കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
തെന്നിന്ത്യൻ സിനിമാ രംഗത്തെ രണ്ട് താര സുന്ദരികളാണ് നയൻതാരയും തൃഷയും. രണ്ട് പതിറ്റാണ്ടായി കരിയറിൽ മുൻനിരയിൽ തുടരുന്ന രണ്ട് പേർക്കും സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകുന്നുണ്ട്. ഏകദേശം ഒരേ കാലഘട്ടത്തിലാണ് ഇരുവരും സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. സൂപ്പർസ്റ്റാറുകളുടെ നായികയായി ഇരുവർക്കും നിരവധി അവസരങ്ങൾ തുടരെ ലഭിച്ചു. കരിയറിലെ ഉയർച്ചയും താഴ്ചയും ഒരുപോലെ കണ്ടവരാണ് നയൻതാരയും തൃഷയും.
ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും ഒരു വർഷത്തോളം നയൻതാര മാറി നിന്നിട്ടുണ്ട്. വ്യക്തി ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ കാരണമാണ് നടി സിനിമകളിൽ നിന്നും മാറി നിന്നത്. താര റാണിയായിരുന്ന തൃഷയ്ക്കും ഒരു ഘട്ടത്തിൽ വീഴ്ച സംഭവിച്ചു. ഉത്തരേന്ത്യൻ നടിമാരുടെ കടന്ന് വരവോടെ തൃഷയുടെ അവസരങ്ങൾ കുറഞ്ഞു.

ഒരു ഘട്ടത്തിൽ നടിയുടെ മുൻനിര നായികാ സ്ഥാനവും നഷ്ടപ്പെട്ടു. എന്നാൽ പ്രതിസന്ധികളെയെല്ലാം അതി ജീവി്ച് കരിയറിൽ ശക്തമായി തിരിച്ച് വരാൻ തൃഷയ്ക്കും നയൻതാരയ്ക്കും സാധിച്ചു. ഇന്ന് ഇവർക്ക് തമിഴകത്തുള്ള താരമൂല്യവും അനുഭവ സമ്പത്തും വെല്ലാൻ മറ്റൊരു നടിയില്ല. തൃഷയെക്കുറിച്ചുള്ള പുതിയൊരു വിവരമാണിപ്പോൾ പുറത്ത് വരുന്നത്.
പൊന്നിയിൻ സെൽവൻ, ലിയോ എന്നീ സിനിമകളുടെ വിജയത്തോടെ മാർക്കറ്റ് മൂല്യം കൂടിയ തൃഷ പ്രതിഫലം കൂട്ടിയതായാണ് സൂചന.
കമൽഹാസനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രം തഗ് ലൈഫിനായി പത്ത് കോടിക്ക് മുകളിലാണ് തൃഷയുടെ പ്രതിഫലമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. പ്രതിഫലത്തിൽ നയൻതാരയെ വെല്ലാൻ കുതിക്കുകയാണ് തൃഷയെന്ന് ആരാധകർ പറയുന്നു.

നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി നയൻതാരയാണ്. അഞ്ച് കോടിക്കും പത്ത് കോടിക്കുമിടയിലാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ പ്രതിഫലം. എന്നാൽ അടുത്ത കാലത്തായി നയൻതാരയുടെ ഗ്രാഫിൽ ചെറിയ ഇടിവ് വന്നിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ താരത്തിന്റെ ഒരു സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല. ജവാൻ എന്ന സിനിമ ഹിറ്റായെങ്കിലും നടിക്ക് ഈ ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
അമ്മയായ ശേഷം കരിയറും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ട് പോകുകയാണ് നയൻതാര. എന്നാൽ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്ത് തുടങ്ങിയത് മുതൽ നടിക്ക് ഹിറ്റ് സിനിമകളില്ല. മലയാളത്തിൽ അവസാനമായി ചെയ്ത ഗോൾഡ് എന്ന സിനിമയും പരാജയപ്പെട്ടു. കരിയറിലെ നിലവിലെ സാഹചര്യത്തിൽ ഒരു ഹിറ്റ് സിനിമ നടിക്ക് അനിവാര്യമാണ്. മറുവശത്ത് തൃഷ തുടരെ ഹിറ്റ് സിനിമകളുമായി മുന്നേറുകയാണ്.
തഗ് ലൈഫ്, ഐഡന്റിറ്റി, റാം തുടങ്ങിയ സിനിമകളാണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ളത്. നയൻതാരയും തൃഷയും തമ്മിൽ മത്സരമുണ്ടെന്ന് ഏറെക്കാലമായി സിനിമാ ലോകത്ത് സംസാരമുണ്ട്. എന്നാൽ മത്സരമോ പ്രശ്നങ്ങളോ തങ്ങൾ തമ്മിലില്ലെന്ന് തൃഷ വ്യക്തമാക്കിയിട്ടുണ്ട്. നയൻതാര അടുത്ത സുഹൃത്തല്ല, വല്ലപ്പോഴുമേ കാണാറുള്ളൂ. കാണുമ്പോൾ സിനിമകളെക്കുറിച്ച് സംസാരിക്കാറില്ലെന്നും തൃഷ വ്യക്തമാക്കി.


Click it and Unblock the Notifications