നയൻതാരയ്ക്കൊപ്പം തൃഷയുടെ സിനിമ കാണാൻ പോയപ്പോൾ; അവർ തമ്മിലുള്ള ബന്ധം; ഡിഡിയുടെ വാക്കുകൾ
തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണിമാരാണ് നയൻതാരയും തൃഷയും. നയൻതാരയെ ലേഡി സൂപ്പർസ്റ്റാറായി വാഴ്ത്തുമ്പോൾ തൃഷയെ സൗത്ത് ക്യൂൻ എന്നാണ് ആരാധകർ വിളിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തിലാണ് തൃഷയും നയൻതാരയും തമിഴകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പർസ്റ്റാറുകളുടെ നായികയായി രണ്ട് പേരും തിളങ്ങി. വിജയ്, അജിത്ത്, സൂര്യ തുടങ്ങി തമിഴിലെ മുൻ നിര നായകൻമാർക്കൊപ്പം ഇരുവരും അഭിനയിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി തൃഷയും നയൻതാരയും കരിയറിൽ തുടരുകയാണ്.
തമിഴകത്ത് ഇത്രയും കാലം താരപദവിയോടെ നായിക നിരയിൽ തുടരാൻ കഴിഞ്ഞ മറ്റൊരു നടിയുമില്ല. ഇരുവർക്കും സിനിമാ ലോകത്ത് ഇന്ന് ലഭിക്കുന്ന അംഗീകാരങ്ങൾക്ക് കാരണവും ഇത് തന്നെയാണ്. തൃഷയും നയൻതാരയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സിനിമാ ലോകത്ത് ഒന്നിലേറെ തവണ അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്. ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു തൃഷയും നയൻതാരയും. പാർട്ടികളിലും മറ്റും ഇരുവരെയും ഒന്നിച്ച് കണ്ടിട്ടുമുണ്ട്. എന്നാൽ പിന്നീട് ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തെന്ന് സംസാരമുണ്ടായി.

കുരുവി എന്ന സിനിമയിൽ നയൻതാരയ്ക്ക് പകരം തൃഷ നായികയായതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നായിരുന്നു പുറത്ത് വന്ന വാർത്ത. പിന്നീട് കുറച്ച് വർഷങ്ങൾക്കിപ്പുറം തൃഷ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ അല്ലായിരുന്നെന്ന് തൃഷ പറഞ്ഞു. പ്രശ്നങ്ങൾ പറഞ്ഞ് തീർത്തതായി ഇരുവരും വ്യക്തമാക്കുകയുമുണ്ടായി. അടുത്ത കാലത്തൊന്നും തൃഷയെയും നയൻതാരയെയും ഒരുമിച്ച് പൊതുവേദികളിൽ കണ്ടിട്ടില്ല. ഇത് പല അഭ്യൂഹങ്ങൾക്കും ഇട വരുത്തി.
ഇരുവരും തമ്മിൽ മത്സരമുണ്ടെന്നാണ് സിനിമാ ലോകത്തെ അടക്കം പറച്ചിൽ. നയൻതാരയെ ആദ്യം പരിഗണിച്ച പല സിനിമകളും ഇന്ന് തൃഷയിലേക്ക് എത്തുന്നുണ്ട്. പൊന്നിയിൻ സെൽവന് ശേഷം നടിയുടെ താരമൂല്യം ഉയർന്നതാണ് ഇതിന് കാരണം. തൃഷയെയും നയൻതാരയെയും കുറിച്ച് തമിഴകത്തെ പ്രമുഖ അവതാരക ദിവ്യദർശിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഡിഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ദിവ്യ ദർശിനി നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും അടുത്ത സുഹൃത്താണ്. ഇരുവർക്കുമൊപ്പം തൃഷയുടെ 96 എന്ന സിനിമ കാണാൻ പോയപ്പോഴുള്ള അനുഭവമാണ് ഡിഡി പങ്കുവെച്ചത്. ആര് നന്നായി പെർഫോം ചെയ്താലും നയൻതാര പ്രശംസിക്കുമെന്ന് ഡിഡി അന്ന് ചൂണ്ടിക്കാട്ടി. തൃഷയെയും എനിക്ക് അടുത്തറിയാം. അവർക്ക് പരസ്പരം ഒരുപാട് ബഹുമാനമുണ്ട്.
ഒറ്റയ്ക്ക് ഞാനവരെ കാണുമ്പോൾ അവൾ നന്നായിരിക്കുന്നോ എന്ന് നയൻതാരയും നയൻതാര നന്നായിരിക്കുന്നോ എന്ന് തൃഷയും ചോദിക്കും. 96 ൽ തൃഷയുടെ പെർഫോമൻസ് കണ്ട് എല്ലാവരും ഹാപ്പിയായിരുന്നു. എല്ലാവർക്കും ഒരുമിച്ചാണ് കരിയറിൽ വളരാൻ സാധിക്കൂയെന്നും ഡിഡി ചൂണ്ടിക്കാട്ടി. അണിയറയിൽ ഒരുങ്ങുന്ന കമൽ ഹാസൻ ചിത്രത്തിൽ തൃഷയാണ് നായിക. മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയിൽ റിപ്പോർട്ടുകൾ പ്രകാരം നയൻതാരയെയാണ് ആദ്യം നായികയായി പരിഗണിച്ചിരുന്നത്.
എന്നാൽ നടി 12 കോടി രൂപ പ്രതിഫലം ചോദിച്ചതോടെ പകരം തൃഷ എത്തുകയായിരുന്നെന്ന് തമിഴ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒടുവിൽ പുറത്തിറങ്ങിയ അന്നപൂരണി മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം കാരണം വിവാദത്തിലകപ്പെട്ടിരുന്നു. മലയാളത്തിൽ ഗോൾഡ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











