലായിരുന്നു തിമിരിൽ ശ്രിയ റെഡ്ഡിയുടെ നായകൻ. വിശാലിന്റെ സഹോദരൻ നിർമാതാവ് വിക്രം കൃഷ്ണയെയാണ് നടി വിവാഹം ചെയ്തത്. 2008 ലായിരുന്നു വിവാഹം.
വിവാഹശേഷം നടി അഭിനയ രംഗം വിട്ടു. വർഷങ്ങൾക്കിപ്പുറം നടി സിനിമാ രംഗത്തെക്ക് തിരിച്ചെത്തി. റിലീസിനൊരുങ്ങുന്ന സലാർ എന്ന സിനിമയിൽ ശ്രിയ പ്രധാന വേഷം ചെയ്യുന്നുണ്ട്. തന്റെ സിനിമാ, കുടുംബ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ശ്രിയയിപ്പോൾ. ഇന്ത്യാ ഗ്ലിറ്റ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
സിനിമകളിലെ സാധാരണ നായിക വേഷങ്ങൾ തനിക്ക് ഇഷ്ടമല്ലായിരുന്നു. മരം ചുറ്റി പ്രണയമൊന്നും എനിക്ക് പറ്റില്ല. പിങ്ക് വസ്ത്രങ്ങളൊന്നും എനിക്ക് ഇഷ്ടമേയല്ല. അത്തരം വേഷങ്ങളോ ക്യൂട്ടായി സംസാരിക്കുന്നതോ എന്റെ സിസ്റ്റത്തിലേ ഇല്ല. എനിക്ക് ആകെയുള്ള ഓപ്ഷൻ മികച്ച പ്രകടനം കാഴ്ച വെക്കുകയായിരുന്നു. തിമിര് ആണ് എന്റെ ആദ്യ തമിഴ് സിനിമ . ആ സിനിമ ചെയ്ത ശേഷം ഞാൻ വളരെ സന്തോഷത്തിലായിരുന്നു.

പക്ഷെ അതിന് ശേഷം എനിക്ക് വന്ന ആദ്യ ഓഫർ ഐറ്റം ഡാൻസാണ്. ഫോൺ വെക്ക്, എന്റെ മുന്നിൽ വന്നാൽ നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ലെന്ന് ഞാൻ മറുപടി നൽകി. ഞാനും സിനിമാ രംഗവും ഒത്തുപോകില്ലെന്ന് എനിക്ക് തോന്നി. തിമിര് ചെയ്യുന്ന സമയത്താണ് വിക്രം കൃഷ്ണയെ പരിചയപ്പെടുന്നത്. അദ്ദേഹത്തെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. അത് സ്വാഭാവികമായി സംഭവിച്ചതാണെന്നും ശ്രിയ റെഡ്ഡി വ്യക്തമാക്കി.
എനിക്ക് ഒരു റെഡ്ഡിയെ കല്യാണം കഴിക്കണമെന്നായിരുന്നു. ഭർത്താവ് റെഡ്ഡിയാണ്. കുടുംബത്തെയും അറിയാമായിരുന്നു. അങ്ങനെ വിവാഹം ചെയ്തു. വിവാഹശേഷം ഭർത്താവിന്റെയും കുടുംബത്തിന്റെ സിനിമകൾക്കാണ് പ്രധാന്യം ലഭിച്ചത്. ഞാൻ കരിയറിൽ നിന്ന് മാറി നിന്നു. പക്ഷെ ആ കാലഘട്ടവും ഞാൻ ആസ്വദിച്ചു.

യാത്രകൾ ചെയ്തു. പക്ഷെ ഇൻസ്റ്റഗ്രാമിലും മറ്റും തിമിരിലെ വേഷത്തെ പ്രശംസിച്ച് വരുന്ന പോസ്റ്റുകൾ എന്റെ മനസ് മാറ്റി. ദിവസേന ഇത്തരം പോസ്റ്റുകൾ എനിക്ക് വരും. അങ്ങനെയാണ് സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിച്ചത്. പക്ഷെ നല്ല കഥാപാത്രങ്ങൾ വന്നിരുന്നില്ലെന്നും ശ്രിയ റെഡ്ഡി പറയുന്നു. പണ്ട് സോഷ്യൽ മീഡിയയൊന്നും ഇല്ല. മാത്രമല്ല അന്ന് ഒരുപക്ഷെ എന്റെയടുത്ത് വന്ന് സംസാരിക്കാൻ പ്രേക്ഷകർ പേടിച്ചിരിക്കാം. ആ കഥാപാത്രത്തെ പോലെയാണ് ഞാനെന്ന് അന്ന് ചില അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിരുന്നു.
വിവാഹം ചെയ്യുമ്പോൾ ഭർത്താവിന്റെ വീട്ടുകാർക്ക് പേടിയുണ്ടായിരുന്നു. വിക്രം വട്ടുള്ള ഈ പെണ്ണിനെയാണോ കുടുംബത്തിലേക്ക് കൊണ്ട് വരുന്നതെന്ന് അവർ കരുതി. ഞാൻ വളരെ മോഡേൺ ഗേൾ ആണെന്നാണ് അവർ കരുതിയത്. ഞാൻ എങ്ങനെയുള്ള മരുമകൾ ആയിരിക്കുമെന്ന് ഭർത്താവിന്റെ കുടുംബം ആശങ്കപ്പെട്ടു.
പക്ഷെ ഒരു ഗുണമെന്തെന്നാൽ അവർക്ക് എന്റെ കുടുംബത്തെക്കുറിച്ച് അറിയാമായിരുന്നു. ഭർതൃപിതാവ് എന്നെ പിന്തുണച്ചു. നീ നല്ല നടിയാണ്, അഭിനയിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ഇപ്പോൾ അമ്മയായിമ്മ എന്റെ സുഹൃത്തിനെ പോലെയാണ് . എനിക്കൊരു പെൺകുട്ടിയുണ്ടായിരുന്നെങ്കിൽ അത് നീയായിരുന്നേനെ എന്ന് അവർ എപ്പോഴും പറയുമെന്നും ശ്രിയ റെഡ്ഡി വ്യക്തമാക്കി.


Click it and Unblock the Notifications











