അമലയോട് പ്രണയം തോന്നിയ രഘുവരൻ; നടിയോട് പറഞ്ഞപ്പോഴുള്ള പ്രതികരണം; അന്ന് നടന്നത്
വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും നടൻ രഘുവരൻ ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. വ്യത്യസ്തമായ അഭിനയ ശൈലിയും സംസാര രീതിയുമാണ് രഘുവരൻ എന്ന നടനെ വേറിട്ട് നിർത്തിയത്. അഭിനയിച്ച എല്ലാ ഭാഷകളിലും രഘുവരനെ തേടി ശ്രദ്ധേയ കഥാപാത്രങ്ങൾ വന്നു. 200 ലേറെ സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി സിനിമകളിൽ രഘുവരൻ വേഷമിട്ടു. കരിയറിൽ നേട്ടങ്ങളുണ്ടായപ്പോഴും രഘുവരന്റെ ജീവിതം ഉയർച്ച താഴ്ചകൾ നേരിട്ടു.
കടുത്ത മദ്യപാനിയായിരുന്നു രഘുവരൻ. മദ്യമാണ് നടന്റെ ജീവിതം ഇല്ലാതാക്കിയത്. 2008 ലാണ് രഘുവരൻ മരിക്കുന്നത്. അമിതമായ മദ്യപാനം മൂലം ആരോഗ്യം മോശമായാണ് മരണം. അപ്രതീക്ഷിതമായ മരണം നടന്റെ കുടുംബത്തെ തളർത്തി. ആരാധകർക്കും സിനിമാ ലോകത്തും ഞെട്ടലായിരുന്നു ഈ മരണ വാർത്ത. നടി രോഹിണിയെയാണ് രഘുവരൻ വിവാഹം ചെയ്തത്. 1996 ൽ വിവാഹിതരായ ഇരുവരും 2004 ൽ വേർപിരിഞ്ഞു.

രഘുവരന്റെ മദ്യപാനമാണ് വിവാഹ ബന്ധത്തെ ബാധിച്ചതെന്ന് രോഹിണി തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം രഘുവരന്റെ ജീവിതം പഴയതിനേക്കാൾ താളം തെറ്റി. ഒരു നടന്റെ ജീവിതം ലഹരി ഇല്ലാതാക്കുന്നതെങ്ങനെയെന്ന് രഘുവരന്റെ ജീവിതം ചൂണ്ടിക്കാണിച്ച് ഇന്നും പലരും ഉദാഹരണം പറയാറുണ്ട്. രോഹിണിക്ക് മുമ്പ് രഘുവരന് ഇഷ്ടം തോന്നിയ നടിയാണ് അമല അക്കിനേനി. ഇരുവരും ഒരുമിച്ച് 'കൂട്ടുപ്പുഴുക്കൾ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1987ൽ പുറത്തിറങ്ങിയ സിനിമ അന്ന് നിരൂപക പ്രശംസ നേടി. സിനിമയുടെ ഷൂട്ടിംഗിനിടെ അമലയോട് രഘുവരന് പ്രണയം തോന്നി. നടിയെ പ്രൊപ്പോസും ചെയ്തു. എന്നാൽ ഈ പ്രണയാഭ്യർത്ഥന അമല നിരസിച്ചു. രഘുവരനെ ഇത് വലിയ നിരാശയിലാക്കി. നടൻ നാഗാർജുനയെയാണ് അമല പ്രണയിച്ചത്. 1992 ൽ നടനെ വിവാഹവും ചെയ്തു.

രഘുവരന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന രോഹിണിക്ക് പക്ഷെ നാല് വർഷത്തിനുള്ളിൽ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. രഘുവരനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് അടുത്തിടെ രോഹിണി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തെ പൂർണമായും തനിക്ക് പോലും പറ്റിയിട്ടില്ല. അതിൽ തനിക്കിന്നും വിഷമം ഉണ്ട്. കുറച്ച് കാലം മാത്രമാണ് ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നത്. ഒരു ആരാധികയായാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്ന് ചെന്നത്.
അഭിനയത്തിലേക്ക് പൂർണ ശ്രദ്ധ നൽകിയ നടൻ തന്റെ ആരോഗ്യം നോക്കിയിരുന്നില്ല. രാവിലെ ഒരു സീൻ തുടങ്ങിയാൽ ആ സീൻ അവസാനിക്കുന്നത് വരെ ഭക്ഷണം കഴിക്കില്ല. ഡയബറ്റിസും അൾസറും ഉണ്ടായിട്ടും അതൊന്നും ഗൗനിച്ചില്ല. എന്നാൽ അതൊന്നും ഗൗനിക്കാതെ ചായ മാത്രം കുടിച്ച് സിഗരറ്റ് വലിച്ചിരിക്കും. ഭക്ഷണം കഴിച്ചാൽ പിന്നെ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലാൻ പറ്റില്ലെന്നാണ് രഘുവരൻ പറഞ്ഞിരുന്നതെന്നും രോഹിണി വ്യക്തമാക്കി.
ഋഷിവരൻ എന്നാണ് രോഹിണിക്കും രഘുവരനും പിറന്ന മകന്റെ പേര്.
ഒന്നിലേറെ സിനിമകൾ കമ്മിറ്റ് ചെയ്തിരിക്കെയാണ് രഘുവരന്റെ അപ്രതീക്ഷിത മരണം. കന്തസ്വാമി ഉൾപ്പെടെയുള്ള സിനിമകളിൽ നടനെയാണ് ആദ്യം കാസ്റ്റ് ചെയ്തത്. മരണത്തോടെ പകരം നടൻ ആശിഷ് വിദ്യാർഥിയെ അഭിനയിപ്പിച്ചു. മാന്ത്രികം, സൂര്യമാനസം, കിഴക്കൻ പത്രോസ്, ദൈവത്തിന്റെ വികൃതികൾ, അദ്ദേഹം എന്ന ഇദ്ദേഹം തുടങ്ങിയവയാണ് രഘുവരൻ അഭിനയിച്ച മലയാള സിനിമകൾ. പാലക്കാടാണ് രഘുവരൻ ജനിച്ച് വളർന്നത്. അച്ഛൻ എൻആർ വേലായുധൻ നായർ മലയാളിയാണ്. അമ്മ കസ്തൂരി തമിഴ്നാട്ടുകാരിയും.


Click it and Unblock the Notifications